തൊടുപുഴ: തിരഞ്ഞെടുപ്പ് തിരശ്ശീല ഉയര്‍ന്നപ്പോഴുള്ളതുപോലെയല്ല ഇടുക്കിയിലെ പോരാട്ടത്തിന്റെ രണ്ടാംപകുതി. സ്ഥാനാര്‍ഥി താരങ്ങളെല്ലാം കട്ടയ്ക്ക് അഭിനയിച്ചുകയറുമ്പോള്‍ ആര്‍ക്ക് ജനം കൈയടിക്കുമെന്ന കാര്യത്തില്‍ പല മണ്ഡലത്തിലും ഇപ്പോള്‍ ഉറപ്പില്ല. പോര് മുറുകിയതോടെ സ്ഥാനാര്‍ഥികള്‍ ശാന്തഭാവം കൈവിട്ട അവസ്ഥയിലാണ്. മൂന്നണികള്‍ തമ്മിലുള്ള 'രൗദ്രം' നിറഞ്ഞ വാക്പോരും വോട്ടര്‍മാരെ കാണുമ്പോഴുള്ള 'കരുണ'യും ഏത് മലയും കയറിച്ചെന്ന് വോട്ടുചോദിക്കുന്ന 'വീരവും' പരസ്പരം പരിഹസിക്കുന്ന 'ഹാസ്യ'വുമെല്ലാം പ്രചാരണത്തിലെ രണ്ടാം പകുതി കൂടുതല്‍ ത്രില്ലിങ്ങാവുകയാണ്. ഇതിനിടെ ഭയാനകമായ ചില പ്രസ്താവനകളുണ്ടായെങ്കിലും 'ശാന്ത'ത കൈവിടാത്ത മാപ്പ് പറച്ചിലിലൂടെ അതിന് ക്ലൈമാക്‌സായി.

തൊടുപുഴയിലെ നായകര്‍ പിന്നണിയില്‍

തിരശ്ശീലയില്‍ പ്രചാരണപടം നന്നായി ഓടുന്നുണ്ടെങ്കിലും നായകര്‍ പിന്നണിയിലായിപ്പോയതാണ് തൊടുപുഴയിലെ രണ്ടാം പകുതിയിലെ ട്വിസ്റ്റ്. ആദ്യപകുതിയില്‍ നിറഞ്ഞുകളിച്ച എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.ഐ.ആന്റണി കോവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ പോകേണ്ടിവന്നു. പക്ഷേ, മുന്‍നിശ്ചയിച്ച യോഗങ്ങളിലെല്ലാം വെര്‍ച്വല്‍ യോഗങ്ങളിലൂടെ തന്റെ സാന്നിധ്യമറിയിക്കുന്നുണ്ട് അദ്ദേഹം. കോവിഡ് ചികിത്സയ്ക്കുശേഷം ജോസഫ് കളത്തിലിറങ്ങിയെങ്കിലും അവസാന നിമിഷം എല്ലായിടത്തും ഓടിയെത്താനാകാത്ത സ്ഥിതിയാണ്. എങ്കിലും പരമാവധി പ്രയത്‌നിക്കുന്നുണ്ട്. പിന്നണിയിലിരുന്നും പ്രചാരണം സജീവമാക്കുകയാണ് അദ്ദേഹം. കൂടുതല്‍ കരുത്തേകാന്‍ രമേശ് ചെന്നിത്തല വീണ്ടും തൊടുപുഴയിലേക്ക് എത്തുകയാണ്. തൊടുപുഴയിലെ പ്രചാരണ സ്‌ക്രീനില്‍ അവസാന നിമിഷം നിറഞ്ഞുനില്‍ക്കുന്നത് എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.ശ്യാംരാജാണ്.

മാറുമോ മൂന്നിടങ്ങളിലെ ക്ലൈമാക്‌സ്

ആദ്യ പകുതിയില്‍ പിന്നിട്ട് നിന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്റെ രണ്ടാം പകുതിയില്‍ പകര്‍ന്നാടിയതോടെ ഇടുക്കി, പീരുമേട്, ദേവികുളം മണ്ഡലങ്ങളിലെ ക്ലൈമാക്സ് എന്താകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തതായി. ആദ്യഘട്ടത്തില്‍ പീരുമേട് പൊട്ടിത്തെറിയും ചീറ്റലുമൊക്കെയുണ്ടായെങ്കിലും അതൊക്കെ പതിയെ 'സീന്‍ ഔട്ടായി'. യു.ഡി.എഫ്. സ്ഥാനാര്‍ഥി സിറിയക് തോമസ് തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. പ്രചാരണത്തില്‍ ആദ്യമുണ്ടായിരുന്ന മുന്‍തൂക്കം മുതലെടുത്ത് ചിട്ടയോടെയാണ് വാഴൂര്‍ സോമന്റെ പ്രചാരണം. കേരള കോണ്‍ഗ്രസുകാര്‍ അരങ്ങിലെത്തുന്ന ഇടുക്കിയില്‍ റോഷിയും ഫ്രാന്‍സിസ് ജോര്‍ജും ഇഞ്ചോടിഞ്ച് മത്സരമാണ്. രണ്ടാം പകുതിയിലും പ്രചാരണരംഗത്ത് ആര് മുന്നില്‍ ആര് പിന്നിലെന്ന് പറയാനാകാത്ത സ്ഥിതിയാണ്. ദേവികുളത്തും സമാനമായ സ്ഥിതിയാണ്. തോട്ടം മേഖലയ്ക്ക് ഒരേപോലെ പരിചിതരായ രാജയും കുമാറും ആ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചാണ് വോട്ടുതേടുന്നത്. എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ. ശക്തമായ സാന്നിധ്യമാണ്. പ്രചാരണരംഗത്ത് ഇരുമുന്നണികള്‍ക്കും ഒപ്പമുണ്ട് അവരും.

അതിഥി താരങ്ങളായി രാഹുലും ബൃന്ദയും നദ്ദയും

ഈ തിരഞ്ഞെടുപ്പ് പടത്തിന് ഉദ്വേഗമുണ്ടാക്കിയത് ചില അതിഥി താരങ്ങളുടെ കടന്നുവരവോടെയാണ്. സന്ദര്‍ശന പട്ടികയില്‍ ഇടുക്കിയുടെ പേര് ആദ്യമില്ലായിരുന്നെങ്കിലും നേതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് രാഹുല്‍ പ്രചാരണത്തിനെത്തിയത് ഗുണകരമാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. ദേശീയ നേതാവ് ബൃന്ദാകാരാട്ട് പ്രചാരണത്തിനെത്തിയത് ഇടതുപക്ഷത്തെയും തെല്ലൊന്നുമല്ല കോരിത്തരിപ്പിച്ചത്. തൊടുപുഴയില്‍ നടന്ന യോഗത്തിനെത്തിയ പ്രവര്‍ത്തകരെ കണ്ട് നേതാക്കളുടെപോലും കണ്ണുതള്ളി. ഇതിനിടെ ദേശീയാധ്യക്ഷനെതന്നെ താരപ്രചാരകനായി എത്തിച്ച് എന്‍.ഡി.എ.യും കട്ടയ്ക്ക് പിടിച്ചു. അഞ്ച് സ്ഥാനാര്‍ഥികള്‍ക്കുംവേണ്ടി തൊടുപുഴയില്‍ അദ്ദേഹം നടത്തിയ പ്രസംഗം അവരുടെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ കെ.ഇ.ഇസ്മയില്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.എ.ബേബി എന്നിവരും തിരഞ്ഞെടുപ്പ് ചിത്രത്തില്‍ അതിഥിതാരങ്ങളായെത്തി.

ഇതാ ഒരു മുട്ടന്‍ വെല്ലുവിളി

ഉടുമ്പന്‍ചോലയില്‍ കാര്യങ്ങളെല്ലാം എം.എം.മണിക്ക് അനുകൂലമാണെന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ടെങ്കിലും ഒരൊറ്റ വെല്ലുവിളിയിലൂടെ അവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം.ആഗസ്തി. മണിയാശാന്‍ ജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. മണ്ഡലത്തില്‍ ശക്തമായ അടിയൊഴുക്കുകള്‍ നടക്കുന്നതിന്റെ സൂചനയാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. എന്നാല്‍, വിജയം മണിക്കൊപ്പം തന്നെയായിരിക്കുമെന്നാണ് എല്‍.ഡി.എഫ്. പറയുന്നത്.

വിവാദ 'സീന്‍'

ഇടുക്കിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഏറ്റവുമധികം ചൂടിപിടിപ്പിച്ച സീന്‍ ഇരട്ടയാറിലെ എം.എം.മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലേതായിരുന്നു. രാഹുല്‍ഗാന്ധിക്കെതിരേ മുന്‍ എം.പി. ജോയ്സ് ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശവും പിന്നാലെയുള്ള മാപ്പുമെല്ലാം കേരളമാകെ ചര്‍ച്ചയായി.

content highlights: idukki election campaign 2021