2016 തിരഞ്ഞെടുപ്പ്
- റോഷി അഗസ്റ്റിന്‍(യു.ഡി.എഫ്.)60556, ഭൂരിപക്ഷം-9333
- ഫ്രാന്‍സിസ് ജോര്‍ജ്(എല്‍.ഡി.എഫ്.)51223
- ബിജു മാധവന്‍(എന്‍.ഡി.എ.)27403
മാങ്കുളം: ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ വിചിത്രമാണ് കാര്യങ്ങള്‍. കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാര്‍ഥികള്‍തന്നെ ഇത്തവണ വീണ്ടും രംഗത്തു വരാനാണ് സാധ്യത. പക്ഷെ അത് മുന്നണികള്‍ മാറിയായിരിക്കും എന്നതാണ് ഇത്തവണത്തെ പ്രത്യേകത. യു.ഡി.എഫിന് വേണ്ടി മത്സരിച്ചു ജയിച്ച റോഷി അഗസ്റ്റിന്‍ എല്‍.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങുമ്പോള്‍ കഴിഞ്ഞതവണ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി ആയിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് യു.ഡി.എഫ്.സ്ഥാനാര്‍ഥി ആവുമെന്നാണ് പറയുന്നത്.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാവായ റോഷിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. 1977-ല്‍ നിലവില്‍വന്ന ഇടുക്കി മണ്ഡലത്തില്‍ കുടയത്തൂര്‍, അറക്കുളം, വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി, കൊന്നത്തടി, കഞ്ഞിക്കുഴി, കാഞ്ചിയാര്‍, കാമാക്ഷി പഞ്ചായത്തുകളും കട്ടപ്പന നഗരസഭയുമാണ് വരുന്നത്. 2001 മുതല്‍ റോഷി അഗസ്റ്റിന്‍ ആണ് മണ്ഡലത്തിന്റെ എം.എല്‍.എ. ഇത് അഞ്ചാംവട്ടമാണ് റോഷി മത്സരിക്കാന്‍ ഒരുങ്ങുന്നത്. 2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായ മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജിനെ 9,333 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പിന്നീട് ഫ്രാന്‍സിസ് ജോര്‍ജ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു.
2001-ല്‍ 13,719 ആയിരുന്നു റോഷിയുടെ ഭൂരിപക്ഷം. തുടര്‍ന്നുള്ള രണ്ട് തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം 16340, 15806 എന്നിങ്ങനെ ഭൂരിപക്ഷം നേടി. ഇതുവരെയുള്ളതില്‍ കുറഞ്ഞ ഭൂരിപക്ഷം 2016-ല്‍ ആണ്.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നോക്കുമ്പോള്‍ യു. ഡി.എഫിന് ചെറിയമേല്‍കൈ ഉണ്ടെങ്കിലും മണ്ഡലത്തില്‍ സുപരിചിതനായ റോഷിയെ തോല്‍പിക്കാന്‍ അതൊന്നും മതിയാവില്ല. പൊതുവെ യു.ഡി.എഫ്. മണ്ഡലമാണ് ഇടുക്കി.
ചരിത്രം
1977-ല്‍ ആദ്യ തിരഞ്ഞെടുപ്പില്‍ വി.ടി.സെബാസ്റ്റ്യന്‍ ആണ് ജയിച്ചത്. തുടര്‍ന്ന് ജോസ് കുറ്റിയാനി, റോസമ്മ ചാക്കോ, മാത്യു സ്റ്റീഫന്‍, പി.പി.സുലൈമാന്‍ റാവുത്തര്‍ എന്നിവരാണ് എം.എല്‍.എ.മാര്‍ ആയത്. 2001 മുതല്‍ റോഷി അഗസ്റ്റിനും. ഇതില്‍ സുലൈമാന്‍ റാവുത്തര്‍ ഒഴികെ എല്ലാവരും യു. ഡി.എഫ്. എം.എല്‍.എ.മാര്‍ ആണ്. യു.ഡി.എഫിന്റെ ഈ ആധിപത്യം തകര്‍ക്കാന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആയി വരുന്ന റോഷി അഗസ്റ്റിന് കഴിയുമോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാവായ റോഷി മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി. യു.ഡി.എഫില്‍ ഇടുക്കി സീറ്റിന് കോണ്‍ഗ്രസും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കിട്ടാനാണ് സാധ്യത. ഫ്രാന്‍സിസ് ജോര്‍ജിനെ കോതമംഗലം, മൂവാറ്റുപുഴ സീറ്റുകളിലും ജോസഫ് വിഭാഗം പരിഗണിക്കുന്നുണ്ട്. ഇത് നടന്നില്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍തന്നെ മത്സരിക്കും. അല്ലാത്തപക്ഷം മുന്‍ ജില്ലാ പഞ്ചായത്ത് അംഗം നോബിള്‍ ജോസഫിനായിരിക്കും സാധ്യത.
content highlights: idukki assembly seat, roshy looking for 5th term, francis george will be the udf candidate