ഇടുക്കി: ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനെതിരേ ഉദ്യോഗസ്ഥരുടെ പരാതി. നിരീക്ഷകനായ നരേഷ് കുമാര്‍ ബന്‍സാലിനെതിരെയാണ് ഇദ്ദേഹത്തിന്റെ കീഴില്‍ ജോലിചെയ്യുന്ന 42 ഉദ്യോഗസ്ഥര്‍ ഒപ്പിട്ട പരാതി നല്‍കിയിരിക്കുന്നത്. നിരീക്ഷകനായ നരേഷ് കുമാര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും സൗജന്യങ്ങള്‍ കൈപ്പറ്റുന്നതായുമാണ് പ്രധാന ആരോപണം. 

ചില കടകളില്‍ പോയി നിരീക്ഷകന്‍ വിലകൂടിയ സാധനങ്ങള്‍ വാങ്ങി പണം നല്‍കാറില്ല. തുടര്‍ന്ന് കീഴുദ്യോഗസ്ഥര്‍ ഇതിന്റെ പണം നല്‍കാന്‍ നിര്‍ബന്ധിതാരാവുകയാണ്. സ്ഥാനാര്‍ഥികളെയും പോളിങ് ഏജന്റുമാരെയും ഭീഷണിപ്പെടുത്തുന്നു. കീഴുദ്യോഗസ്ഥരോട് ഷൂ പോളിഷ് ചെയ്തുതരാന്‍ പലതവണ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി സംസാരിക്കുന്നു. വീഡിയോ നിരീക്ഷണ സംഘത്തിന്റെ വാഹനം നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങി കുടുംബസമേതം മധുരയിലേക്ക് ഉല്ലാസയാത്ര നടത്തി. ഗസ്റ്റ്ഹൗസിലെ താമസസൗകര്യം പോരെന്നും സ്വകാര്യ ഹോട്ടലിലേക്ക് താമസം മാറ്റണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി തുടങ്ങിയവയാണ് പരാതിയിലെ ആരോപണങ്ങള്‍. 

നരേഷ് കുമാര്‍ ബന്‍സാലിന് കീഴില്‍ ജോലിചെയ്യുന്ന 42 ഉദ്യോഗസ്ഥര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ് പരാതി നല്‍കിയത്.

അതേസമയം, പരാതി രമ്യമായി പരിഹരിച്ചിരുന്നെന്ന് സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടർ പ്രതികരിച്ചു.

Content Highlights: government officials given complaint against election observer in devikulam and udumbanchola