മൂന്നാര്‍: തിരഞ്ഞെടുപ്പ് ചൂട് പിടിക്കും മുന്‍പേ ദേവികുളത്ത് ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ഇവിടെ സ്ഥാനാര്‍ഥിയാകാന്‍ എല്‍.ഡി.എഫിലും യു.ഡി.എഫിലും മൂന്നിലധികം പേര്‍ ഇപ്പോള്‍ത്തന്നെ രംഗത്തുണ്ട്. അത്തവണ പുതുമുഖങ്ങളെ മത്സരിപ്പക്കണമെന്ന ആവശ്യം ഇരുമുന്നണികളിലും ഉയരുന്നുണ്ട്.
30 വര്‍ഷം,രണ്ട് എം.എല്‍.എ.മാര്‍
1957 മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. എല്‍.ഡി.എഫിനും യു.ഡി.എഫിനും ശക്തമായ വേരോട്ടമുണ്ട്. തോട്ടം മേഖലയിലെ പള്ളര്‍, പറയര്‍ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടുത്തെ വിജയം നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍പ്പെട്ടവരേയാണ് കാലങ്ങളായി ഇരുമുന്നണികളും സ്ഥാനാര്‍ഥികളാക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ എ.കെ. മണിയും സി.പി.എമ്മിന്റെ എസ്. രാജേന്ദ്രനും മാത്രമാണ് ഇവിടെ എം.എല്‍.എ.മാരായിട്ടുള്ളത്. ആദ്യ 15 വര്‍ഷം എ.കെ.മണിയും 2005 മുതല്‍ എസ്.രാജേന്ദ്രനും. അതുകൊണ്ട് തന്നെയാണ് ഇത്തവണ പുതുമുഖങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യമുയരുന്നത്.
നിലനിര്‍ത്താന്‍ സി.പി.എം., തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്
ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എ.രാജ, ജില്ലാ കമ്മിറ്റിയംഗം ആര്‍. ഈശ്വരന്‍, മുന്‍ എം.എല്‍.എ. സുന്ദരമാണിക്യത്തിന്റെ മകന്‍ സ്റ്റാലിന്‍ എന്നിവരുടെ പേരുകള്‍ സി.പി.എം. പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ എ.രാജായ്ക്കാണ് നറുക്ക് വീഴാന്‍ സാധ്യത. രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സി.പി.എം തീരുമാനമുണ്ടെങ്കിലും സിറ്റിങ് എം.എല്‍.എ. എസ്.രാജേന്ദ്രന്‍ വീണ്ടും മത്സരിക്കാനായി രംഗത്തുണ്ട്.
കഴിഞ്ഞ ആറ് തവണയും കോണ്‍ഗ്രസ് നേതാവ് എ.കെ.മണിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. ആദ്യ മൂന്നുപ്രാവശ്യം വിജയിച്ചെങ്കിലും പിന്നെ മൂന്നുവട്ടം പരാജയം രുചിച്ചു. അദ്ദേഹം ഇത്തവണയും സ്ഥാനാര്‍ഥിയാകാന്‍ സജീവമായി രംഗത്തുണ്ട്.
എന്നാല്‍, ഇത്തവണ യു.ഡി.എഫ്.പുതുമുഖത്തെ പരിഗണിക്കാനാണ് സാധ്യത. ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആര്‍.രാജാറാം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അടിമാലി ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.കൃഷ്ണമൂര്‍ത്തി എന്നിവരാണ് പരിഗണനയിലുള്ളത്. തോട്ടം തൊഴിലാളിയായ ആര്‍.രാജാറാമിനെ കഴിഞ്ഞതവണ സ്ഥാനാര്‍ഥിയായി ആദ്യഘട്ടത്തില്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ടൗണില്‍ ഒരുവട്ടം പ്രചരണംവും നടത്തി. എന്നാല്‍, പിന്നീട് എ.കെ.മണിയെത്തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നുതവണയും കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് യു.ഡി.എഫ്. എന്നാല്‍. കഴിഞ്ഞ മൂന്നുതവണ വിജയിച്ച മണ്ഡലം നിലനിര്‍ത്തുമെന്ന ഉറപ്പിലാണ് എല്‍.ഡി.എഫ്.
content highlights: devikulam assembly seat; who will be the candidates