മൂന്നാര്‍: തോട്ടംമേഖല ഉള്‍പ്പെടുന്ന ദേവികുളം മണ്ഡലം ഇത്തവണയും എല്‍.ഡി.എഫിനൊപ്പം തന്നെ. എല്‍.ഡി.എഫിലെ അഡ്വ.രാജാ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യു.ഡി.എഫിലെ ഡി.കുമാറിനെ 7848 വോട്ടിനാണ് തോല്‍പ്പിച്ചത്. എന്‍.ഡി.എ.സ്ഥാനാര്‍ഥിയായി മത്സരിച്ച എ.ഐ.എ.ഡി.എം.കെ.യിലെ എസ്.ഗണേശന് 4717 വോട്ടുകള്‍ മാത്രമാണ് നേടാനായത്. തുടര്‍ച്ചയായ നാലാം തവണയാണ് ദേവികുളം മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിക്കുന്നത്.

കഴിഞ്ഞ തവണ എം.എല്‍.എയായിരുന്ന എസ്.രാജേന്ദ്രന്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എ.കെ. മണിയെ 5782 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ വിജയിച്ച എ.രാജാ ലീഡ് നില 7848-ആയി ഉയര്‍ത്തി. മറയൂര്‍, അടിമാലി പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത്.

മറയൂരില്‍ 717-ഉം അടിമാലിയില്‍ 288 വോട്ടുകളുമാണ് യു.ഡി.എഫിന് ലീഡ് ലഭിച്ചത്. മറ്റ് പഞ്ചായത്തുകളിലെല്ലാം എ.രാജായ്ക്കായിരുന്നു ലീഡ് ലഭിച്ചത്. തോട്ടം മേഖലകളായ മൂന്നാര്‍, ദേവികുളം എന്നീ പഞ്ചായത്തുകളിലും, വട്ടവട, ഇടമലക്കുടി എന്നീ പഞ്ചായത്തുകളിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജായ്ക്ക് 1552 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

തപാല്‍ വോട്ടിലും രാജാ തന്നെ

തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും ലീഡ് രാജായ്ക്ക് തന്നെ. ദേവികുളം മണ്ഡലത്തില്‍ ആകെ 1981 പോസ്റ്റല്‍ വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ എല്‍.ഡി.എഫിലെ രാജായ്ക്ക് 858-ഉം, യു.ഡി.എഫിലെ കുമാറിന് 773-ഉം, എന്‍.ഡി.എ.യിലെ ഗണേശന് 40 വോട്ടുകളുമാണ് ലഭിച്ചത്. 3 വോട്ടുകള്‍ നോട്ടയ്ക്കും ബാക്കി അസാധുവുമായി. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ 85 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാജായ്ക്ക് ലഭിച്ചത്.

എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫിലെ എ.രാജായുടെ സ്വന്തം ബൂത്തായ കുണ്ടള പുതുക്കടി 42-ാം നമ്പര്‍ ബൂത്തില്‍ ഡി. കുമാറിന് 66 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ആകെ പോള്‍ ചെയ്ത 359 വോട്ടുകളില്‍ കുമാറിന് 209-ഉം, രാജായ്ക്ക് 143 വോട്ടുകളുമാണ് ലഭിച്ചത്.

യു.ഡി.എഫ്.സ്ഥാനാര്‍ഥിയുടെ സ്വന്തം ബൂത്തായ പഴയ മൂന്നാറിലെ 70-ാം നമ്പര്‍ ബൂത്തില്‍ കുമാറിന് 40 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എ.യുമായിരുന്ന എ.കെ.മണി വോട്ടുചെയ്ത മൂന്നാര്‍ പഞ്ചായത്തിലെ 72-ാം ബൂത്തില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥി ഡി.കുമാറിന് 64 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.

content highlights: adv raja wins devikulam assembly seat