കൊച്ചി: എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായ തൃപ്പൂണിത്തുറ ഫലസൂചനകളിലും ആ ഖ്യാതി നിലനിര്‍ത്തി. അവസാന റൗണ്ട് വരെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന മണ്ഡലത്തില്‍ വെറും 204 വോട്ടുകള്‍ക്കാണ് മുന്‍ മന്ത്രി കെ. ബാബു സിറ്റിങ് എം.എല്‍.എ. എം. സ്വരാജിനെ തോല്‍പിച്ചത്. മണ്ഡലത്തില്‍ അഞ്ചു വട്ടം തുടര്‍ച്ചയായി ജയിച്ച ബാബുവിനെ അട്ടിമറിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വരാജ് നിയമസഭയില്‍ എത്തിയിരുന്നത്.

എന്‍.ഡി.എയ്ക്കും വേരോട്ടമുള്ള മണ്ഡലത്തില്‍ മുന്‍ പി.എസ്.സി. ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണനിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെയാണ് ബി.ജെ.പിയും രംഗത്തിറക്കിയത്. ശബരിമല വിഷയം വലിയ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ അതുകൊണ്ട് തന്നെ ത്രികോണ മത്സരമാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍, വോട്ടെണ്ണലില്‍ ആദ്യാവസാനം ബാബു - സ്വരാജ് പോരാട്ടമാണ് കാണാനായത്. ശബരിമല വിഷയത്തില്‍ ബി.ജെ.പി. വോട്ടുകള്‍ തനിയ്ക്ക് കിട്ടുമെന്ന കെ. ബാബുവിന്റെ വിവാദ പ്രസ്താവന ഏറെക്കുറെ ശരിയായി എന്നു തന്നെയാണ് ഫലം സൂചിപ്പിക്കുന്നത്. 

അവസാനം വരെ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഇടതു തരംഗം വീശിയ തിരഞ്ഞെടുപ്പിലെ തോല്‍വി സ്വരാജിനെയും സിപിഎമ്മിനെയും ഒരുപോലെ നിരാശയിലാഴ്ത്തും. ജയിച്ചാല്‍ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപെട്ടിരുന്ന ആളാണ് സ്വരാജ് എന്നതിനാല്‍ പ്രത്യേകിച്ചും. അതേസമയം, കളമശേരിയിലെ ലീഗിന്റെ സീറ്റ് പി. രാജീവിനോട് നഷ്ടപ്പെട്ട യു.ഡി.എഫിന് ജില്ലയില്‍ ഏറെ ആശ്വാസമേകുന്നതാണ് കെ. ബാബുവിന്റെ വിജയം.

Content Highlights: UDF Candidate K Babu Won in Tripunithura