കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ട്വന്റി-20യുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ മരുമകന്‍ ഡോ.ജോസ് ജോസഫും ട്വന്റി-20യുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കോതമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഡോ.ജോസ് ജോസഫ് മത്സരിക്കുക. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുകയായിരുന്നു ജോസ് ജോസഫ്.

കുന്നത്തുനാട് - ഡോ സുജിത്ത് പി സുരേന്ദ്രന്‍, പെരുമ്പാവൂര്‍ - ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ - സി എന്‍ പ്രകാശ്, വൈപ്പിന്‍ - ജോബ് ചക്കാലക്കല്‍ എന്നിവരും മത്സരിക്കും.

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ട്വന്റി-20യുടെ ഉപദേശക സമിതി ചെയര്‍മാനാകും. നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും ട്വന്റി-20യില്‍ ചേരും.