കൊച്ചി: തൃപ്പൂണിത്തുറയില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ട് വാഗ്ദാനം ചെയ്തുവെന്ന കെ ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് എം സ്വരാജ്.  25 വര്‍ഷം എംഎല്‍എ ആയി ഇരുന്നൊരാള്‍ ബിജെപി വോട്ടിന് പ്രതീക്ഷ വെക്കുന്നതിന്റെ അര്‍ഥം നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നതാണ്. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ ബാബു തോല്‍ക്കുമെന്നും എം സ്വരാജ് പ്രതികരിച്ചു. 

പല ബിജെപിക്കാരും തന്നോട് സംസാരിച്ചിട്ടുണ്ട്, ഇത്തവണ ബിജെപി വോട്ടും തനിക്ക് ലഭിക്കുമെന്നാണ് കെ ബാബു പറയുന്നത്. 25 വര്‍ഷം കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നൊരാള്‍ ബിജെപി വോട്ടില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിന്റെ കാരണം ജനങ്ങള്‍ തിരിച്ചറിയും. തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമ്പോള്‍ തന്നെ അദ്ദേഹം തോല്‍വി സമ്മതിച്ചിരിക്കുകയാണ്. നേരായ വഴിക്ക് വിജയിക്കാനാവില്ല, രാഷ്ട്രീയവും നയപരിപാടികളും വിശദീകരിച്ച് ജനങ്ങളെ സമീപിച്ചാല്‍ ഫലം ദയനീയമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ബിജെപി ബാന്ധവമേ രക്ഷയുളളൂ എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിയത്. 

കെ ബാബുവിന്റെ പരസ്യപ്രസ്താവനയോട് കോണ്‍ഗ്രസും ബിജെപിയും ജനങ്ങളോട് വിശദീകരിക്കണമെന്നും സ്വരജ് പറഞ്ഞു. 

തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്നായിരുന്നു കെ ബാബുവിന്റെ പ്രതികരണം. ബിജെപിയിലെ പലരും തന്നെ വിളിച്ചു സംസാരിച്ചു. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ഇത്തവണ തനിക്ക് വോട്ടുചെയ്യുമെന്ന് വാക്ക് നല്‍കിയെന്നുമാണ് കെ ബാബുവിന്റെ പ്രതികരണം.