കൊച്ചി: താന്‍ അപമാനിക്കപ്പെട്ടെന്ന്  മുസ്ലിംലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് മാറ്റിനിര്‍ത്തിയ മങ്കടയിലെ സിറ്റിങ് എംഎല്‍എ ടി.എ.അഹമ്മദ് കബീര്‍.

മാറിനില്‍ക്കേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. തന്നെ മാറ്റിനിര്‍ത്തേണ്ട ഒരു സാഹചര്യവും അവിടെ ഇല്ലായിരുന്നു. തനിക്ക് മനസ്സിലാകുന്നില്ല എന്തിനാണ് മാറ്റിനിര്‍ത്തിയതെന്നെന്നും കബീര്‍ പറഞ്ഞു.

അതേ സമയം പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുണ്ടെന്ന പറഞ്ഞ കബീര്‍ കളമശ്ശേരിയില്‍ മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് സംസ്ഥാന അധ്യക്ഷനെ വിളിച്ചറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇന്ന് മറ്റു നേതാക്കളേയും വിളിച്ച് അറിയിച്ചിട്ടുണ്ട്. അനുകൂലമായ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

പാര്‍ട്ടിക്ക് തുറന്ന സമീപനമാണ് ഉള്ളത്. വിജയസാധ്യത മുന്‍നിര്‍ത്തി പുനഃപരിശോധന നടത്താന്‍ സാധിക്കും. ഒരു മുതിര്‍ന്ന ആളാണ് പറയുന്നത്. അതുകൊണ്ട് തള്ളികളയുമെന്ന് പ്രതീക്ഷിക്കുന്നില്ല.

കളമശ്ശേരി എന്റെ നാടാണ്. അവിടെ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. മങ്കടയില്‍ എന്റെ പേര് വരാത്തതില്‍ ചെറിയൊരു അപമാനമുണ്ട്. പാര്‍ട്ടി തീരുമാനം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.

അതേ സമയം കളമശ്ശേരിയിലടക്കം കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട് കളമശ്ശേരിയില്‍ സിറ്റിങ് എംഎല്‍എ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.ഇ.ഗഫൂറിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.