കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ലീഗ് വിമതന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്. മട്ടാഞ്ചേരിയില്‍ നിര്‍ണായക സ്വാധീനമുള്ള കൗണ്‍സിലര്‍ ടി.കെ. അഷ്‌റഫാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടോണി ചമ്മണിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. കാല്‍നടയായി നടത്തിയ പ്രചാരണ ജാഥയില്‍ പ്രദേശത്തു നിന്ന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.

സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. മാക്‌സി മട്ടാഞ്ചേരിയെ അവഗണിച്ചതിനാലാണ് യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങിയതെന്ന് ടി.കെ.അഷ്‌റഫ് പറഞ്ഞു. പ്രദേശത്തെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുന്നത്. കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫിനുള്ള പിന്തുണ തല്‍ക്കാലം തുടരും. മാറ്റം വേണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കോര്‍പറേഷനിലെ രണ്ടാം ഡിവിഷനില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടി.കെ.അഷ്‌റഫ് മത്സരിച്ച് വിജയിച്ചത്. കോര്‍പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ അഷ്‌റഫ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു. നിലവില്‍ അഷ്‌റഫ്‌ പിന്തുണ പിന്‍വലിച്ചാലും ഭരണം നിലനിര്‍ത്താനുള്ളത്ര സ്വതന്ത്രരുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. എന്നാല്‍, പ്രതിപക്ഷവുമായുള്ള സീറ്റു വ്യത്യാസം കുറയുന്നത് ഭാവിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയേറ്റുമെന്നതാണ് എല്‍ഡിഎഫിനെ ആശങ്കപ്പെടുത്തുക.