കൊച്ചി: ചെറുപ്പക്കാര്‍ തമ്മിലുള്ള പോരാട്ടം കത്തിക്കയറിയതോടെ മൂവാറ്റുപുഴയില്‍ സ്ഥിതി പ്രവചനാതീതം. എങ്ങോട്ടു വേണമെങ്കിലും ചായുന്നതാണ് മണ്ഡലത്തിലെ പൊതുരാഷ്ട്രീയ സ്ഥിതി. ഇഞ്ചോടിഞ്ച് പോരിനൊടുവില്‍, മുന്നണികള്‍ വലിയ പ്രതീക്ഷയിലാണ്.

സിറ്റിങ് എം.എല്‍.എ. എല്‍ദോ എബ്രഹാം പതിനായിരം വോട്ടിനു വരെ ജയിക്കാമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ ഭൂരിപക്ഷം അത്രയാകുമെന്ന് ഇടതുപക്ഷം സ്വപ്നം കാണുന്നു. എം.എല്‍.എ.യോടുള്ള എതിര്‍പ്പുകള്‍ വോട്ടായി വീണിട്ടുണ്ടെന്നാണ് യു.ഡി.എഫ്. വിലയിരുത്തല്‍. സാമുദായിക വോട്ടുകള്‍ യു.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. അതുകൂടി കണക്കുകൂട്ടി മികച്ച ജയം കാത്തിരിക്കുകയാണ് യു.ഡി.എഫ്.

ഇരു മുന്നണികളുടെയും കണക്കുകള്‍ പൂര്‍ണമായും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല. അതിനാല്‍ പാളിപ്പോകാനും സാധ്യതയേറെ.

എല്‍.ഡി.എഫിന്റെ കണക്കുകള്‍

പായിപ്ര പഞ്ചായത്തില്‍നിന്നും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍നിന്നും കിട്ടുന്ന വലിയ ലീഡിന്റെ അടിസ്ഥാനത്തില്‍ ഇടതുമുന്നണി മുന്നേറ്റമുണ്ടാക്കും. സ്ഥാനാര്‍ഥിയുടെ സ്വന്തം പഞ്ചായത്തായ പായിപ്രയില്‍നിന്ന് മൂവായിരത്തിനുമേല്‍ ലീഡ് പ്രതീക്ഷിക്കുന്നു. കല്ലൂര്‍ക്കാട്, പാലക്കുഴ, മാറാടി പഞ്ചായത്തുകളില്‍ ഇടതുപക്ഷം വ്യക്തമായ ലീഡ് നിലനിര്‍ത്തും. വാളകത്തും ആയവനയിലും ഒപ്പത്തിനൊപ്പം പോകും. പൈങ്ങോട്ടൂര്‍, പോത്താനിക്കാട് പഞ്ചായത്തുകളില്‍ കുറഞ്ഞ വോട്ടിന് യു.ഡി.എഫ്. ലീഡ് ചെയ്‌തേക്കും. ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ എന്നിവിടങ്ങളില്‍ യു.ഡി.എഫിന്റെ ലീഡ് കുറയ്ക്കാന്‍ ട്വന്റി 20-യുടെ ഇടപെടല്‍ കൊണ്ടു സാധിക്കും. 12,000-ഓളം വോട്ടുവരെ ട്വന്റി-20 പിടിച്ചേക്കും.

സമുദായ വോട്ടുകളുടെ പിന്‍ബലത്തില്‍ ജയിക്കാനാകും. യാക്കോബായ, എസ്.എന്‍.ഡി.പി., കാത്തലിക് വോട്ടുകളുടെ കരുത്തില്‍ വിജയം ആവര്‍ത്തിക്കാം. സംസ്ഥാന സര്‍ക്കാരിനോട് സാധാരണക്കാരുടെ ഇടയില്‍ ഉണ്ടായ അനുഭാവം പരമ്പരാഗത വോട്ടുകളില്‍ മാറ്റമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം ബി.ജെ.പി. വോട്ടുകളില്‍ ഇടതുപക്ഷത്തിന് ആശങ്കയുണ്ട്. അത് യു.ഡി.എഫ്. പെട്ടിയില്‍ വീഴുമെന്ന ഭയം അവര്‍ക്കുണ്ട്. 'പര്‍ച്ചേസിങ്' എന്നാണ് അവര്‍ ആരോപിക്കുന്നത്.

യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍

പൈങ്ങോട്ടൂരില്‍ രണ്ടായിരം വരെ ലീഡെത്തും. പോത്താനിക്കാടും വ്യക്തമായ ലീഡ് നിലനിര്‍ത്തും. ആവോലിയിലും ആയിരത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടാകും. കല്ലൂര്‍ക്കാട്, പാലക്കുഴ, മാറാടി എന്നിവിടങ്ങളില്‍ ഒപ്പത്തിനൊപ്പം പോകും. മഞ്ഞള്ളൂര്‍, ആരക്കുഴ ഭാഗങ്ങളില്‍ ട്വന്റി-20 യുടെ ഇടപെടലുണ്ടായേക്കും. യു.ഡി.എഫിനു വ്യക്തമായ ഭൂരിപക്ഷം ലഭിക്കേണ്ട സ്ഥലങ്ങളാണ് ഇതെല്ലാം. അവിടെ ട്വന്റി-20 എത്ര സ്വാധീനിക്കുമെന്നു കണക്കില്ല. ബി.ജെ.പി. വോട്ടുകള്‍ ഉള്ളതില്‍ കുറയുമെന്ന് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നില്ല. ബി.ജെ.പി.യുടെ പ്രവര്‍ത്തനം താരതമ്യേന പിന്നിലായിരുന്നെങ്കിലും ശബരിമല സമരങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ എന്‍.ഡി.എ. വോട്ടുകളില്‍ കുറവുണ്ടാവില്ല. ഏഴായിരത്തിനു മുകളിലുള്ള ഭൂരിപക്ഷത്തില്‍ ജയം ഉറപ്പിച്ചിരിക്കുകയാണ് യു.ഡി.എഫ്.

Content Highlights: predictions in muvattupuzha assembly constituency