കൊച്ചി:വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തൃപ്പൂണിത്തുറയില്‍ ശബരിമലയെ ചൊല്ലി പോര്. ബി.ജെ.പിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ സഹായിക്കരുത് എന്ന് ശബരിമല കര്‍മസമിതിയുടെ പേരില്‍ തൃപ്പൂണിത്തുറയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ തങ്ങളല്ല പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കര്‍മസമിതി വ്യക്തമാക്കി. പോസ്റ്ററിന്റെ ഗുണഭോക്താവ് കെ.ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബിജെപി സ്ഥാനാര്‍ഥി ഡോ. കെ.എസ്.രാധാകൃഷ്ണന് പറഞ്ഞു.
'പോസ്റ്ററിന്റെ ഗുണഭോക്താവ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബുവാണ്. ഒന്നുകില്‍ അതിന്റെ ഉത്തരവാദിത്തം ബാബു നിഷേധിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കേണ്ടി വരും. ഈ ഒരു നിലയിലേക്ക് താഴരുത്. പരാജയഭീതി ബാബുവിനെ ഗ്രസിച്ചിരിക്കുന്നു '-രാധാകൃഷ്ണന് പറഞ്ഞു.
രാവിലെയാണ് തൃപ്പൂണിത്തുറയിലെ ക്ഷേത്രപരിസരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കര്‍മസമിതിയുടെ പേരിലായിരുന്നു പോസ്റ്ററുകള്‍. ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയപ്പിക്കരുതെന്നാണ് പോസ്റ്ററിലെ ഉളളടക്കം. പോസ്റ്ററുകള്‍ ക്ഷേത്ര പരിസരത്തിന് പുറമേ വീടുകളിലും എത്തിച്ചിട്ടുളളതായി ബി.ജെ.പി. ആരോപിക്കുന്നു. ഇതിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് കര്‍മസമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുളള പ്രതിഷേധങ്ങളും നാമജപ ഘോഷയാത്രയും നടത്തിയത് കര്‍മസമിതിയുടെ നേതൃത്വത്തിലായിരുന്നു. ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് കര്മസമിതിയുടേത്. കര്‍മസമിതിയുടെ ചുമതലക്കാരില്‍ ഒരാളാണ് കെ.എസ്.രാധാകൃഷ്ണനും.
ബിജെപിക്ക് ലഭിക്കുന്ന വോട്ടിന്റെ ഒരുഭാഗം തനിക്ക് കിട്ടുമെന്ന് കെ.ബാബു നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നിഷ്പക്ഷ വോട്ടുകളെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്ന് അദ്ദേഹം നിലപാട് തിരുത്തുകയും ചെയ്തിരുന്നു.