കൊച്ചി: പിറവത്ത് യു.ഡി.എഫിനു ശുഭപ്രതീക്ഷയാണ്. മണ്ഡലം കൈവിട്ടുപോകേണ്ട ഒരു സാഹചര്യവും അവര്‍ കാണുന്നില്ല. കഴിഞ്ഞ തവണ എം.ജെ. ജേക്കബ്ബിനെതിരേ മത്സരിച്ചപ്പോള്‍ ഉണ്ടായത്ര പ്രശ്‌നം ഇക്കുറിയില്ലെന്നാണു യു.ഡി.എഫിന്റെ വിലയിരുത്തല്‍.

ഇടതുക്യാമ്പ് ഇക്കുറി വേണ്ടരീതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ യു.ഡി.എഫിന് കാര്യങ്ങള്‍ എളുപ്പമാകുമെന്നാണു നേതാക്കളുടെ വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ്ബിനു ലഭിച്ച ഭൂരിപക്ഷത്തിലേക്ക് എത്തുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. 13,600 വോട്ടിന്റെ ഭൂരിപക്ഷമാണു മുന്നണിയുടെ കണക്കില്‍.

തിരുവാങ്കുളം, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍ പ്രദേശങ്ങളിലാണ് യു.ഡി.എഫ്. പിന്നോട്ടു പോകാറുള്ളത്. തിരുവാങ്കുളത്ത് ഇക്കുറി ഒപ്പത്തിനൊപ്പമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോറ്റാനിക്കരയില്‍ ചെറിയ വോട്ടിനു മുന്നിലെത്തിയേക്കുമെന്നും കണക്കാക്കുന്നു. എടയ്ക്കാട്ടുവയലില്‍ 200 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായേക്കും. പിറവം മുനിസിപ്പാലിറ്റിയില്‍ ആയിരം വോട്ടിന്റെ ഭൂരിപക്ഷവും കൂത്താട്ടുകുളത്ത് 600 വോട്ടിന്റെ ഭൂരിപക്ഷവും കണക്കാക്കിയിട്ടുണ്ട്. ഇലഞ്ഞിയില്‍ 1200-നു മുകളില്‍ പോകും. മണീട് അടക്കമുള്ള മറ്റു പഞ്ചായത്തുകളിലെല്ലാം വലിയ ഭൂരിപക്ഷമാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്.

ഇടതുമുന്നണി വോട്ടുകള്‍ മരവിക്കുമെന്നാണു മറ്റൊരു പ്രതീക്ഷ. സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിലും സ്ഥാനാര്‍ഥിയെ പുറമെ നിന്ന് എത്തിച്ചതിലുമെല്ലാമുള്ള പ്രതിഷേധം ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ കണ്ടതായി യു.ഡി.എഫ്. വിലയിരുത്തുന്നു. അതേസമയം മുന്നണിയുടെ പരമ്പരാഗത രാഷ്ട്രീയ വോട്ടുകളില്‍ ഒരു മാറ്റവും ഉണ്ടാവില്ല. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിനു പോയ ഈഴവ വോട്ടുകള്‍ ഇക്കുറി യു.ഡി.എഫിലേക്കു മടങ്ങിയെത്തുമെന്നും കണക്കാക്കുന്നു. യാക്കോബായ സമുദായത്തിന്റെ വോട്ടുകളും മാറിപ്പോകില്ലെന്ന് മുന്നണി ഉറപ്പിക്കുന്നുണ്ട്.

സി.പി.എമ്മിന്റെ കണക്കുപ്രകാരം പിറവത്ത് 4000 വോട്ടിനു പിന്നില്‍ പോയേക്കും. യു.ഡി.എഫ്. മണ്ഡലം എന്ന നിലയില്‍ രാഷ്ട്രീയ വോട്ടുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കാണിത്. എന്നാല്‍, പിന്നാക്കാവസ്ഥ മറികടന്നുകൊണ്ട് ചെറിയ വോട്ടിന് സ്ഥാനാര്‍ഥി കയറിവരാനുള്ള സാധ്യതയും നേതാക്കള്‍ തള്ളിക്കളയുന്നില്ല. ഉറച്ച വോട്ടുകള്‍ക്കപ്പുറം മറ്റു വിഭാഗങ്ങളില്‍നിന്നുള്ള വോട്ടുകള്‍ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. ഓര്‍ത്തഡോക്‌സ്, ക്‌നാനായ വിഭാഗങ്ങളുടെയും ഈഴവ സമുദായത്തിന്റേയുമെല്ലാം വോട്ടുകള്‍ അനുകൂലമായേക്കുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും കിറ്റ് വിതരണവുമെല്ലാം രാഷ്ട്രീയത്തിനതീതമായ വോട്ടുകളായി മാറിയേക്കും.

തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങളിലെല്ലാം വ്യക്തമായ ലീഡ് എല്‍.ഡി.എഫ്. പ്രതീക്ഷിക്കുന്നുണ്ട്. ഇലഞ്ഞിയിലും സ്ഥാനാര്‍ഥിയുടെ മികവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയേക്കും. അതേസമയം സി.പി.എം. സംവിധാനം മണ്ഡലത്തില്‍ ശക്തമായി പ്രവര്‍ത്തിച്ചില്ലെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മണ്ഡലത്തിലെ ആബ്്‌സന്റീവ് വോട്ടുകള്‍ ചേര്‍ക്കുന്നതിലും ചെയ്യിക്കുന്നതിലും പാര്‍ട്ടി ഘടകം വേണ്ട താത്പര്യം കാട്ടിയില്ലെന്ന ആക്ഷേപമുണ്ട്.

എന്‍.ഡി.എ.യ്ക്ക് പതിനേഴായിരത്തോളം വോട്ടുകള്‍ പിറവത്തുണ്ട്. ബി.ജെ.പി. സ്ഥാനാര്‍ഥി എം. ആശിഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറായിരുന്നു. കാല്‍ ലക്ഷം വോട്ടാണ് പാര്‍ട്ടി ലക്ഷ്യംവെക്കുന്നത്. ബി.ജെ.പി. എത്ര വോട്ടുപിടിക്കുമെന്നത് ഇരു മുന്നണികളും ആശങ്കയോടെയാണ് കാണുന്നത്. ബി.ജെ.പി. വോട്ടുകള്‍ കുറഞ്ഞാല്‍ അത് യു.ഡി.എഫിനു ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.