കൊച്ചി: മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തില്‍ ഒരിക്കല്‍ കൂടി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍. തനിക്കെതിരെ പോസ്റ്റര്‍ ഇറക്കിയതിന് പിന്നില്‍ പ്രഫഷണല്‍ ടച്ചുണ്ടെന്ന ഒളിയമ്പും ജോസഫ് വാഴക്കന്‍ തൊടുത്തു.

2011-ല്‍ മൂവാറ്റുപുഴയില്‍ നിന്ന് എംഎല്‍എ ആയ വാഴക്കന്‍ 2016-ല്‍ എല്‍ദോ എബ്രഹാമിനോട് പരാജയപ്പെട്ടിരുന്നു. 'തീര്‍ച്ചയായും തനിക്ക് വീണ്ടും മത്സരിക്കാന്‍ ആഗ്രമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി മൂവാറ്റുപുഴയിലെ വോട്ടറാണ്. അഞ്ചു വര്‍ഷം എംഎല്‍എ ആയിരുന്നപ്പോള്‍ മൂവാറ്റുപുഴയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തതാണ്. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ തവണ തോറ്റുപോയി. ഒരവസരം കൂടി കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ താന്‍ സജീവമാണ്' ജോസഫ് വാഴക്കന്‍ പറഞ്ഞു.

അതേ സമയം തനിക്കെതിരെ മണ്ഡലത്തില്‍ പോസ്റ്റര്‍ ഇറക്കിയതിന് പിന്നില്‍ പ്രഫഷണല്‍ ടച്ചുണ്ടെന്ന വാഴക്കന്റെ ആരോപണണം പ്രഫഷണല്‍ കോണ്‍ഗ്രസ്  സംസ്ഥാന അധ്യക്ഷന്‍ മാത്യു കുഴല്‍നാടനെ ലക്ഷ്യമിട്ടാണെന്നാണ് സൂചന. മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാധ്യത പട്ടികയില്‍ കുഴല്‍നാടനുമുണ്ട്.

രാഷ്ട്രീയ എതിരാളികളാണ് പോസ്റ്ററിന് പിന്നിലെന്ന് വിചാരിക്കുന്നില്ല. സീറ്റ് കിട്ടാന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. തിരുവനന്തപുരത്തേക്ക് പോകുന്ന വഴിക്ക് രണ്ട് പോസ്റ്റര്‍ ഇവിടുന്ന് കൊണ്ടു പോയി ഡ്രൈവറെ കൊണ്ട് രാത്രി പതിപ്പിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് മാധ്യമങ്ങളെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും വാഴക്കന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ജോസഫ് വാഴക്കന്‍ തിരുവനന്തപുരത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ഘട്ടത്തിലാണ് തിരുവനന്തപുരത്ത് വാഴക്കനെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നത്. ഇംഗ്ലീഷിലുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. എ.ഐ.സി.സി.നിരീക്ഷകര്‍ കൂടി തിരുവനന്തപുരത്ത് ഉള്ള സാഹചര്യത്തിലാണ് ഇത്തരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.