കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇടതുപക്ഷത്തേക്ക് ചേക്കേറി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനുള്ള നീക്കം സജീവമാക്കി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസ്. ഇതുമായി ബന്ധപ്പെട്ട് ഇടതുകേന്ദ്രങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായും സൂചനകളുണ്ട്. എന്നാല്‍, ഇരുവിഭാഗവും അന്തിമമായ തീരുമാനത്തില്‍ എത്തിയിട്ടില്ല. 

ഇത്തരം നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കെ.വി. തോമസ് തയ്യാറായിട്ടില്ല. എല്‍.ഡി.എഫിലേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ, പറയാം എന്നായിരുന്നു മറുപടി. എല്ലാ കാര്യവും 23-ന് വാര്‍ത്താ സമ്മേളനത്തില്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തീരദേശ മേഖലയിലെ ആളുകളുടെ പ്രശ്‌നം ഉന്നയിച്ച് ഈയടുത്ത് മുഖ്യമന്ത്രിയെ കെ.വി. തോമസ് കണ്ടിരുന്നു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും ചര്‍ച്ചയായതായാണ് വിവരം. 

കെ.വി. തോമസ് 23-ന് മാധ്യമങ്ങളെ കാണാനിരിക്കെ, സി.പി.എം. ജില്ലാ സെക്രട്ടറി അദ്ദേഹത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നതും ശ്രദ്ധേയമാണ്. ഇടതുകേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് കെ.വി. തോമസിന് പദവികള്‍ നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചതെന്നതും ശ്രദ്ധേയം.

എറണാകുളം, കൊച്ചി സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്. നിയമസഭയിലേക്കും ലോക്സഭയിലേക്കും ഇവിടെനിന്ന് മുമ്പ് ജയിച്ചതിനാല്‍ ആ ബന്ധങ്ങള്‍ തന്നെ തുണയ്ക്കുമെന്നാണ് തോമസിന്റെ കണക്കുകൂട്ടല്‍. ബാലികേറാമലയായ എറണാകുളം സീറ്റ് പിടിച്ചെടുക്കാന്‍ കെ.വി. തോമസിന് കഴിഞ്ഞേക്കുമെന്ന കണക്കുകൂട്ടല്‍ ചില സി.പി.എം. നേതാക്കളും പങ്കുവെക്കുന്നുണ്ട്.  

ലോക്സഭയിലേക്ക് സീറ്റ് നിഷേധിച്ചത് മുതല്‍ തോമസ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല. അവഗണിക്കുന്നുവെന്ന പരാതി അദ്ദേഹം പല നേതാക്കളോടും പങ്കുവച്ചിരുന്നു. ഹൈബി ഈഡന്‍ ജയിച്ച ഒഴിവില്‍ വന്ന ഉപതിരഞ്ഞെടുപ്പിലും തോമസ് സീറ്റിനായി ശ്രമിച്ചെങ്കിലും ഒടുവില്‍ ടി.ജെ. വിനോദിന് നല്‍കുകയും അദ്ദേഹം ജയിക്കുകയും ചെയ്തു. പക്ഷേ ഭൂരിപക്ഷം 4000-ത്തില്‍ താഴെയായി കുറഞ്ഞു. ഈ പശ്ചാത്തലത്തില്‍ തോമസിനെ മത്സരിപ്പിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാനായേക്കും എന്നാണു സി.പി.എമ്മും കണക്കുകൂട്ടുന്നത്. ഇത്തവണയും കെ.വി. തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടാനുള്ള സാധ്യതയില്ലെന്നതും ഇടത്തോട്ടുള്ള ആഭിമുഖ്യത്തിന്റെ കാരണമാണ്. 

കോണ്‍ഗ്രസിന്റെ കൈവശമിരുന്ന കൊച്ചി സീറ്റ് കഴിഞ്ഞ തവണ കെ.ജെ. മാക്സിയിലൂടെ സി.പി.എം. പിടിച്ചെടുത്തതാണ്. അതിനാല്‍ ഒരു ടേം കൂടി അദ്ദേഹം കൊച്ചിയില്‍ മത്സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ എറണാകുളം സീറ്റിലായിരിക്കും ഇടതുപക്ഷത്ത് എത്തിയാല്‍ തോമസിന് നല്‍കുക. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കും ഏറ്റവും ഒടുവില്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്കും തോമസിനെ പരിഗണിച്ചെങ്കിലും ഒന്നും നടന്നില്ല. 

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിയായ കെ.വി. തോമസിനെ ഒഴിവാക്കി കോണ്‍ഗ്രസ് ഹൈബി ഈഡനെ മത്സരിപ്പിക്കുകയായിരുന്നു. അന്ന് മുതല്‍ സംസ്ഥാന നേതൃത്വവുമായി അത്ര രസത്തിലല്ല തോമസ്. ഏറ്റവും ഒടുവില്‍ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റെയും ചുമതല നല്‍കാന്‍ ആലോചന നടന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ വിസ്സമ്മതിച്ചു. ഇതോടെയാണ് തോമസിന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് നേതൃത്വം സംശത്തോടെ വീക്ഷിച്ച് തുടങ്ങിയത്.

Content Highlights: KV Thomas to go LDF