കൊച്ചി: എറണാകുളത്ത് 2016 ആവര്‍ത്തിച്ചു. ഇടത് തരംഗം കൂടുതല്‍ ശക്തമായി വീശിയപ്പോഴും ജില്ലയില്‍ യു.ഡി.എഫ്. പിടിച്ചുനിന്നു. ചില സീറ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയെങ്കിലും നിലവിലെ ഫലസൂചന പ്രകാരം കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ സീറ്റുനില തന്നെയാണ് ഇത്തവണയും എറണാകുളത്ത്. യു.ഡി.എഫ്. -9; എല്‍.ഡി.എഫ്. -5.

സിറ്റിങ് സീറ്റുകളായ ആലുവ, എറണാകുളം, പറവൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തൃക്കാക്കര, പിറവം മണ്ഡലങ്ങള്‍ യു.ഡി.എഫ്. നിലനിര്‍ത്തി. കളമശ്ശേരിയും കുന്നത്തുനാടും കൈവിട്ടപ്പോള്‍ തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും എല്‍.ഡി.എഫില്‍ നിന്ന് നേടി. വൈപ്പിന്‍, കൊച്ചി, കോതമംഗലം സീറ്റുകളാണ് എല്‍.ഡി.എഫ്. നിലനിര്‍ത്തിയത്.

എല്‍.ഡി.എഫ്. - യു.ഡി.എഫ്. അഭിമാന പോരാട്ടം നടന്ന മണ്ഡലങ്ങളായിരുന്നു കളമശ്ശേരിയും തൃപ്പൂണിത്തുറയും. പാലാരിവട്ടം പാലാരിവട്ടം പാലം അഴിമതിയെ തുടര്‍ന്ന് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനു പകരം മകന്‍ വി.ഇ. അബ്ദുള്‍ ഗഫൂര്‍ മത്സരിച്ച കളശ്ശേരിയില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് 15,336 വോട്ടുകള്‍ക്കാണ് ജയിച്ചത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് രാജീവ്.

അതേസമയം, സമാന പ്രതീക്ഷയുണ്ടായിരുന്ന എം. സ്വരാജ് തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനോട് പൊരുതിത്തോറ്റു. ബാര്‍ കോഴ വിവാദം കത്തിനിന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ. ബാബു കാല്‍ നൂറ്റാണ്ടായി വിജയിച്ചിരുന്ന മണ്ഡലമാണ് എം. സ്വരാജ് പിടിച്ചുവാങ്ങിയത്. എന്നാല്‍, ശബരിമല വിവാദ പ്രസ്താവന വിഷയമാക്കി ഇത്തവണ 700 വോട്ടുകള്‍ക്ക് ബാബു മണ്ഡലം തിരിച്ചു പിടിച്ചത് ജില്ലയില്‍ യു.ഡി.എഫിനു തന്നെ ആശ്വാസമായി.

ജില്ലയിലെ മറ്റൊരു ശ്രദ്ധേയമായ മത്സരം നടന്നത് കുന്നത്തുനാട്ടിലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തിയ ട്വന്റി 20-യുടെ സാന്നിധ്യമായിരുന്നു കാരണം. പുതിയ പാര്‍ട്ടി ആര്‍ക്ക് വിനയാകുമെന്ന ചോദ്യത്തിന് ഫലം നല്‍കുന്ന ഉത്തരം യു.ഡി.ഫിന് എന്നു തന്നെയാണ്. മുപ്പതിനായിരത്തിലേറെ വോട്ടു പിടിച്ച് ട്വന്റി 20 ഇരു മുന്നണികളുടെയും വോട്ടു ചോര്‍ത്തിയെങ്കിലും തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ. വി.പി.സജീന്ദ്രനാണ്. സി.പി.എം. സ്ഥാനാര്‍ഥി പി.വി. ശ്രീനിജിനോട് 2,749 വോട്ടിനാണ് സജീന്ദ്രന്‍ തോറ്റത്. അതേസമയം, മൂവാറ്റുപുഴയില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് എം.എല്‍.എ. എല്‍ദോ എബ്രഹാമിനെ തറപറ്റിച്ച് മാത്യു കുഴല്‍നാടന്‍ ജില്ലയില്‍ നിലവിലുണ്ടായിരുന്ന സീറ്റ് നില പരിക്കുപറ്റാതെ നിലനിര്‍ത്തി.

Content Highlights: Kerala Assembly Election 2021 UDF won majority seats in Ernakulam