കൊച്ചി: സംസ്ഥാനത്ത് തിരിച്ചടി നേരിടുമ്പോഴും വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ വലിയ പരിക്കില്ലാതെ യു.ഡി.എഫ്. കൗണ്ടിങ്ങിന്റെ ആദ്യ മൂന്നു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ജില്ലയിലെ 14 സീറ്റുകളില്‍ ഏഴെണ്ണത്തില്‍ യു.ഡി.എഫ്. കൃത്യമായ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്. എല്‍.ഡി.എഫ്. ആറു സീറ്റുകളിലും. ട്വന്റി 20 ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികള്‍ക്കൊന്നും ആദ്യഘട്ടത്തില്‍ നേട്ടമുണ്ടാക്കാനായിട്ടില്ല.

നിലവില്‍ ജില്ലയില്‍ യു.ഡി.എഫിന് ഒമ്പതും എല്‍.ഡി.എഫിന് അഞ്ചും സീറ്റുകളാണുള്ളത്. സിറ്റിങ് സീറ്റുകളായ എറണാകുളം, ആലുവ, പറവൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തൃക്കാക്കര, പിറവം എന്നിവിടങ്ങളില്‍ യു.ഡി.എഫ്. ലീഡ് നിലനിര്‍ത്തുമ്പോള്‍ കുന്നത്തുനാട്, കളമശ്ശേരി മണ്ഡലങ്ങളില്‍ അവര്‍ പിന്നിലാണ്.

ത്രികോണമത്സരം നടക്കുന്ന തൃപ്പൂണിത്തുറയില്‍ ലീഡ് നില മാറിമറിയുകയാണ്. സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എ. എം.സ്വരാജും മുന്‍മന്ത്രി കെ.ബാബുവും തമ്മിലാണ് ഇവിടെ കടുത്ത മത്സരം നടക്കുന്നത്. ബാര്‍ കോഴ വിവാദം ആഞ്ഞടിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് മണ്ഡലത്തില്‍ 25 വര്‍ഷമായി എം.എല്‍.എയായിരുന്ന കെ.ബാബുവിനെ സ്വരാജ് അട്ടിമറിച്ചത്. ബിജെപിയ്ക്കും വേരോട്ടമുള്ള മണ്ഡലത്തില്‍ കെ.എസ്.രാധാകൃഷ്ണനിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെയാണ് എന്‍ഡിഎയും നിര്‍ത്തിയതെങ്കിലും ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന് വലിയ നേട്ടമുണ്ടാക്കാനായില്ല.

തൃപ്പൂണിത്തുറയില്‍ അനിശ്ചിതത്വമുണ്ടെങ്കിലും മറ്റു സിറ്റിങ് സീറ്റുകളായ വൈപ്പിന്‍, കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് തുടരുന്നുണ്ട്. കൂടാതെ നിര്‍ണായക പേരാട്ടം നടക്കുന്ന കളമശ്ശേരിയിലും കുന്നത്തുനാട്ടിലും ലീഡ് നേടാനായത് എല്‍ഡിഎഫിന് വലിയ ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. പാലാരിവട്ടം പാലം അഴിമതിയെ തുടര്‍ന്ന് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനു പകരം മകന്‍ വി.ഇ.അബ്ദുള്‍ ഗഫൂര്‍ മത്സരിക്കുന്ന കളമശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് രണ്ടായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. 2011ല്‍ മണ്ഡലം രൂപീകരിച്ചതു മുതല്‍ ഇബ്രാഹിംകുഞ്ഞായിരുന്നു ഇവിടത്തെ എംഎല്‍എ.

ട്വന്റി 20 ഏറ്റവും വിജയപ്രതീക്ഷ വെച്ചിരുന്ന കുന്നത്തുനാട്ടിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.ശ്രീനിജിന്‍ ആയിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. സിറ്റിങ് എംഎല്‍എ വി.പി.സജീന്ദ്രന്‍ രണ്ടാം സ്ഥാനത്തും എന്‍ഡിഎ സ്ഥാനാര്‍ഥി രേണു സുരേഷ് മൂന്നാമതുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ ഭരണം നേടിയ ട്വന്റി-ട്വന്റി നിലവില്‍ നാലാം സ്ഥാനത്താണ്. 

Content Highlights: Kerala Assembly Election 2021 LDF leads in kalamassery