യുഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ജില്ലയാണ് എറണാകുളം. 14 നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതെണ്ണവും വലതിനൊപ്പമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എറണാകുളം, കളമശ്ശേരി, ആലുവ, പറവൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തൃക്കാക്കര, മൂവാറ്റുപുഴ, കുന്നത്തുനാട് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ വൈപ്പിന്‍, കൊച്ചി, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, കോതമംഗലം മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നേടി.

2019 ലോക്സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം തന്നെയായിരുന്നു ജില്ല. 2015 തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 82ല്‍ പകുതി പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ് മുന്നേറ്റം കാഴ്ചവെച്ചെങ്കിലും, 2020 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 51 പഞ്ചായത്തുകളുമായി യുഡിഎഫ് തിരിച്ചുവന്നു. ഒപ്പം 13 മുനിസിപ്പാലികളില്‍ ഏഴെണ്ണം മാത്രമാണ് 2015ല്‍ നേടിയതെങ്കില്‍ 2020ല്‍ അത് 10 ആയി ഉയര്‍ത്താനുമായി. അതേസമയം കൊച്ചി കോര്‍പറേഷന്‍ ഭരണം പിടിച്ച് എല്‍ഡിഎഫ് ജില്ലയില്‍ തങ്ങള്‍ക്ക് കൂടിവരുന്ന ശക്തിയും പ്രകടമാക്കി.

വോട്ടുവിഹിതം വര്‍ധിപ്പിക്കുക എന്നതാണ് പ്രധാനലക്ഷ്യമെങ്കിലും തൃപ്പൂണിത്തുറ പോലുള്ള മണ്ഡലങ്ങളില്‍ എന്‍ഡിഎയെയും തള്ളിക്കളയാനാകില്ല. ഇതിനൊപ്പം  ട്വന്റി-20യും വി4 പീപ്പിളും പോലുള്ള സ്വതന്ത്ര സംഘടനകളും ജില്ലയിലെ പ്രത്യേക മേഘലകളില്‍ സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞു. ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ പലയിടത്തെയും ജനവിധി തന്നെ മാറ്റിമറിച്ചേക്കാം.

വൈപ്പിനില്‍ വിധി നിര്‍ണയിക്കുക സമുദായ സമവാക്യങ്ങള്‍

എറണാകുളം ജില്ലയിലെ തീരദേശ മണ്ഡലമാണ് വൈപ്പിന്‍. ഞാറയ്ക്കല്‍ മണ്ഡലം പത്തു വര്‍ഷം മുമ്പാണ് വൈപ്പിനായി മാറിയത്. കഴിഞ്ഞ രണ്ടു ടേമിലും സിപിഎം നേതാവ് എസ്.ശര്‍മയാണ് വൈപ്പിനെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ എസ്.ശര്‍മ്മ മാറിനില്‍ക്കുമ്പോള്‍ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മണ്ഡലത്തിലെ പ്രബലശക്തികളായ ഈഴവ, ധീവര വോട്ടുകളാണ് വിധിനിര്‍ണയത്തില്‍ പ്രധാനം. 

ധീവര സമുദായവുമായി അടുപ്പമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എസ്.ശര്‍മയ്ക്ക് ഗുണംചെയ്തത്. ശര്‍മയ്ക്ക് പകരം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എന്‍.ഉണ്ണിക്കൃഷ്ണന്‍ എത്തുമ്പോള്‍ ആ സമവാക്യം മാറ്റിമറിക്കാമെന്നാണ് യുഡിഎഫ് കരുതുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ദീപക് ജോയ് ആണ് യുഡിഎഫിന്റെ മണ്ഡലത്തിലെ സ്ഥാനാര്‍ഥി. ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് യുഡിഎഫ് ദീപക്കിനെ കളത്തിലിറക്കിയത്. ശര്‍മയുടെ അഭാവത്തില്‍ ഭൂരിപക്ഷം കുറഞ്ഞാലും മണ്ഡലം കൈവിടില്ലെന്ന് 100 ശതമാനവും ഇടതുപക്ഷം ഉറപ്പിക്കുന്നു. എന്നാല്‍ എസ്. ശര്‍മ മാറിനില്‍ക്കുന്നതും യുവസ്ഥാനാര്‍ഥിയെന്ന ആനുകൂല്യവും മൂലം ഒരു അട്ടിമറിയിലാണ് യുഡിഎഫ് കണ്ണ്. 

2011ല്‍ കോണ്‍ഗ്രസിന്റെ അജയ് തറയിലിനെ 5242 വോട്ടുകള്‍ക്കാണ് എസ്.ശര്‍മ തോല്‍പിച്ചതെങ്കില്‍ 2016ല്‍ കെ.ആര്‍ സുഭാഷിനെതിരെ ലീഡ് 19,353 ആയി ഉയര്‍ത്താന്‍ സാധിച്ചു എന്നത് ഇടതിന്റെ ആത്മവിശ്വാസമേറ്റുന്നു. ബിജെപി എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്.ഷൈജുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞവട്ടം ഇവിടെ മത്സരിച്ച ബിഡിജെഎസിന്റെ വാമലോചനന്‍ പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. 2011ല്‍ ബിജെപിയുടെ ടി.ജി.സുരേന്ദ്രന് വെറും 2930 വോട്ടുകള്‍ മാത്രമായിരുന്നു ഇവിടെനിന്ന് ലഭിച്ചത്. വോട്ടുവിഹിതത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഷൈജുവിലൂടെ എന്‍ഡിഎ ലക്ഷ്യമിടുന്നത്.

കൊച്ചി ഇടത്തോട്ടോ വലത്തോട്ടോ?

പഴയ മട്ടാഞ്ചേരി മണ്ഡലമാണ് പത്തു വര്‍ഷം മുമ്പുള്ള പുന:ര്‍നിര്‍ണയത്തില്‍ കൊച്ചിയായി മാറിയത്. തീരദേശ മേഖലയായ ചെല്ലാനം മുതല്‍ നഗരം വരെ പരന്നുകിടക്കുന്ന മണ്ഡലം. 2011ല്‍ കോണ്‍ഗ്രസിന്റെ ഡൊമിനിക് പ്രസന്റേഷനെ സിപിഎമ്മിന്റെ എം.സി.ജോസഫൈനെ 16,863 വോട്ടുകള്‍ക്ക് ജയിപ്പിച്ച മണ്ഡലം കഴിഞ്ഞ വട്ടം സിപിഎമ്മിന്റെ കെ.ജെ.മാക്സിയെയാണ് തുണച്ചത്. ഡൊമിനിക്കിനെതിരെ 1086 വോട്ടുകള്‍ക്കാണ് മാക്സി ജയിച്ചത്. ഇത്തവണ മണ്ഡലം പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഇരു മുന്നണികളും. 

സിറ്റിങ് എംഎല്‍എയെ തന്നെ എല്‍ഡിഎഫ് കളത്തിലിറക്കുമ്പോള്‍ മുന്‍ മേയര്‍ ടോണി ചമ്മണിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സി.ജി.രാജഗോപാലിലൂടെ (മുത്തു) മണ്ഡലത്തില്‍ പരിചിതനായ ഒരാളെ തന്നെയാണ് ബിജെപിയും രംഗത്തെത്തിച്ചിരിക്കുന്നത്. തീരപ്രദേശത്തെ കടലാക്രമണം മുതല്‍ കൊതുകുശല്യം വരെ ഇവിടെ പ്രചാരണ വിഷയങ്ങളാണ്. അടിസ്ഥാനപ്രശ്നങ്ങള്‍ ചര്‍ച്ചയാവുമ്പോള്‍ കൊച്ചി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പറയുക ദുഷ്‌കരം. സഭയുടെ നിലപാട് നിര്‍ണായുകമാകുന്ന മണ്ഡലമാണ് കൊച്ചി. 

പാലാരിവട്ടം പാലം പോപ്പുലറാക്കിയ കളമശ്ശേരി

പാലാരിവട്ടം പാലം അഴിമതിയുടെ പശ്ചാത്തലത്തില്‍  ശ്രദ്ധനേടുന്ന മണ്ഡലമാണ് കളമശ്ശേരി. പാലം അഴിമതിക്കേസില്‍ പെട്ട് സിറ്റിങ് എംഎല്‍എയും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് മാറിനില്‍ക്കുമ്പോള്‍ പകരമെത്തുന്നത് മകന്‍ വി.ഇ.അബ്ദുള്‍ ഗഫൂറാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെയാണ് എല്‍ഡിഎഫും രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമായി മാറി കളമശ്ശേരി.

പാലാരിവട്ടം പാലം അഴിമതിയും അടിസ്ഥാനസൗകര്യ പ്രശ്നങ്ങളും എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കുമ്പോള്‍ പ്രളയ ഫണ്ട് തട്ടിപ്പും വികസനത്തുടര്‍ച്ചയും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തില്‍ ഇബ്രാഹിംകുഞ്ഞിനുള്ള സ്വാധീനത്തിലും യുഡിഎഫ് പ്രതീക്ഷവെക്കുന്നുണ്ട്. 2011ല്‍ എല്‍ഡിഎഫിന്റെ കെ.ചന്ദ്രന്‍പിള്ളയെ 7789 വോട്ടുകള്‍ക്ക് തോല്‍പിച്ച ഇബ്രാഹിംകുഞ്ഞ് അടുത്ത വട്ടം എ.എം.യൂസുഫിനെ തോല്‍പിച്ചത് 12,228 വോട്ടിനാണ്. മണ്ഡലത്തിലെ തങ്ങളുടെ വോട്ടുശതമാനം ആറില്‍ നിന്ന് 15 ആയി ഉയര്‍ത്തിയ എന്‍ഡിഎയ്ക്കായി ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.എസ്.ജയരാജാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്.

അതേസമയം, കളമശ്ശേരിയില്‍ മൂന്ന് മുന്നണികളെയും കുഴക്കുന്നത് പാര്‍ട്ടികളിലെ ആഭ്യന്തരപ്രശ്നങ്ങളാണ്. ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരേ ലീഗിലെ ഒരു വിഭാഗം പാണക്കാട് പോയി പ്രതിഷേധമറിയിച്ചിരുന്നു. ഒടുവില്‍ ഏറെ ആശക്കുഴപ്പങ്ങള്‍ക്ക് ശേഷമാണ് അബ്ദുള്‍ ഗഫൂര്‍ തന്നെ സ്ഥാനാര്‍ഥിയായെത്തുന്നത്. പി.രാജീവിന്റെ പേര് മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ട ഘട്ടത്തില്‍ തന്നെ അദ്ദേഹത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടത്തെ വിഎസ് വിഭാഗം നേതാവ് ചന്ദ്രന്‍പിള്ളയെ മത്സരിപ്പിക്കണമെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം.

മണ്ഡലത്തില്‍ കാര്യമായ ശക്തിയില്ലാത്ത ബിഡിജെഎസില്‍ നിന്ന് സീറ്റ് തിരികെ വാങ്ങണമെന്ന് ബിജെപി പ്രാദേശിക ഘടകത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ ആഭ്യന്തര പ്രശ്നങ്ങളെ എത്ര ഫലപ്രദമായി കൈകാര്യം ചെയ്തു എന്നതുകൂടി കളമശ്ശേരിയിലെ ഫലത്തില്‍ സ്വാധീനം ചെലുത്തും.

മെട്രോ നഗരത്തില്‍ ശക്തമായ പോരാട്ടം

ചേരാനെല്ലൂരും എറണാകുളം നഗരവും ചേരുന്നതാണ് എറണാകുളം മണ്ഡലം. യുഡിഎഫിന്റെ ഉരുക്കുകോട്ടയാണിത്. സിറ്റിങ് എംഎല്‍എ ടി.ജെ.വിനോദാണ് ഇവിടെ യുഡിഎഫിന്റെ സാരഥി. ഹൈബി ഈഡന്‍ എംപിയായ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വിനോദ് എംഎല്‍എയാകുന്നത്. 2016 തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 21949 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ 2019 ഒക്ടോബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 3750 വോട്ടിന്റെ ഭൂരിപക്ഷമാണ് വിനോദിന് ലഭിച്ചത്. 2011ല്‍ ഹൈബി ജയിച്ചത് 32487 വോട്ടുകള്‍ക്കായിരുന്നു. ഭൂരിപക്ഷത്തിലെ ഇടിവാണ് എല്‍ഡിഎഫ് സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നത്.

ലത്തീന്‍ സഭയുടെ നോമിനിയായി ഷാജി ജോര്‍ജ് ആണ് ഇടത് സ്വതന്ത്രനായും മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പത്മജ എസ്. മേനോന്‍ എന്‍ഡിഎയ്ക്കായും എറണാകുളത്ത് മത്സരിക്കുന്നു. ഇവര്‍ക്കൊപ്പം, ട്വന്റി-ട്വന്റിയുടെയും വിഫോര്‍ കേരളയുടെയും സ്ഥാനാര്‍ഥികള്‍ കൂടിയെത്തുമ്പോള്‍ എറണാകുളം മണ്ഡലത്തില്‍ പോരാട്ടം കടുക്കും. ഈ പാര്‍ട്ടികള്‍ സമാഹരിക്കുന്ന വോട്ടുകള്‍ ഏത് മുന്നണികള്‍ക്ക് ക്ഷീണം ചെയ്യും എന്നതനുസരിച്ചിരിക്കും എറണാകുളത്തെ ഫലം. 

അഞ്ചാംവട്ടവും വരുമോ വി.ഡി? 

ഇടതുപക്ഷത്തിന് വേരോട്ടമുണ്ടെങ്കിലും വി.ഡി.സതീശന്റെ വ്യക്തിപ്രഭാവത്തിലൂടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി യുഡിഎഫ് ഉറപ്പിച്ച മണ്ഡലമാണ് പറവൂര്‍. അഞ്ചാം വട്ടവും ഇവിടെ വിഡി എത്തുമ്പോള്‍ മറ്റു രണ്ടു മുന്നണികള്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സിപിഐ സീറ്റായ പറവൂരില്‍ 2011ല്‍ പന്ന്യന്‍ രവീന്ദ്രനെ 11,349 വോട്ടുകള്‍ക്ക് തോല്‍പിച്ച സതീശന്‍ 2016ല്‍ ശാരദാ മോഹനെതിരേ ഭൂരിപക്ഷം 20364 ആയി വര്‍ധിപ്പിച്ചു. 

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം.ടി.നിക്സനാണ് ഇടത് സ്ഥാനാര്‍ഥി. 2016ല്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിന്ന് 15 ശതമാനത്തോളം അധികം വോട്ട് നേടിയ ബിജെപിയും ബിഡിജെഎസിന്റെ എം.ബി.ജയപ്രകാശിലൂടെ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകാനുള്ള ശ്രമത്തിലാണ്. കടലോര മേഖലയായതിനാല്‍ ഉപ്പുവെള്ളം കയറുന്നതും കുടിവെള്ള ക്ഷാമവുമാണ് മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങള്‍. എല്‍ഡിഎഫും എന്‍ഡിഎയും ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തുമ്പോള്‍ റോഡുകള്‍ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് യുഡിഎഫിന്റെ ആയുധം. വി.ഡിയെ വീഴ്ത്താന്‍ ഇനി എതിരാളികള്‍ക്ക് ആയുധമില്ലെന്ന് യുഡിഎഫ് പറയുമ്പോള്‍ എല്‍ഡിഎഫ് അത് അംഗീകരിക്കാന്‍ തയ്യാറല്ല.

പെരുമ്പാവൂരില്‍ പെരിയ പോരാട്ടം

തുടര്‍ച്ചയായി മൂന്നുവട്ടം സിപിഎമ്മിന്റെ സാജു പോള്‍ നേടിയ മണ്ഡലം കഴിഞ്ഞ വട്ടം യുവ കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പിള്ളി പിടിച്ചെടുക്കുകയായിരുന്നു. കുന്നപ്പിള്ളി രണ്ടാമങ്കത്തിനിറങ്ങളുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. 2011ല്‍ കോണ്‍ഗ്രസിന്റെ ജെയ്സണ്‍ ജോസഫിനോട് 3382 വോട്ടുകള്‍ക്ക് ജയിച്ച സാജു പോളിനെ കഴിഞ്ഞ തവണ 7088 വോട്ടുകള്‍ക്കാണ് എല്‍ദോസ് കുന്നപ്പിള്ളി തോല്‍പിച്ചത്. 

എല്‍ഡിഎഫിലേക്കെത്തിയ കേരള കോണ്‍ഗ്രസ് ജോസിന് നല്‍കിയ സീറ്റില്‍ ഇത്തവണ മത്സരിക്കുന്നത് ജില്ലാ സെക്രട്ടറി ബാബു ജോസഫാണ്. ഹൈക്കോടതി അഭിഭാഷകയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ ടി.പി.സിന്ധുമോളും ട്വന്റി20 സ്ഥാനാര്‍ഥിയായി നര്‍ത്തകിയും സംരംഭകയുമായ ചിത്ര സുകുമാരനും കൂടിയെത്തുമ്പോള്‍ പെരുമ്പാവൂരിലെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമാകുന്നു. ഗതാഗതക്കുരുക്ക്, അതിഥി തൊഴിലാളി പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയവയാണ് മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയങ്ങള്‍. 

അങ്കമാലിയില്‍ ആവേശമേറെ 

കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ റോജി എം. ജോണ്‍ രണ്ടാമൂഴത്തിന് ഒരുങ്ങുമ്പോള്‍ ജെഡിഎസിന്റെ മുതിര്‍ന്ന നേതാവ് ജോസ് തെറ്റയിലിലൂടെ ആവേശപ്പോരാട്ടത്തിന് വേദിയൊരുക്കുകയാണ് എല്‍ഡിഎഫ്. ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായ അങ്കമാലിയ്ക്ക് വലത്തോട്ടാണ് ചായ്വെങ്കിലും ഇടതിനൊപ്പം നിന്ന ചരിത്രവുമുണ്ട് മണ്ഡലത്തിന്.

2006, 2011 വര്‍ഷങ്ങളില്‍ ജോസ് തെറ്റയില്‍ വിജയിച്ച മണ്ഡലത്തില്‍ 2016ല്‍ ബെന്നി മൂഞ്ഞേലിയെ 9186 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് റോജി എംഎല്‍എ ആയത്. ജോസ് തെറ്റയില്‍ തിരികെയെത്തുമ്പോള്‍ മണ്ഡലത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനം വലിയ രീതിയില്‍ വോട്ടാകുമെന്നാണ് ഇടത് പ്രതീക്ഷ. അതേസമയം, എംഎല്‍എ എന്ന നിലയിലുള്ള റോജിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രകടനം ഫലം ചെയ്യുമെന്ന് വലതുപക്ഷവും കരുതുന്നു. ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ലെങ്കിലും പരമാവധി വോട്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് ഭാരവാഹിയും ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയുമായ കെ.വി.സാബുവിലൂടെ എന്‍ഡിഎ.

എംസി റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലിയിലെ പ്രധാന ചര്‍ച്ചാവിഷയം ഗതാഗതക്കുരുക്കാണ്. ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് അങ്കമാലിക്കാരുടെ പ്രധാന ആവശ്യവും. അതിനവര്‍ ആരില്‍ വിശ്വാസമര്‍പ്പിക്കുമെന്നതാകും ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം.

പി.ടി.യെ തളയ്ക്കാന്‍ പുതുമുഖം

കോണ്‍ഗ്രസിന്റെ പ്രബലനായ എംഎല്‍എ പി.ടി.തോമസ് രണ്ടാം അങ്കത്തിനൊരുങ്ങുന്ന തൃക്കാക്കരയില്‍ പുതുമുഖത്തെ എത്തിച്ച് പരീക്ഷണം നടത്തുകയാണ് എല്‍ഡിഎഫ്. നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ജെ.ജേക്കബ് എന്ന സ്വതന്ത്രസ്ഥാനാര്‍ഥിയിലൂടെ തൃക്കാക്കരയിലെ സമവാക്യങ്ങള്‍ പൊളിച്ചെഴുതാമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. അതേസമയം, മണ്ഡലത്തിലെ തന്റെ ശക്തി ഉറപ്പിക്കാനാണ് പി.ടിയുടെ ശ്രമം.

മണ്ഡലം പുന:ര്‍നിര്‍ണയിച്ച 2011 മുതല്‍ കോണ്‍ഗ്രസിനൊപ്പമാണ് തൃക്കാക്കര. ആദ്യവട്ടം ബെന്നി ബെഹനാന്‍ 22,406 വോട്ടുകള്‍ക്കും കഴിഞ്ഞതവണ പി.ടി.തോമസ് 11966 വോട്ടുകള്‍ക്കും ഇവിടെ ജയിച്ചു. ബെന്നി എം.ഇ.ഹസ്സൈനരെയും പി.ടി. സെബാസ്റ്റ്യന്‍ പോളിനെയുമാണ് തോല്‍പിച്ചത്.

ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന മണ്ഡലമെന്ന നിലയില്‍ തൃക്കാക്കരയ്ക്ക് പ്രാധാന്യമുണ്ട്. ജില്ലാ ആസ്ഥാനത്ത് നടന്ന പ്രളയഫണ്ട് തട്ടിപ്പ് തിരഞ്ഞെടുപ്പിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. മണ്ഡലത്തിലേക്ക് മെട്രോ എത്താന്‍ പോകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എല്‍ഡിഎഫും നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു.

ബിജെപിയുടെ അഞ്ചു ശതമാനം വോട്ടുവിഹിതം കഴിഞ്ഞവട്ടം 15ലേക്ക് എത്തിച്ച എസ്.സജിയാണ് ഇത്തവണ വീണ്ടും എന്‍ഡിഎ സ്ഥാനാര്‍ഥിയാവുന്നത്. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ കേരള ഘടകം വൈസ് പ്രസിഡന്റ് ഡോ. ടെറി തോമസിലൂടെ ട്വന്റി-20യും തൃക്കാക്കരയില്‍ സാന്നിധ്യമറിയിക്കുന്നു.

ആലുവയില്‍ ആര്?

ജില്ലയില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ആലുവ. അന്‍വര്‍ സാദത്ത് മൂന്നാംവട്ടം മത്സരിക്കുന്ന മണ്ഡലത്തില്‍ സ്വതന്ത്രയായ ഷെല്‍ന നിഷാദാണ് ഇടത് സ്ഥാനാര്‍ഥി. 1980 മുതല്‍ 25 വര്‍ഷത്തോളം ഇവിടത്തെ എംഎല്‍എയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.മുഹമ്മദാലിയുടെ മരുമകളാണ് ഷെല്‍ന. അന്‍വര്‍ സാദത്ത് വികസനത്തുടര്‍ച്ച പ്രചാരണവിഷയമാക്കുമ്പോള്‍ മാറ്റത്തിനായാണ് ഷെല്‍ന വോട്ടഭ്യര്‍ഥിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളും ഷെല്‍നയുടെ ക്യാമ്പയിന്റെ ഭാഗമാകുന്നു.

2011ല്‍ സിറ്റിങ് എംഎല്‍എയായിരുന്ന എ.എം.യൂസുഫിനെ 13214 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് അന്‍വര്‍ സാദത്ത് ആദ്യം എംഎല്‍എയാകുന്നത്. 2016ല്‍ സിപിഎമ്മിന്റെ തന്നെ വി.എ.സലീമിനെതിരേ ഭൂരിപക്ഷം 18835 ആക്കി ഉയര്‍ത്തി. മണ്ഡലത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.എന്‍.ഗോപിയിലാണ് എന്‍ഡിഎ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

ഗതാഗതക്കുരുക്ക് തന്നെയാണ് ആലുവയിലെ പ്രധാന പ്രചാരണ വിഷയം. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് പണി കഴിഞ്ഞ അഞ്ചു വര്‍ഷമായി തടസ്സപ്പെട്ട് കിടക്കുന്നതും ആരോപണപ്രത്യാരോപണങ്ങള്‍ക്ക് ചൂടേറ്റുന്നു. പ്രളയദുരിതാശ്വാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ആലുവയില്‍ ചര്‍ച്ചയാകുന്നു.

പിറവത്ത് കേരള കോണ്‍ഗ്രസ് മത്സരം

കേരള കോണ്‍ഗ്രസ് ജേക്കബും ജോസും ഏറ്റുമുട്ടുന്ന മണ്ഡലമാണ് പിറവം. ടി.എം.ജേക്കബിന്റെ മണ്ഡലം ഇപ്പോള്‍ മകന്‍ അനൂപ് ജേക്കബിന്റെ കയ്യിലാണ്. 2011 തിരഞ്ഞെടുപ്പില്‍ വെറും 157 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ടി.എം.ജേക്കബ് വിജയിച്ചതെങ്കില്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് 2012ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അനൂപ് ജയിച്ചത് 12071 വോട്ടുകള്‍ക്കാണ്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 6195 ആയി കുറഞ്ഞു. സിപിഎമ്മിന്റെ എം.ജെ.ജേക്കബ് ആണ് മൂന്നുവട്ടവും തോറ്റത്.

ഇത്തവണ എല്‍ഡിഎഫിനായി ജോസ് വിഭാഗം സ്ഥാനാര്‍ഥിയായി എത്തുന്നത് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോള്‍ ജേക്കബാണ്. സിപിഎമ്മില്‍ നിന്ന് തിരഞ്ഞെടുപ്പ് സമയത്ത് ജോസ് വിഭാഗത്തിലേക്ക് മാറിയതിനെ തുടര്‍ന്ന് പ്രാദേശികമായ എതിര്‍പ്പ് നേരിടേണ്ടിവന്നെങ്കിലും പ്രചാരണ രംഗത്ത് അതിന്റെ കുറവ് തീര്‍ക്കാനുള്ള ശ്രമത്തിലാണിവര്‍. പേമെന്റ് സീറ്റ് ആരോപണം അടക്കം ഇവിടെ ഉയര്‍ന്നു. മണ്ഡലത്തിലെ വോട്ടുവിഹിതം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തു ശതമാനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ സഖ്യം. മണ്ഡലത്തില്‍ നിന്നുതന്നെയുള്ള കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി എം.ആശിഷാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

മുന്നണികള്‍ക്ക് മുന്‍തൂക്കമില്ലാത്ത മൂവാറ്റുപുഴ

ആര്‍ക്കും മുന്‍തൂക്കമില്ലാത്ത മണ്ഡലമാണ് മൂവാറ്റുപുഴ. ഇത്തവണ മാത്രമല്ല മുമ്പും ഇരു മുന്നണികള്‍ക്കുമൊപ്പം മാറിമാറി നിന്നിട്ടുള്ള മണ്ഡലമാണിത്. 2011ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസഫ് വാഴക്കനെ 5163 വോട്ടുകള്‍ക്ക് വിജയിപ്പിച്ച മൂവാറ്റുപുഴ 2016ല്‍ വാഴക്കനെതിരെ നിന്ന സിപിഐയുടെ എല്‍ദോ എബ്രഹാമിനെ 9375 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തിച്ചു. എല്‍ദോ രണ്ടാമൂഴത്തിന് എത്തുമ്പോള്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന മാത്യു കുഴല്‍നാടനാണ് എതിരാളി. മികച്ച വാഗ് മിയും നിലപാടുകളുമാണ് കുഴല്‍നാടന്റെ പ്ലസ് പോയന്റ്

മണ്ഡലത്തില്‍ താഴെ തട്ടിലുള്ള സ്വാധീനമാണ് എല്‍ദോയുടെ ശക്തി. വികസനപ്രവര്‍ത്തനങ്ങളും ഭരണത്തുടര്‍ച്ചയും ഇടതുപക്ഷം മണ്ഡലത്തില്‍ ചര്‍ച്ചയാക്കുന്നു. എന്നാല്‍, മണ്ഡലത്തില്‍ നടപ്പാകാതെ പോയ വലിയ പദ്ധതികള്‍ നടക്കാതെ പോയതില്‍ വലതും രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. എന്‍ഡിഎയ്ക്ക് വലിയ പ്രതീക്ഷയില്ലാത്ത മണ്ഡലമാണെങ്കിലും ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിലൂടെ ചില പ്രതീക്ഷകള്‍ അവര്‍ക്കുമുണ്ട്. മാധ്യമപ്രവര്‍ത്തകനായ സി.എന്‍.പ്രകാശിലൂടെ ട്വന്റി20യും മണ്ഡലത്തില്‍ സാന്നിധ്യമറിയിക്കുന്നു. ഇവര്‍ സമാഹരിക്കുന്ന വോട്ടുകളും ഒപ്പം യാക്കോബായ സഭയുടെ നിലപാടുകളും മണ്ഡലത്തിലെ വിധിനിര്‍ണയത്തെ സ്വാധീനിക്കും.

തൃപ്പൂണിത്തുറയില്‍ ത്രികോണമത്സരം

മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫും നിലനിര്‍ത്താന്‍ എല്‍ഡിഎഫും അത്ഭുതം കാട്ടാന്‍ എന്‍ഡിഎയും തയ്യാറെടുക്കുമ്പോള്‍ ശക്തമായ ത്രികോണമത്സരമാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്നത്. 1991 മുതല്‍ 25 വര്‍ഷം മണ്ഡലത്തില്‍ എംഎല്‍എയായിരുന്ന മുന്‍ മന്ത്രി കെ.ബാബുവിനെ 4467 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് സിപിഎമ്മിന്റെ യുവനേതാവ് എം.സ്വരാജ് കഴിഞ്ഞവട്ടം ഞെട്ടിച്ചത്. ഇത്തവണ ഇരുവരും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടത്തിന് ചൂടും ചൂരുമേറും.

ബാര്‍കോഴ വിവാദവും ഒപ്പം തുറവൂര്‍ വിശ്വംഭരന്‍ ബിജെപി സ്ഥാനാര്‍ഥിയായി വന്നതുമാണ് ബാബുവിനെ കഴിഞ്ഞതവണ അടിതെറ്റിച്ചത്. ഇത്തവണ ബാര്‍കോഴയില്‍ തെളിവില്ലെന്ന വിജിലന്‍സ് കണ്ടെത്തലാണ് ബാബുവിന്റെ ആത്മവിശ്വാസം. ഒപ്പം വിശ്വാസികളുടെ വോട്ടും ബാബു ഉറപ്പിക്കുന്നു. ഉറച്ച നിലപാടും വികസനത്തിന്റെ സംസാരിക്കുന്ന ഉദാഹരണങ്ങളും സ്വരാജ് വിജയത്തുടര്‍ച്ചയ്ക്ക് വഴിതേടുന്നു.

അതിനൊപ്പം മുന്‍ പി.എസ്.സി. ചെയര്‍മാനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.രാധാകൃഷ്ണനിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെ എത്തിച്ചിരിക്കുകയാണ് എന്‍ഡിഎയും. മണ്ഡലത്തില്‍ ബിജെപിയ്ക്കും ചെറുതല്ലാത്ത സ്വാധീനമുണ്ട്. ശബരിമല ഉള്‍പ്പെടെ പ്രചാരണ വിഷയമാകുമ്പോള്‍ ജില്ലയില്‍ എന്‍ഡിഎ ഏറ്റവും പ്രതീക്ഷവെക്കുന്ന മണ്ഡമാകുന്നു തൃപ്പൂണിത്തുറ.

ആരെ തുണക്കും കോതമംഗലം

വലതു ചായ്വുള്ള കോതമംഗലം കഴിഞ്ഞ വട്ടം മാറിച്ചിന്തിച്ചു. ഇടത് സ്ഥാനാര്‍ഥി ആന്റണി ജോണിനെ 19,282 വോട്ടുകള്‍ക്ക് വിജയിപ്പിച്ചു. ആന്റണി ജോണ്‍ വീണ്ടുമെത്തുമ്പോള്‍ ആ കണക്ക് തീര്‍ക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. 

കേരളാ കേണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ഷിബു തെക്കുംപുറമാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിഡിജെഎസ് ജില്ലാ സെക്രട്ടറി ഷൈന്‍ കെ. കൃഷ്ണനും ട്വന്റി20യുടെ ഡോ. ജോ ജോസഫും കൂടിയെത്തുമ്പോള്‍ കോതമംഗലത്തെ പോരാട്ടം കടുക്കുന്നു.

പരിസ്ഥിതി പ്രശ്നങ്ങള്‍, റോഡ് വികസനം, പൊതു ശ്മശാനം, ശബരി റെയില്‍പാത തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മണ്ഡലം കൂടിയാണിത്. വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സമുദായ വോട്ടുകള്‍ പ്രത്യേകിച്ച് യാക്കോബായ സഭയുടെ നിലപാട് ഇവിടെ നിര്‍ണായകമാകും.

കുന്നത്തുനാട്ടില്‍ നാല് സാധ്യതകള്‍

യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമാണിത്. കഴിഞ്ഞ രണ്ടുവട്ടമായി കോണ്‍ഗ്രസിന്റെ വി.പി.സജീന്ദ്രനാണ് എംഎല്‍എ. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ മന്ത്രിസ്ഥാനത്തിന് വരെ സാധ്യതയുള്ള നേതാവ്. 2011ല്‍ 8372 വോട്ടുകള്‍ക്കും 2016ല്‍ 2679 വോട്ടുകള്‍ക്കുമായിരുന്ന സജീന്ദ്രന്റെ ജയം. ഇടത് സ്ഥാനാര്‍ഥികള്‍ക്കൊപ്പം നിന്ന ചരിത്രവുമുണ്ട് മണ്ഡലത്തിന്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.വി.ശ്രീനിജിനാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പേമെന്റ് സീറ്റെന്ന ആരോപണം പോസ്റ്ററായി വന്ന ഇടം. എന്‍ഡിഎയ്ക്കായി ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷും. ഇവര്‍ക്കൊപ്പമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ ട്വന്റി-20യുടെ വരവ്.

കുന്നത്തുനാട് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെ ഭരണം ട്വന്റി-20യ്ക്കാണ്. അതുകൊണ്ടുരന്നെ ജില്ലയില്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവര്‍ക്ക് സ്വാധീനം കൂടുതലും ഇവിടെ തന്നെ. ട്വന്റി-20 പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് തിരിച്ചടിയാകുമെന്നതിനൊപ്പം കുന്നത്തുനാട് അവര്‍ക്കൊരു നിയമസഭാ സീറ്റ് നല്‍കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാകും മെയ് രണ്ടിന് പുറത്തുവരിക. 

ട്വന്റി 20 നിയസഭയില്‍ അക്കൗണ്ട് തുറക്കുമോ അല്ലെങ്കില്‍ അവര്‍ ആരെ തോല്‍പിക്കും ഇതാണ് കുന്നത്തുനാട് തേടുന്നത്. 

Content Highlights: Kerala Assembly Election 2021 Ernakulam Roundup