കൊച്ചി : എറണാകുളത്ത് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ മത്സരം കടുക്കുന്നതാണ് കണ്ടത്. യു.ഡി.എഫ്. മണ്ഡലം എന്ന ഗണത്തിലാണ് എറണാകുളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. അനായാസം ജയിക്കാനുള്ള സാധ്യത എറണാകുളത്ത് യു.ഡി.എഫിനുണ്ട്.

മതിയായ കാരണമില്ലാതെ യു.ഡി.എഫ്. ഇവിടെ പരാജയപ്പെട്ടിട്ടില്ല. അതേസമയം, 2011-ലും 2016-ലും കിട്ടിയ വലിയ മാർജിൻ ഇക്കുറി യു.ഡി.എഫിന്റെ കണക്കുപുസ്തകത്തിൽ ഇല്ല. എന്നാൽ, ഏറ്റവും കുറഞ്ഞത് 10,000 വോട്ടിന്റെ ഭൂരിപക്ഷം കോൺഗ്രസ് ഉറപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതിന്റേയും മറ്റും പശ്ചാത്തലത്തിൽ യു.ഡി.എഫ്. ഞെങ്ങി ഞെരുങ്ങിയാണ് വിജയിച്ചത്. കോൺഗ്രസിന് അതൊരു ഷോക്ക് ആയിരുന്നു. അതിൽനിന്ന് പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പിൽ കണ്ടത്. വളരെ മുമ്പേതന്നെ തിരഞ്ഞെടുപ്പ്‌ ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങൾ യു.ഡി.എഫ്. തുടങ്ങിയിരുന്നു.

യു.ഡി.എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടുന്നത് ചേരാനല്ലൂർ മേഖലയിൽ നിന്നാണ്. അവിടം കേന്ദ്രീകരിച്ചു തന്നെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. അവിടെ ലഭിക്കുന്ന മികച്ച ലീഡിന്റെ അടിസ്ഥാനത്തിൽ വിജയം ഉറപ്പിക്കുന്നതാണ് യു.ഡി.എഫ്. രീതി.

ഇക്കുറിയും അതിൽ മാറ്റം സംഭവിക്കില്ലെന്നാണ്‌ യു.ഡി.എഫിന്റെ വിലയിരുത്തൽ. ചേരാനല്ലൂരിൽ വ്യക്തമായ ലീഡ് നിലനിർത്തും.

അതേസമയം, കൊച്ചി കോർപ്പറേഷൻ ഡിവിഷനുകളിൽ പലതിനും പല സ്വഭാവമാണ്. ചിലയിടങ്ങളിൽ യു.ഡി.എഫിന്‌ മുൻതൂക്കം ലഭിക്കുമ്പോൾ, ചില സ്ഥലങ്ങളിൽ എൽ.ഡി.എഫ്. കയറിവരും. ചില ഡിവിഷനുകളിൽ ഇരുപക്ഷവും ഏതാണ്ട് ഒപ്പത്തിനൊപ്പം നിൽക്കും.

ബി.ജെ.പി.ക്ക് ശക്തമായ സ്വാധീനമുള്ള ഡിവിഷനുകളും എറണാകുളം മണ്ഡലത്തിൽ ഉണ്ട്. കോർപ്പറേഷൻ ഡിവിഷനുകളിൽ വടുതല ഭാഗം യു.ഡി.എഫിന്റെ ശക്തികേന്ദ്രമായാണ്‌ പൊതുവെ പറയാറുള്ളത്. അവിടം വിട്ടുകഴിഞ്ഞാൽ പിന്നെ ഏറിയും കുറഞ്ഞുമാണ് യു.ഡി.എഫിന്റെ മുൻതൂക്കം.

സി.പി.എമ്മിന്റെ ഉറച്ച വോട്ടുകളുടെ കണക്കെടുക്കുമ്പോൾ ഇടതുപക്ഷത്തിന് ജയസാധ്യത വിരളമാണ്. എന്നാൽ, സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവത്തിൽ വോട്ട്‌ മറിഞ്ഞിട്ടുണ്ടെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. നിഷ്പക്ഷ വോട്ടുകൾ മാത്രമല്ല, ഉറച്ച കോൺഗ്രസ് വോട്ടുകൾ തന്നെയും ഇക്കുറി മാറിവീഴുമെന്ന് അവർ കരുതുന്നുണ്ട്. ക്രൈസ്തവ സഭാ നേതൃത്വവുമായി ഇടതു സ്ഥാനാർഥിക്കുള്ള അടുത്ത ബന്ധം ഇക്കുറി ആ വോട്ടുകളിൽ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് എൽ.ഡി.എഫ്. കണക്കാക്കുന്നത്.

പള്ളികളിലും കോൺവെന്റുകളിലുമെല്ലാം സ്ഥാനാർഥിക്കുള്ള സ്വീകാര്യത വോട്ടായി മാറിയിട്ടുണ്ടെന്നാണ്‌ പ്രതീക്ഷ. ഇടതു സ്ഥാനാർഥിക്ക്‌ ക്രൈസ്തവ മേഖലയിൽ ഇത്ര സ്വീകാര്യത കിട്ടുന്നത് ആദ്യമായിരിക്കുമെന്നും നേതാക്കൾ വിലയിരുത്തുന്നു. പാർട്ടി വോട്ടുകൾക്കൊപ്പം സ്ഥാനാർഥി പിടിക്കുന്ന അധിക വോട്ടുംകൂടി ചേരുമ്പോൾ എറണാകുളത്ത് അദ്‌ഭുതം സംഭവിച്ചേക്കാമെന്നും ഇടതു നേതാക്കൾ പറയുന്നു.

എന്നാൽ, ഇടതുപക്ഷം ഏറ്റവും കൂടിയാൽ 37,000 വോട്ട്‌ പിടിക്കും. അത് 40,000 ആയാലും പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ്‌ യു.ഡി.എഫ്. ആശ്വസിക്കുന്നത്.

എൻ.ഡി.എ. നഗരത്തിൽ മികച്ച പ്രചാരണം കാഴ്ചവെച്ചിരുന്നു. 15,000-നു മുകളിൽ വോട്ട് ബി.ജെ.പി. പ്രതീക്ഷിക്കുന്നുണ്ട്.

ട്വന്റി 20-യുടെ സാന്നിധ്യം എത്രമാത്രം ബാധിക്കുമെന്നതും യു.ഡി.എഫിനെ സംബന്ധിച്ച് പ്രധാനമാണ്. ട്വന്റി 20-യും വി-4 കേരളയും വോട്ട് കൂടുതൽ പിടിച്ചാൽ അത്‌ യു.ഡി.എഫിന് തലവേദനയാവും.

എന്നാൽ, രണ്ടു പാർട്ടികളും കൂടി 10,000 വോട്ടു മാത്രമെ പിടിക്കൂ എന്നാണ്‌ യു.ഡി.എഫ്. വിലയിരുത്തൽ.