മലപ്പുറം: കളമശ്ശേരി സീറ്റിനെച്ചൊല്ലി മുസ്ലിംലീഗിലുണ്ടായ ആഭ്യന്തരകലഹത്തിന് പരിഹാരമായി. നേരത്തേ പ്രഖ്യാപിച്ച അഡ്വ. വി.ഇ. ഗഫൂര്‍ തന്നെ മത്സരിക്കും.

ചൊവ്വാഴ്ച ടി.എ. അഹമ്മദ്കബീര്‍, പി.എം.എ. സലാം, മുസ്ലിംലീഗ് എറണാകുളം ജില്ലാകമ്മിറ്റി നേതാക്കള്‍ എന്നിവരെല്ലാം പാണക്കാട്ടെത്തി തങ്ങളുമായി ചര്‍ച്ചനടത്തിയിരുന്നു. തുടര്‍ന്നാണ് പരിഹാരമുണ്ടായത്.

പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ മാറ്റില്ലെന്ന് കഴിഞ്ഞദിവസം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിച്ച അതേ ഫോര്‍മുലതന്നെ ഉപയോഗിച്ചാണ് കളമശ്ശേരിയിലെ പ്രശ്‌നവും പരിഹരിച്ചതെന്നാണ് സൂചന. കളമശ്ശേരി സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന ടി.എ. അഹമ്മദ്കബീര്‍ ഒരുഘട്ടത്തില്‍ വിമതസ്ഥാനാര്‍ഥിയാകുമെന്നുവരെ ശ്രുതിയുണ്ടായിരുന്നു. കബീറിനുവേണ്ടി എറണാകുളം ജില്ലാകമ്മിറ്റിയും ശക്തമായി നിലകൊണ്ടു. ഈ സാഹചര്യത്തിലാണ് എല്ലാവരേയും പാണക്കാട്ടേക്കു വിളിപ്പിച്ചത്.

സീറ്റ് വിട്ടുകൊടുക്കുന്നതിനു പകരമായി മറ്റൊരു പ്രധാനപദവി അഹമ്മദ് കബീറിന് നല്‍കാനാണ് ധാരണ. കബീര്‍ വിഭാഗം രാജ്യസഭാസീറ്റ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. എന്തായാലും കളമശ്ശേരിയില്‍ ലീഗില്‍ വിമതസ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് അഹമ്മദ് കബീര്‍ മാധ്യമങ്ങളോടു പറഞ്ഞു.

തനിക്കു പറയാനുള്ളതെല്ലാം തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ഇനി അദ്ദേഹം തീരുമാനമെടുക്കുമെന്നും കബീര്‍ അറിയിച്ചു. ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളാണ് അവസാനവാക്കെന്നും അദ്ദേഹത്തിന്റെ തീരുമാനം എന്തായാലും അനുസരിക്കുമെന്നുമാണ് എറണാകുളം ജില്ലാകമ്മിറ്റി പ്രസിഡന്റ് കെ.എം. അബ്ദുള്‍മജീദ് പറഞ്ഞത്.

കഴിഞ്ഞദിവസം തിരൂരങ്ങാടിയിലെ സീറ്റുതര്‍ക്കം പരിഹരിക്കാന്‍ പി.എം.എ. സലാമിന് സംസ്ഥാന ജനറല്‍സെക്രട്ടറി സ്ഥാനമാണ് മുസ്ലിംലീഗ് നല്‍കിയത്.