എറണാകുളം: കളമശ്ശേരിയില്‍ മുസ്ലീം ലീഗിന് വിമത സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്ന് അഹമ്മദ് കബീര്‍. പ്രവര്‍ത്തകരുടെ വികാരം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശ്ശേരിയില്‍ മാത്രമല്ല ഒരിടത്തും മുസ്ലീം ലീഗിന് വിമത സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്ന് അഹമ്മദ് കബീര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ലീഗ് നേതൃത്വം ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ നേതാക്കന്മാരുമായി ഹൈദരലി തങ്ങളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റണമെന്നാണ് മുസ്ലീം ലീഗ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. എന്നാല്‍ ഇതിന് തയ്യാറാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. വിഷയത്തില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ജില്ലയിലെ ലീഗ് പ്രവര്‍ത്തകര്‍.

Content Highlights: Kalamassery muslim league conflict TA Ahammed Kabeer