കൊച്ചി : യുഡിഎഫിനു പിന്നാലെ കളമശ്ശേരി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുഴങ്ങി എല്‍ഡിഎഫും. പ്രാദേശിക ഘടകങ്ങളില്‍ നിന്നുള്ള എതിര്‍പ്പാണ് മുന്നണികള്‍ക്ക് മണ്ഡലത്തെ കീറാമുട്ടിയാക്കുന്നത്.

പാലാരിവട്ടം പാലം അഴിമതിയുടെ പേരില്‍ കേസ് നേരിടുന്ന സിറ്റിങ് എംഎല്‍എയും മുന്‍ വ്യവസായമന്ത്രിയുമായ പി.കെ.ഇബ്രാഹിം കുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിലെ ഒരു വിഭാഗം നേരത്തേ തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിനു പകരം മകന്‍ അബ്ദുള്‍ ഗഫൂറിനെ മത്സരിപ്പിക്കാനുള്ള നീക്കത്തെയും ഇവര്‍ എതിര്‍ത്തിരുന്നു. എറണാകുളം ജില്ലക്കാരനായ മങ്കട എംഎല്‍എ അഹമ്മദ് കബീറിനെ കളമശ്ശേരിയില്‍ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. മുസ്ലിം ലീഗിന്റെ കളമശ്ശേരി ടൗണ്‍ കമ്മിറ്റി ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.

എന്നാല്‍, മണ്ഡലത്തില്‍ രണ്ടു തവണ തുടര്‍ച്ചയായി എംഎല്‍എ ആയ ഇബ്രാഹിം കുഞ്ഞിനുള്ള സ്വാധീനം പൂര്‍ണമായി തള്ളിക്കളയാന്‍ സംസ്ഥാന നേതൃത്വത്തിനാവില്ല. അതേസമയം, അഴിമതി ആരോപണ വിധേയനായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് മറ്റു മണ്ഡലങ്ങളിലും തിരിച്ചടിയാവുമെന്ന് എതിര്‍പക്ഷം ചൂണ്ടിക്കാണിക്കുന്നു.

മുസ്ലിം ലീഗിന്റെ മണ്ഡലത്തിലെ ഈ ദൗര്‍ബല്യം മുതലെടുത്ത് ശക്തനായ സ്ഥാനാര്‍ഥിയെയാണ് സിപിഎം ഇക്കുറി പ്രഖ്യാപിച്ചത്. മികച്ച പാര്‍ലമെന്ററിയനെന്ന് പേരെടുത്ത, ജില്ലയില്‍ സുപരിചിതനായ പി.രാജീവാണ് കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍, സിപിഎം പ്രാദേശിക ഘടകത്തില്‍ നിന്നുള്ള എതിര്‍പ്പ് രാജീവിനെതിരെയും ഉയര്‍ന്നു കഴിഞ്ഞു.

അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനുമായുള്ള അടുപ്പം ചൂണ്ടിക്കാട്ടിയാണ് രാജീവിനെതിരായ നീക്കം. 'അഴിമതി വീരന്‍ സക്കീറിന്റെ ഗോഡ്ഫാദര്‍ രാജീവിനെ കളമശ്ശേരിക്ക് വേണ്ട' എന്ന പോസ്റ്റര്‍ മണ്ഡലത്തില്‍ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സക്കീര്‍ അന്വേഷണം പൂര്‍ത്തിയാകും മുമ്പേ ജനുവരിയില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത് നേരത്തേ തന്നെ വിഭാഗീയതയ്ക്ക് കാരണമായിരുന്നു.

വി.എസ്. വിഭാഗം നേതാവായിരുന്ന ചന്ദ്രന്‍പിള്ളയ്ക്ക് സീറ്റ് നല്‍കാത്തതാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം രാജീവിനെതിരെ തിരിയാനുള്ള മറ്റൊരു കാരണം. എന്നാല്‍, ജില്ലാ നേതൃത്വം ഇപ്പോഴും രാജീവിനെയാണ് പിന്തുണയ്ക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാറ്റമുണ്ടാകുമോ എന്നും യുഡിഎഫ് വീണ്ടും ഇബാഹിംകുഞ്ഞിനെ എത്തിക്കുമോ എന്നുമാണ് പ്രാദേശിക ഘടകങ്ങള്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്. അഴിമതി ആരോപണങ്ങളുെടെയും പ്രാദേശിക പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ സംസ്ഥാനെത്തെ ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നാവുകയാണ് കളമശ്ശേരി.