കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ കെ.ബാബുവിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കി ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശിധരന്‍ നമ്പൂതിരി. നിലവിലെ തൃപ്പൂണിത്തുറ എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.സ്വരാജ് ശബരിമല വിഷയത്തിലെടുത്ത നിലപാടിനോടുള്ള പ്രതിഷേധമായാണ് താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് കെട്ടിവെക്കാനുള്ള പണം നല്‍കുന്നത് ശശിധരന്‍ നമ്പൂതിരി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് ചെന്നിത്തലയെ വിളിച്ചുചോദിച്ചിരുന്നു. അപ്പോള്‍ തീരുമാനമായിരുന്നില്ല. പിന്നീട് കെ.ബാബുവാണ് സ്ഥാനാര്‍ഥിയെന്നറിഞ്ഞു. ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണ്. കെട്ടിവെക്കാനുള്ള പണം നല്‍കാന്‍ തന്നെ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു.

എനെറ വകയായല്ല, നാടിന്റെ വകയായാണ് നല്‍കുന്നത്. കേമത്തത്തിന് വേണ്ടിയോ എനെറ കയ്യില്‍ പണമുണ്ടായിട്ടോ അല്ല. അയ്യപ്പനെതിരേ പറഞ്ഞ എംഎല്‍എ സ്വരാജ് നിയമസഭ കാണരുതെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് പണം നല്‍കുന്നതെന്നും തൃപ്പൂണിത്തുറയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.