റണാകുളം ജില്ലയില്‍ ബി.ജെ.പി. ഏറ്റവും പ്രതീക്ഷവെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ. പി.എസ്.സി. ചെയര്‍മാന്‍, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവികള്‍ വഹിച്ചിട്ടുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണനെ കളത്തിലെത്തിച്ച് മണ്ഡലത്തിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് അവരുടെ ശ്രമം.

2016-ല്‍ ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി കെ.ബാബുവിനെ അട്ടിമറിച്ചാണ് സിപിഎമ്മിന്റെ എം.സ്വരാജ് മണ്ഡലം പിടിച്ചത്. 25 വര്‍ഷമായി തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന കെ.ബാബുവിന്റെ കുതിപ്പിനാണ് സ്വരാജ് തടയിട്ടത്. ഇത്തവണ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരിന് ചൂടും ചൂരുമേറുന്നു. ബാര്‍കോഴ കേസില്‍ ബാബുവിന് വിജിലന്‍സ് ക്ലീന്‍ചിറ്റ് ലഭിച്ചിട്ടുമുണ്ട്.

എല്‍.ഡി.എഫ്.-യു.ഡി.എഫ്. പോരാട്ടത്തിനൊപ്പം പിടിക്കാന്‍ എന്‍.ഡി.എയ്ക്ക് തുണയാകുന്നത് മണ്ഡലത്തില്‍ ബി.ജെ.പിയ്ക്കുള്ള വേരോട്ടമാണ്. കഴിഞ്ഞ രണ്ടുവട്ടമായി തൃപ്പൂണിത്തുറ നഗരസഭയില്‍ പ്രതിപക്ഷത്ത് ബി.ജെ.പിയാണ്. എല്‍.ഡി.എഫ്. ഭരിക്കുന്ന നഗരസഭയില്‍ മൂന്നാമതാണ് യു.ഡി.എഫ്.

ശബരിമല വിഷയം മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെന്നതും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്നും 1.80 ലക്ഷത്തിലേറെ വോട്ടുകള്‍ സമാഹരിച്ചയാളാണ് കെ.എസ്.രാധാകൃഷ്ണന്‍ എന്നതും ബിജെപിയുടെ പ്രതീക്ഷയേറ്റുന്നു.

അതേസമയം, ബി.ജെ.പി. വോട്ടുകള്‍ തനിയ്ക്ക് ലഭിക്കുമെന്ന പ്രഖ്യാപനവുമായി കെ.ബാബു തന്നെ രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായെങ്കിലും അതെത്രമാത്രം ശരിയാകുമെന്നത് മണ്ഡലത്തില്‍ നിര്‍ണായകമാകും. എം.സ്വരാജ് ശബരിമല വിഷയത്തിലെടുത്ത നിലപാട് മണ്ഡലത്തിലെ വിശ്വാസി വോട്ടുകള്‍ ഇടതിന് ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അവ ബി.ജെ.പിയിലേക്കാണ് കേന്ദ്രീകരിക്കുന്നതെങ്കില്‍ സ്വരാജിന്റെ സാധ്യതകള്‍ വര്‍ധിക്കും.

എന്നാല്‍, ആ വോട്ടുകള്‍ കെ.ബാബുവിലേക്ക് എത്തുന്നത് ഇടതിന് തിരിച്ചടിയാകും. 'സ്വരാജ് ഇനി നിയമസഭ കാണരുത്' എന്ന പ്രഖ്യാപിച്ച് ശബരിമല മുന്‍ മേല്‍ശാന്തിയാണ് കെ.ബാബുവിന് കെട്ടിവെക്കാനുള്ള തുക നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തില്‍ പരിചിതനായി എന്നതാണ് സ്വരാജിന് ഇത്തവണയുള്ള പ്ലസ്. ഒപ്പം, മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകളും ഇടത് സര്‍ക്കാരിന്റെ നേട്ടങ്ങളും തങ്ങള്‍ക്ക് ഗുണമാകുമെന്ന് അവര്‍ കരുതുന്നു.

content highlights: k babu, m swaraj, ks radhakrishnan who will win thrippunithura constituency