കൊച്ചി: എറണാകുളം മണ്ഡലത്തിലെ ഇടതു സ്വതന്ത്രനെ അവസാന ഘട്ടത്തിൽ മാറ്റി. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജിനെയാണ് ആദ്യം ആലോചിച്ചത്. എന്നാൽ, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളിയെ സ്ഥാനാർഥിയാക്കാൻ ശനിയാഴ്ച ചേർന്ന സി.പി.എം. ജില്ലാ നേതൃയോഗം തീരുമാനിച്ചു.

സ്ഥാനാർഥിത്വം ഉറപ്പാണെന്ന് പാർട്ടി നേതാക്കൾ അറിയിച്ചതിനെ തുടർന്നു ഷാജി ജോർജ് ശനിയാഴ്ച രാവിലെ മണ്ഡലത്തിലെ പൗരപ്രമുഖരേയും മറ്റും കണ്ടിരുന്നു.

എന്നാൽ, ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗത്തിലും തുടർന്നു നടന്ന ജില്ലാ കമ്മിറ്റിയിലും യേശുദാസ് പറപ്പള്ളിയുടെ പേര് ഉയർന്നുവന്നു. തുടർന്ന് യേശുദാസിനെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്‌ വിളിച്ചുവരുത്തി സ്ഥാനാർഥിയാക്കുന്ന കാര്യം അറിയിച്ചു.

കെ.ആർ.എൽ.സി.സി.യുടെ നിർദേശമനുസരിച്ചാണ്‌ ഷാജി ജോർജിനെ സി.പി.എം. പരിഗണിച്ചത്. സഭാ നേതൃത്വത്തിന്റെ ഇടപെടൽ കൂടിയായപ്പോൾ ഷാജിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിലേക്ക്‌ ജില്ലാ സെക്രട്ടേറിയറ്റ് എത്തുകയായിരുന്നു. ആദ്യ പേരായി ഷാജിയെയാണ് പരിഗണിച്ചത്.

എറണാകുളം ജില്ലാ പഞ്ചായത്തിലെ കടുങ്ങല്ലൂരിൽ നിന്നുള്ള അംഗം യേശുദാസ് പറപ്പിള്ളിയും ലിസ്റ്റിലുണ്ടായിരുന്നു. സി.പി.എം. എറണാകുളം ഏരിയ കമ്മിറ്റിയിൽനിന്ന്‌ വന്ന പേരുകളിൽ പ്രധാനം യേശുദാസിന്റേതായിരുന്നു. ഇതിനൊപ്പം മനു റോയിയുടെ പേരും ഏരിയ കമ്മിറ്റി മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ഈ രണ്ടു പേരുകളും മാറ്റിവെച്ചാണ്‌ ജില്ലാ കമ്മിറ്റി ആദ്യം ഷാജിയുടെ പേര് ഉൾപ്പെടുത്തിയിരുന്നത്.

അതേസമയം, പാർട്ടിയിൽനിന്ന് എതിർപ്പുകൾ ഉയർന്നിട്ടും തൃക്കാക്കരയിലേയും ആലുവയിലേയും സ്വതന്ത്ര സ്ഥാനാർഥികളെ മാറ്റേണ്ടെന്ന തീരുമാനമാണ് പാർട്ടി നേതൃത്വത്തിന്.

തൃക്കാക്കരയിൽ ഡോ. ജെ. ജേക്കബും ആലുവയിൽ ഷെൽന നിഷാദും സ്ഥാനാർഥികളാവും. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധനാണ് ജേക്കബ്.

കോൺഗ്രസ് നേതാവും ആലുവയിലെ മുൻ എം.എൽ.എ.യുമായ കെ. മുഹമ്മദാലിയുടെ മരുമകളാണ് ഷെൽന നിഷാദ്. മുകളിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷെൽന സ്ഥാനാർഥി പട്ടികയിൽ ഇടം കണ്ടെത്തിയത്. ഇവരെ സ്ഥാനാർഥിയാക്കുന്നതിൽ പ്രദേശത്തെ പാർട്ടി നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ടെങ്കിലും പാർട്ടി തീരുമാനമെന്ന നിലയിൽ ഒടുവിൽ അംഗീകരിക്കുകയായിരുന്നു.

പെരുമ്പാവൂർ, പിറവം സീറ്റുകൾ ജോസ് വിഭാഗത്തിന്‌ വിട്ടുകൊടുത്തതിനെതിരേയും ശക്തമായ പ്രതിഷേധം കമ്മിറ്റിയിൽ ഉണ്ടായി. പെരുമ്പാവുരിൽ പാർട്ടിക്ക്‌ ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടെന്ന അഭിപ്രായവും ഉയർന്നു. എന്നാൽ, യോഗത്തിൽ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ പാർട്ടി തീരുമാനത്തെ ന്യായീകരിച്ചു.

പാർട്ടി തുടർച്ചയായി ജയിക്കുന്ന റാന്നിയും ചാലക്കുടിയുമെല്ലാം ജോസ് വിഭാഗത്തിന് കൊടുക്കേണ്ടി വന്നിട്ടുണ്ട്. പുതുതായി ഒരു പാർട്ടി മുന്നണിയിലേക്ക്‌ വരുമ്പോൾ ഇത്തരം നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയിൽ ജോസ് വിഭാഗം ആവശ്യപ്പെട്ടത് പെരുമ്പാവൂരും പിറവവുമാണ്. അത്‌ അവർക്ക്‌ കൊടുക്കേണ്ടിവന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

പിറവം സീറ്റ് വിട്ടുകൊടുത്തതിൽ സി.പി.എം. ഏരിയ നേതൃത്വത്തിന്‌ കടുത്ത അതൃപ്തിയുണ്ട്. ഇതിനെതിരേ സംസ്ഥാന നേതൃത്വത്തിന്‌ അവർ ശനിയാഴ്ച പാരാതിയും അയച്ചു.