കൊച്ചി: പറവൂര്‍ സീറ്റ് വെച്ചുമാറാന്‍ സി.പി.എം.-സി.പി.ഐ. ഉഭയകക്ഷി ചര്‍ച്ചയില്‍ ആലോചന. ഇക്കാര്യം സി.പി.എം. നേതൃത്വംതന്നെയാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. പറവൂര്‍ പിടിക്കേണ്ടത് അനിവാര്യമാണെന്ന നിലയിലാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.എം. ഇക്കാര്യം അവതരിപ്പിച്ചത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവിനെ ഇവിടെ മത്സരിപ്പിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് സി.പി.എം. കരുതുന്നത്. ഇക്കാര്യവും സി.പി.എം. ഉഭയകക്ഷി ചര്‍ച്ചയില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അടുത്ത ചര്‍ച്ചയിലേ തീരുമാനം ഉണ്ടാവുകയുള്ളൂ. സീറ്റ് വെച്ചുമാറല്‍ സംസ്ഥാന തലത്തില്‍തന്നെയുള്ള പാക്കേജായതിനാല്‍ പെട്ടെന്ന് തീരുമാനത്തിലെത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. ജില്ലാ നേതൃത്വവുമായി ആലോചിച്ച് തീരുമാനം പറയാമെന്ന നിലപാടാണ് സി.പി.ഐ. സ്വീകരിച്ചിട്ടുള്ളത്.

വി.ഡി. സതീശനെ പറവൂരില്‍ തോല്‍പ്പിക്കുക എന്നത് സി.പി.എം. പ്രധാന കാര്യമായിത്തന്നെ എടുത്തിരിക്കുകയാണ്. സി.പി.എം. പ്രാദേശിക നേതൃത്വവും സീറ്റ് ഇക്കുറി ഏറ്റെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പറവൂരില്‍ ഇപ്പോള്‍ ജയിക്കാനുള്ള സാഹചര്യം ഉണ്ടെന്നാണ് സി.പി.എം. വിലയിരുത്തല്‍. നല്ല സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ജില്ലയിലെ ജനസമ്മതനായ നേതാവ് എന്ന നിലയില്‍ പി. രാജീവിനെത്തന്നെ ഇതിന് നിയോഗിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് ആലോചനയുണ്ട്. സി.പി.ഐ.യുമായുള്ള അടുത്ത വട്ടം ചര്‍ച്ചയില്‍ ഇത് പ്രാവര്‍ത്തികമായാല്‍ ഇക്കുറി പറവൂരില്‍ തീ പാറുന്ന പോരാട്ടം നടക്കും.

കഴിഞ്ഞ ഇരുപതു വര്‍ഷമായി പറവൂരില്‍ തോറ്റുകൊണ്ടിരിക്കുന്ന സി.പി.ഐ.ക്ക് ഇപ്പോള്‍ ആ സീറ്റില്‍ താത്പര്യമില്ല. സീറ്റ് തിരിച്ചുപിടിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ഥിയും ഇപ്പോള്‍ പാര്‍ട്ടിയിലില്ല. സംസ്ഥാന നേതൃത്വത്തിലും അത്തരമൊരാള്‍ ഇല്ല. വീണ്ടും പരീക്ഷണത്തിന് മുതിരുന്നതിനു പകരം പറവൂര്‍ കൊടുത്ത് പിറവം വാങ്ങണമെന്ന ചിന്ത സി.പി.ഐ. ജില്ലാ നേതൃത്വത്തിനുണ്ട്. എന്നാല്‍ പിറവം സീറ്റിന്റെ കാര്യത്തില്‍ വ്യക്തതയില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വരുന്നതിന്റെ ഭാഗമായി സി.പി.ഐ. വിട്ടുകൊടുക്കുന്ന സീറ്റായി പറവൂര്‍ മാറിയാല്‍ മാത്രമേ ചര്‍ച്ചകള്‍ വിജയിക്കുകയുള്ളു. പകരം പിറവം വിട്ടുകൊടുക്കണമെന്ന കാര്യത്തില്‍ സി.പി.ഐ. ഉറച്ചുനിന്നാല്‍ സീറ്റ് വെച്ചുമാറ്റം നടക്കാതിരിക്കാനും ഇടയുണ്ട്. എറണാകുളം ജില്ലയില്‍ സി.പി.ഐ.ക്ക് മറ്റൊരു സിറ്റിങ് സീറ്റ് ഉള്ളതിനാല്‍ മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് വിട്ടുകൊടുക്കാന്‍ കഴിയന്ന സീറ്റ് പറവൂര്‍ തന്നെയായിരിക്കും.