കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. തൃപ്പൂണിത്തുറ, പള്ളുരുത്തി, ഇടക്കൊച്ചി, മുളന്തുരുത്തി എന്നിവിടങ്ങളിലാണ് പ്രകടനം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി. അംഗങ്ങളും ചേര്‍ന്നാണ് പ്രകടനം നടത്തിയത്.

ബാബുവിനെ ഒഴിവാക്കി മണ്ഡലത്തില്‍ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ബാബുവിന് ഇത്തവണ സീറ്റില്ലെന്നും മറ്റൊരാളാകും സ്ഥാനാര്‍ഥിയാവുക എന്നും വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്ന് പ്രകടനം നടക്കുന്നത്. 

ഇറക്കുമതി സ്ഥാനാര്‍ഥികളെ വേണ്ടെന്നും സ്വരാജിനെ പോലൊരാളെ അട്ടിമറിക്കണമെങ്കില്‍ ബാബു തന്നെ വേണമെന്നും പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. ഇറക്കുമതി സ്ഥാനാര്‍ഥിയെ ഒന്നടങ്കം ബഹിഷ്‌കരിച്ചിരിക്കുമെന്നും അതില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: congress workers stages protest march demands candidature of k babu in thripunithura