കൊച്ചി: തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെ. ബാബുവിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. സാബു പരസ്യമായി രംഗത്തെത്തി. തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ബാബുവിനെ സ്ഥാനാര്‍ഥിയാക്കിയതോടെ സീറ്റ് നഷ്ടപ്പെടുത്തിയെന്നും സാബു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

'സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കെ. ബാബു തന്നെ കുറ്റവിമുക്തനാക്കിയെന്ന് പറഞ്ഞ് ഒരു രേഖ ഹാജരാക്കിയിരുന്നു. എന്നാല്‍ അത് കുറ്റവിമുക്തനാക്കിയ രേഖയല്ല. അത് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഒരു രേഖ മാത്രമാണ്. നിലവില്‍ തൃപ്പൂണിത്തുറയിലെ മത്സരച്ചിത്രം നോക്കിയാല്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. ജനങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട, ആരോപണവിധേയനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയത് ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ കാത്തിരുന്നവരെ നിരാശരാക്കി'- എ.വി. സാബു പറഞ്ഞു. 

മണ്ഡലത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രചാരണങ്ങളില്‍നിന്ന് വിട്ടുനിന്നതായി പരാതിയുയര്‍ന്നിരുന്നു. ഇതിനിടെയാണ് കെ. ബാബുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ നേരത്തെയും എതിര്‍പ്പ് പ്രകടിപ്പിച്ച എ.വി. സാബു വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്. 

Content Highlights: congress leader av sabu against tripunithura candidate k babu