റണാകുളം ജില്ലയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കുന്നത്തുനാട്. ട്വന്റി-20യുടെ വരവോടെ ചതുര്‍മുഖ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷിയാവുന്നത്. സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫും തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും വോട്ടുവിഹിതം ഉയര്‍ത്താന്‍ എന്‍ഡിഎയും ശ്രമിക്കുമ്പോള്‍ ഇവിടെനിന്ന് തങ്ങളുടെ അക്കൗണ്ട് തുറക്കാനാണ് ട്വന്റി-20യുടെ ശ്രമം.

പത്തു വര്‍ഷം മുമ്പ് സിപിഎമ്മില്‍ നിന്നാണ് കോണ്‍ഗ്രസ് നേതാവ് വി.പി.സജീന്ദ്രന്‍ കുന്നത്തുനാട് യുഡിഎഫിന്റെ അക്കൗണ്ടിലെത്തിച്ചത്. സജീന്ദ്രന് മണ്ഡലത്തിലുള്ള പരിചയം തുണയാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാല്‍,  ട്വന്റി-20യ്ക്ക് വര്‍ധിച്ചുവരുന്ന സ്വാധീനം ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതും യുഡിഎഫിനാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം കാഴ്ചവെച്ച ട്വന്റി-20യുടെ കയ്യിലാണ് മണ്ഡലത്തിലെ നാലു പഞ്ചായത്തുകള്‍. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് രീതിയായിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പിലെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 പരസ്യമായി എതിര്‍ത്തിട്ടും മണ്ഡലത്തില്‍ നിന്നും ബെന്നി ബെഹനാന്‍ വന്‍തോതില്‍ വോട്ട് സമാഹരിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.വി.ശ്രീനിജിനാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പേയ്‌മെന്റ് സീറ്റെന്ന് വരെ ആരോപണമുയര്‍ന്നെങ്കിലും ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം മണ്ഡലത്തില്‍ നടത്തുന്നത്. ട്വന്റി-20 കുത്തൊഴുക്കില്‍ വോട്ടുചോര്‍ച്ച ഉണ്ടാവില്ലെന്നും യുഡിഎഫിന് നഷ്ടമാകുന്ന വോട്ടുകള്‍ തങ്ങള്‍ക്ക് തുണയാകുമെന്നുമാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയാവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ എത്രമാത്രം പരിഹരിക്കാനായിട്ടുണ്ട് എന്ന ചോദ്യം അവരെ കുഴക്കുന്നുണ്ട്. സഭാവിഷയവും പ്രധാന വിഷയമാകുന്ന മണ്ഡലത്തില്‍ സമദൂരം പ്രഖ്യാപിച്ച യാക്കോബായ സഭയുടെ നിലപാട് ആര്‍ക്കനുകൂലമാകും എന്ന കാര്യവും മുന്നണികള്‍ സമാഹരിക്കുന്ന വോട്ടുകളില്‍ നിര്‍ണായക സ്വാധീനമാകും.

2016 തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും നേടിയ 16459 വോട്ടുകള്‍, ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ സ്ഥാനാര്‍ഥി രേണു സുരേഷിലൂടെ കുത്തനെ ഉയര്‍ത്താമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. ബെംഗളൂരുവില്‍ പ്രസിഡന്‍സി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. സുജിത്ത് പി. സുരേന്ദ്രനാണ് മണ്ഡലത്തിലെ ട്വന്റി-20 സ്ഥാനാര്‍ഥി. പ്രൊഫസറെന്ന സ്വീകാര്യതയ്ക്ക് പുറമേ മണ്ഡലത്തില്‍ നിന്നുള്ള ആളാണെന്നതും ഡോ. സുജിത്തിന് തുണയാകുമെന്ന് പാര്‍ട്ടി കരുതുന്നു. മുന്നണികള്‍ക്കൊപ്പം നില്‍ക്കുന്ന പ്രചാരണമാണ് ട്വന്റി-20 കുന്നത്തുനാട്ടില്‍ നടത്തുന്നത് എന്നതും ശ്രദ്ധേയം.

ട്വന്റി-20 കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മുന്നണി സ്ഥാനാര്‍ഥികള്‍ കൈമെയ് മറന്ന് അധ്വാനിച്ചാലേ മണ്ഡലത്തില്‍ ചലനമുണ്ടാക്കാനാവൂ എന്നതാണ് സ്ഥിതി. സമുദായ സമവാക്യങ്ങള്‍ കൂടി ചേരുമ്പോള്‍ കുന്നത്തുനാടിന്റെ മനസ്സ് അപ്രവചനീയമായിമാറുന്നു.