കൊച്ചി: ക്ലേ മോഡലിങ്ങില്‍ സമ്മാനങ്ങള്‍ നേടിയാണ് ഷെല്‍ന കോളേജില്‍ പഠിക്കുന്ന സമയത്ത് തിളങ്ങിയത്. ഇപ്പോള്‍ ആര്‍ക്കിടെക്ട് എന്ന വേഷത്തിലും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു 'ശില്പം' സൃഷ്ടിക്കാനുള്ള നിയോഗമാണ് വന്നിരിക്കുന്നത്. യു.ഡി.എഫിന്റെ ഉറച്ച സീറ്റെന്ന വിശേഷണമുള്ള ആലുവയില്‍ ഇടതുജയത്തിന്റെ ചുവപ്പന്‍ ശില്പം സൃഷ്ടിക്കാനുള്ള നിയോഗം.

ആലുവയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിശ്ചയിച്ച ഷെല്‍ന നിഷാദ് പുതിയ ജോലിയും പരമാവധി ഭംഗിയാക്കാമെന്ന പ്രതീക്ഷയിലാണ്. ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സ്ഥാനാര്‍ഥിയാകാനുള്ള ഒരുക്കങ്ങളിലേക്കു ഷെല്‍ന കടന്നു.

ആലുവയെ 26 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം െചയ്ത യു.ഡി.എഫ്. എം.എല്‍.എ.യായ കെ. മുഹമ്മദാലിയുടെ മരുമകളാണ് ഷെല്‍ന. സിറ്റിങ് എം.എല്‍.എ. യു.ഡി.എഫിലെ അന്‍വര്‍ സാദത്തിനെതിരേ അങ്കം കുറിക്കുമ്പോള്‍ കരുതലോടെയാണ് ഷെല്‍നയുടെ വരവ്. പാര്‍ട്ടിയിലെ പ്രാദേശിക ഘടകത്തിലെ ഒരു വിഭാഗം ആദ്യം അല്പം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും മുഹമ്മദാലിയുടെ മരുമകളെന്ന മേല്‍വിലാസവും നിഷ്പക്ഷ്മമായ ചില വോട്ടുകളും ഷെല്‍നയ്ക്കു ഗുണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

''പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് വരാതെ ഞാന്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷേ അത്തരമൊരു ദൗത്യം വന്നാല്‍ ധൈര്യപൂര്‍വം ഏറ്റെടുക്കും''- വനിതാ ദിനത്തിന്റെ തലേന്നാള്‍ സംസാരിക്കുമ്പോള്‍ ഉറച്ച ശബ്ദത്തില്‍ ഷെല്‍നയുടെ വാക്കുകള്‍.

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ബി.ആര്‍ക്ക് വിജയിച്ച ഷെല്‍ന ഇപ്പോള്‍ കൊച്ചിയിലെ എസ്.എന്‍. ആര്‍ക്കിടെക്ടിന്റെ ഫൗണ്ടറും ചീഫ് ആര്‍ക്കിടെക്ടുമാണ്. അങ്കാന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ നിഷാദ് അലിയാണ് ഭര്‍ത്താവ്. മകന്‍: ആതിഫ് അലി.