തൃപ്പൂണിത്തുറ:   തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനെ കാണാന്‍ ആല്‍ഫിയെന്ന ആറുവയസുകാരന്‍ എത്തുമ്പോള്‍ കൈയ്യില്‍ ഒരുപിടു പൂക്കളുണ്ടായിരുന്നു.  കനിവ് വറ്റിയ  കാലത്തോട് പൊരുമ്പോള്‍ കൈത്താങ്ങായതിനുള്ള നന്ദിയായിരുന്നു ആ പൂക്കള്‍. 

ലോക് ഡൗണ്‍ കാലത്ത് ജീവന്‍ രക്ഷാ മരുന്നു മുടങ്ങുമെന്ന ഘട്ടം വന്നപ്പോള്‍ എം സ്വരാജ് എം എല്‍ എ മുഖ്യമന്ത്രിയുമായി ഇടപെട്ട്  ഫയര്‍ ആന്റ് റെസ്‌ക്യൂ ആംബുലന്‍സ് സംവിധാനം വഴി തിരുവനന്തപുരത്തു നിന്നും ആല്‍ഫിക്കുള്ള ഹോമിയോ മരുന്ന് നാല് മണിക്കൂര്‍ കൊണ്ട് ' തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ എത്തിച്ചു നല്‍കിയിരുന്നു. തലച്ചോറില്‍ ബാധിക്കുന്ന ഹൈപ്പോ തലാമസ് എന്ന ക്യാന്‍സര്‍ രോഗം ബാധിച്ച ആല്‍ഫി ഇതിനോടകം ആറ് ഓപ്പറേഷനുകള്‍ക്ക് വിധേയമായി.

തൃപ്പൂണിത്തുറ അമ്പിളി നഗര്‍ റോയല്‍ ഈസ്റ്റ് ഗാര്‍ഡന്‍ 5 ബി ഫ്‌ലാറ്റില്‍ നിബിന്‍ ,ദീപ ദമ്പതികളുടെ മകനാണ്. 

അമിതമായ ശരീരഭാരവും കഠിനമായ ചൂടും മൂലം എപ്പോഴും എ സി മുറിയില്‍ മാത്രമെ ആല്‍ഫിക്ക് കഴിയാനാകൂ. ആല്‍ഫിക്ക് റേഡിയേഷന്‍ ചികിത്സയും നല്‍കുന്നുണ്ട്. 

ഇതിനിടെ വേദനയ്ക്കും മറ്റുമായി ഹോമിയോ ചികിത്സയും നടക്കുന്നുണ്ട്. ലോക് ഡൗണ്‍ മൂലം വാഹനയാത്ര നിലച്ചതോടെ മരുന്നു വാങ്ങാന്‍ സാധിക്കാത്ത സ്ഥിതി വന്നു. മരുന്നു മുടങ്ങിയാല്‍ അസ്വസ്ഥതയുണ്ടാകും എന്ന ഘട്ടമായതോടെയാണ് ആല്‍ഫിയുടെ മാതാപിതാക്കള്‍ കനിവ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വഴി എം എല്‍ എ യെ സമീപിച്ചത്. തിരുവനന്തപുരത്തെ ഡോ. അനില്‍കുമാറില്‍ നിന്നും ശേഖരിച്ച മരുന്ന്  ഫയര്‍ഫോഴ്‌സ് ഏറ്റുവാങ്ങി തൃപ്പൂണിത്തുറയില്‍ എത്തിച്ച്  എം സ്വരാജ് എം എല്‍ എ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു നല്‍കുകയായിരുന്നു. തൃപ്പൂണിത്തുറ എളമന ജട്ടിയില്‍ നടന്ന കണ്‍വന്‍ഷനിലായിരുന്നു ആല്‍ഫി യും മാതാപിതാക്കളും എം സ്വരാജിനെ കാണാനെത്തിയത്. 

Content Highlight: 6 year old boy Alfi visit m Swaraj