ആലപ്പുഴ: മോഹന്‍ലാല്‍ വരുമോയെന്നു സിനിമയില്‍ ചോദിച്ചതുപോലെയായിരുന്നു ആ ചോദ്യം. ചേര്‍ത്തലയില്‍ സ്ഥാനാര്‍ഥിയായി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി വരുമോ? രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി ചേര്‍ത്തലയിലെത്തിയ അനില്‍ യോഗത്തില്‍ പ്രധാന പ്രസംഗകരിലൊരാളായതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. ആന്റണിയുടെ ജന്മനാടാണ് ചേര്‍ത്തല.
അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് അനില്‍ ആന്റണി 'മാതൃഭൂമി'യോടു പറഞ്ഞതിങ്ങനെ : ''മത്സരരംഗത്തില്ല. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിക്കുകയെന്ന ദൗത്യമാണ് ഇപ്പോള്‍ മുന്നിലുള്ളത്.'' രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതുകൊണ്ടാണ് ചേര്‍ത്തലയില്‍ പ്രസംഗിച്ചതെന്ന് അനില്‍ പറഞ്ഞു. തുറവൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ യോഗങ്ങളിലും പങ്കെടുത്തു.
എ.ഐ.സി.സി.യുടെ സാമൂഹികമാധ്യമ വിഭാഗം കോ-ഓര്‍ഡിനേറ്ററാണ് അനില്‍. പാര്‍ട്ടി നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് അങ്ങനെ ആവശ്യപ്പടുമെന്നു കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു സീറ്റുനല്‍കുന്നതാണ് നല്ലത്.
വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന കോണ്‍ഗ്രസ് അനുഭാവികളെയെല്ലാം ഒരു പ്ലാറ്റ്ഫോമിനു കീഴില്‍ അണിനിരത്തുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനതല വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കണ്ടന്റുകള്‍ ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും നല്‍കുന്നുണ്ടെന്നും അനില്‍ പറഞ്ഞു.
Content Highlights: Will Anil Antony contest in Cherthala, Kerala Assembly Election 2021