ല്ലാക്കാലത്തും ഇടതുപക്ഷത്തിന് ശക്തമായ വളക്കൂറുള്ള മണ്ണാണ് അലപ്പുഴ. ഇടതുപക്ഷം അനായാസം ജയംപ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ് ജില്ലയിലേത്. അതുതന്നെയാണ് മൂന്ന് മന്ത്രിമാരെ മത്സരിപ്പിക്കാതെ മാറ്റി നിര്‍ത്തി തിരിഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ ഇക്കുറി  യുഡിഎഫും ആത്മവിശ്വാസത്തിലാണ്. പരിചയസത്തിനൊപ്പം യുവനിരയേയും കളത്തിലിറക്കി ജില്ല പിടിക്കാമെന്ന് അവര്‍ ലക്ഷ്യമിടുന്നു. 

തിരഞ്ഞെടുപ്പ് പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങുകയാണ് മുന്നണികള്‍. ഓരോ വോട്ടും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ ഓരോ സീറ്റും, ഓരോ മണ്ഡലവും നിര്‍ണായകമാണ്. പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിധി പ്രവചിക്കാനാവാത്ത നാല് മണ്ഡലങ്ങളാണ് ആലപ്പുഴയില്‍. കടുത്ത പോരാട്ടമാണ് ഈ മണ്ഡലങ്ങളില്‍ നടക്കുന്നത്. 

കായംകുളം 

അലപ്പുഴ ജില്ലയില്‍ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കായംകുളം. സിറ്റിങ്ങ് എം.എല്‍.എ. യു. പ്രതിഭയെ തന്നെ എല്‍.ഡി.എഫ്. വീണ്ടും മത്സരത്തിനിറക്കിയപ്പോള്‍ മണ്ഡലത്തില്‍ സുപരിചതായ ഇളംതലമുറക്കാരി അരിതബാബുവാണ് യു.ഡി.എഫിന്റെ തുറുപ്പുചീട്ട്. ബി.ഡി.ജെ.എസ്. ജില്ല വൈസ് പ്രസിഡന്റായ പി.പ്രദീപ് ലാലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. 

സിറ്റിങ്ങ് എം.എല്‍.എ. യു. പ്രതിഭയുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ വികനവും വോട്ടായി മാറും എന്ന് തന്നെയാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. ലോക്സഭ തിരഞ്ഞെടുപ്പിലും പിന്നാക്കം പോവാതിരുന്നതും തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഡ് നേടിയതും എല്‍.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എന്നാല്‍ സിപിഎമ്മില്‍ പ്രതിഭയ്ക്ക് എതിരേ നിലനില്‍ക്കുന്ന അസംതൃപ്തി ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. അരിത ബാബുവിന്റെ സാധാരണക്കാരി പെണ്‍കുട്ടി എന്ന ഇമേജ് ഗുണമാകുമെന്ന് യു.ഡി.എഫ് ക്യാമ്പും കരുതുന്നു. ആഞ്ഞു ശ്രമിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.

അരൂര്‍ 

ജില്ലയില്‍ രണ്ട് സ്ത്രീകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രണ്ടാമത്തെ മണ്ഡലമാണ് അരൂര്‍. ഉപതിരഞ്ഞെടുപ്പിലൂടെ മണ്ഡലം പിടിച്ചെടുത്ത ഷാനി മോള്‍ ഉസ്മാനെ തന്നെയാണ് യു.ഡി.എഫ്. അരൂര്‍ കാക്കാന്‍ ഇറക്കിയിരിക്കുന്നത്. മണ്ഡലം നിലനിര്‍ത്താം എന്ന ഉറച്ച ആത്മവിശ്വാസത്തിലുമാണ് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ ഗായിക ദലീമയെയാണ് സി.പി.എം. രംഗത്തിറക്കിയിരിക്കുന്നത്. ഇരുവര്‍ക്കുമെതിരേ മത്സരിക്കാന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ടി. അനിയപ്പനും രംഗത്തുണ്ട്.

ചുരുങ്ങിയകാലംകൊണ്ട് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനം ഷാനിമോളെ വിജയത്തിലെത്തിക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാകും എന്ന ഉറച്ച വിശ്വസത്തിലാണ് എല്‍.ഡി.എഫ്. അത് മുന്നില്‍കണ്ടാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പിന്നണി ഗായികയുമായ ദലീമയെ സ്ഥാനാര്‍ഥിയാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വിജയവും അവര്‍ക്ക് അത്മവിശ്വാസം നല്‍കുന്നു. നിലനിര്‍ത്താന്‍ യു.ഡി.എഫും മണ്ഡലം തിരികെ പിടിക്കാന്‍ എല്‍.ഡി.എഫും ശ്രമിക്കുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്.

അമ്പലപ്പുഴ 

ഹാട്രിക് വിജയംനേടിയ മന്ത്രി ജി. സുധാകരനെ മാറ്റിനിര്‍ത്തി ജില്ലാ കമ്മിറ്റിയംഗം എച്ച്. സലാമിനെ രംഗത്തിറക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും സി.പി.എം. ചിന്തിക്കുന്നില്ല. ജി. സുധാകരന്റെ ശക്തമായ പിന്തുണകൂടിയാകുമ്പോള്‍ കൂടുതല്‍ വോട്ടുകിട്ടുമെന്നുതന്നെയാണ് എല്‍.ഡി.എഫ്. കരുതുന്നത്. എന്നാല്‍, മണ്ഡലത്തിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. എം. ലിജു എത്തിയതോടെ വിജയപ്രതീക്ഷയിലാണ് യു.ഡി.എഫ്. പതിവ് രീതികളില്‍നിന്ന് വ്യത്യസ്തമായി അനൂപ് ആന്റണിയെ എന്‍.ഡി.എ. രംഗത്തിറക്കിയിട്ടുള്ളത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ഹിന്ദുത്വ വോട്ട് ഏകീകരണത്തിനപ്പുറം ന്യൂനപക്ഷവിഭാഗങ്ങളുടെകൂടി വോട്ടുചോര്‍ത്തലാണ് ഇക്കുറി ലക്ഷ്യമാക്കിയിരിക്കുന്നത്.

തദ്ദേശതിരഞ്ഞെടുപ്പ് വിജയമാണ് ഏറ്റവും വലിയ ശക്തിയായി എല്‍.ഡി.എഫ്. കാണുന്നത്. എന്നാല്‍, തദ്ദേശ  തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിജയമല്ലെന്നും അതിനെക്കാള്‍ പ്രധാനം രാഷ്ട്രീയപോരാട്ടം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവര്‍ത്തിക്കുമെന്നും യു.ഡി.എഫ്. കരുതുന്നു. എ.എം. ആരിഫിന് ഭൂരിപക്ഷം കിട്ടാതെപോയ മണ്ഡലമാണിത്. നിയമസഭാ തിരഞ്ഞെടുപ്പ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് ഇതിലെല്ലാമുണ്ടായ വോട്ടുവളര്‍ച്ചയാണ് എന്‍.ഡി.എ.യ്ക്ക് ആവേശം പകരുന്നത്. 

ചേര്‍ത്തല 

സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി. പ്രസാദിനെയാണ് എല്‍.ഡി.എഫ്. മണ്ഡലം നിലനിര്‍ത്താനിറക്കിയിരിക്കുന്നത്. മൂന്നുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മന്ത്രി പി. തിലോത്തമന്‍ ഇക്കുറി മത്സരത്തിനില്ലെങ്കിലും പി. പ്രസാദിന്റെ പോരാട്ടത്തിനു ചുക്കാന്‍പിടിക്കുന്നത് അദ്ദേഹംതന്നെ. യുവനേതാവ് എസ്. ശരത്തിനെയാണ് യു.ഡി.എഫ്. പോരാട്ടച്ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ഇടതുപാളയത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുന്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം പി.എസ്. ജ്യോതിസിനെയാണ് എന്‍.ഡി.എ. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിറക്കിയിരിക്കുന്നത്.

മന്ത്രിയും സര്‍ക്കാരും കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ഉയര്‍ത്തിയാണ് ഇടതുപ്രചാരണം. തുടര്‍ ഭരണമുറപ്പിച്ചാല്‍ വീണ്ടും ചേര്‍ത്തലയില്‍നിന്നൊരു മന്ത്രിയെന്ന വജ്രായുധവും എല്‍.ഡി.എഫ്. കേന്ദ്രങ്ങള്‍ രഹസ്യമായുയര്‍ത്തുന്നുണ്ട്. അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ജില്ലയില്‍ ഇടതുകാറ്റ് ആഞ്ഞുവീശിയപ്പോഴും മണ്ഡലത്തില്‍ കടുത്തമത്സരം കാഴ്ചവെച്ച ശരത്ത് 7,196 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്. പരാജയത്തിനുശേഷവും മണ്ഡലത്തില്‍ നിറഞ്ഞുപ്രവര്‍ത്തിച്ചാണ് ശരത്ത് രണ്ടാംമത്സരത്തിനിറങ്ങുന്നത്. മണ്ഡലത്തിലെ ഈഴവവോട്ടുകളിലാണ് എന്‍.ഡി.എ.യുടെ കണ്ണ്. എല്‍.ഡി.എഫ്., യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വെള്ളാപ്പള്ളി നടേശനടക്കമുള്ള അസംതൃപ്തി വോട്ടാക്കിമാറ്റാം എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎ.

Content Highlights: Content Highlights: Tight fight constituency in Alappuzha kerala election