ഹരിപ്പാട് : ഹരിപ്പാട് നഗരസഭയിലും 10 ഗ്രാമപ്പഞ്ചായത്തുകളിലും ലീഡ് നേടിയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഞ്ചാം തവണയും ഹരിപ്പാട്ടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. 29 വാർഡുകളുള്ള ഹരിപ്പാട് നഗരസഭയിലാണ് രമേശ് ചെന്നിത്തലയ്ക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത്. 3,693 വോട്ടിന്റെ ഭൂരിപക്ഷമാണ് നഗരസഭയിൽ മാത്രമുള്ളത്.

1,806 വോട്ടിന്റെ ഭൂരിപക്ഷമുള്ള തൃക്കുന്നപ്പുഴയാണ് ഗ്രാമപ്പഞ്ചായത്തുകളിൽ രമേശ് ചെന്നിത്തലയെ ഏറ്റവുമധികം തുണച്ചത്. സി.പി.എം. കോട്ടയായി അറിയപ്പെടുന്ന കുമാരപുരം ഗ്രാമപ്പഞ്ചായത്തിൽ 1,336 വോട്ടിന്റെ ഭൂരിപക്ഷമാണ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. സാധാരണ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണിത്.

ചേപ്പാട് ഗ്രാമപ്പഞ്ചായത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത്. 351 വോട്ടുകൾ മാത്രം. മറ്റു പഞ്ചായത്തുകളിൽ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച ഭൂരിപക്ഷം: ചെറുതന- 666, ചിങ്ങോലി - 636, പള്ളിപ്പാട് - 935, കാർത്തികപ്പള്ളി - 679, കരുവാറ്റ - 957, മുതുകുളം - 911, ആറാട്ടുപുഴ -747

സ്വന്തം ബൂത്തിൽ ചെന്നിത്തലയ്ക്ക് ഭൂരിപക്ഷം 230

ഹരിപ്പാട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്വന്തംബൂത്തിൽ 230 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്. മണ്ണാറശാല യു.പി. സ്കൂളിലെ 51-ാംനമ്പർ ബൂത്തിലായിരുന്നു ഇത്തവണ രമേശ് ചെന്നിത്തലയും കുടുംബാംഗങ്ങളും വോട്ടുചെയ്തത്. ഇവിടെ താത്കാലിക ബൂത്തിൽ ഉൾപ്പെടെ 524 വോട്ടുകളാണ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് 294 വോട്ടും. നേരത്തെ ചെങ്ങന്നൂർ നിയോജകണ്ഡലത്തിലെ ചെന്നിത്തലയിലായിരുന്നു ഇവർ വോട്ടു ചെയ്തിരുന്നത്. ഇത്തവണ പ്രതിപക്ഷ നേതാവിന്റെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിന്റെ വിലാസത്തിലേക്ക് വോട്ട് മാറ്റുകയായിരുന്നു.

ചെന്നിത്തലയുടെ വിജയം എല്ലായിടത്തും ഭൂരിപക്ഷം നേടി