പുന്നപ്ര വയലാര്‍ സമരഭൂമിയായ ആലപ്പുഴയ്ക്ക് പൊതുവേ ചുവപ്പിനോടാണ് കൂടുതല്‍ ആഭിമുഖ്യം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ എല്‍.ഡി.എഫ്. കടപുഴകിയപ്പോള്‍ എ.എം. ആരിഫിന്റെ രൂപത്തില്‍ ആലപ്പുഴക്കാര്‍ ഇവിടെ ഒരുതരി ചുവപ്പു ബാക്കിവെച്ചു. തദ്ദേശതിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് കൂറ്റന്‍ വിജയമായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റില്‍ ഹരിപ്പാടൊഴികെ എല്ലാം എല്‍.ഡി.എഫ്. നേടി. എ.എം. ആരിഫ് ഒഴിഞ്ഞ അരൂര്‍ സീറ്റ് ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ 2079 വോട്ടിന്റെ അട്ടിമറിയിലൂടെ പിടിച്ചെടുത്തപ്പോള്‍ സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ ഒരിക്കല്‍ക്കൂടി വെളിവായി. ഉപതിരഞ്ഞെടുപ്പിലൂടെ ചെങ്ങന്നൂര്‍ സി.പി.എമ്മിലെ സജി ചെറിയാന്‍ 20,956 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുകയും ചെയ്തു.
ജില്ലയില്‍ ഇത്തവണ ഉയരുന്ന ചോദ്യം മന്ത്രിമാരായ ജി. സുധാകരനും (അമ്പലപ്പുഴ) തോമസ് ഐസക്കും (ആലപ്പുഴ) മത്സരിക്കുമോയെന്നതാണ്. സി.പി.എം. ഉറച്ച സീറ്റായി കാണുന്നതാണ് രണ്ടും. ഇരുവര്‍ക്കും ഓരോതവണകൂടി അവസരം കൊടുക്കുമെന്നാണ് സൂചന.
കിഫ്ബിയും ക്ഷേമപദ്ധതികളും മുന്നില്‍നിര്‍ത്തി പ്രചാരണത്തിനിറങ്ങുമ്പോള്‍ അതിന് നേതൃത്വം നല്‍കിയ ഐസക്കിനെ മാറ്റിനിര്‍ത്തില്ലെന്നാണ് വിവരം. പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ സുധാകരന്‍ മികച്ചപ്രകടനം കാഴ്ചവെച്ചെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഐസക്കില്ലെങ്കില്‍ യുവനേതാവായ കെ.ടി. മാത്യുവിനെ പരിഗണിച്ചേക്കും. സുധാകരന്‍ മാറിയാല്‍ മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ വന്നേക്കും. ചെങ്ങന്നൂരില്‍ സജി ചെറിയാനും കായംകുളത്ത് യു. പ്രതിഭയും വീണ്ടും മത്സരിക്കും. മാവേലിക്കരയില്‍ ആര്‍. രാജേഷിന് മൂന്നാമതൊരു അവസരം കൊടുത്തേക്കും. ഇല്ലെങ്കില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാഘവന്‍, ഡി.വൈ.എഫ്.ഐ. ജില്ലാ ട്രഷറര്‍ എം.എസ്. അരുണ്‍കുമാര്‍ എന്നിവര്‍ക്കാണ് സാധ്യത.
ചേര്‍ത്തലയില്‍ സി.പി.ഐ.യുടെ മന്ത്രി പി. തിലോത്തമന്‍ വീണ്ടും മത്സരിക്കില്ല. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ടി.ടി. ജിസ്മോനാണ് കൂടുതല്‍ സാധ്യത. പാര്‍ട്ടി ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദിന്റെ പേര് ഇവിടെയും ഹരിപ്പാട്ടും കേള്‍ക്കുന്നുണ്ട്. കഴിഞ്ഞതവണ ഹരിപ്പാട്ട് മത്സരിച്ച പി. പ്രസാദിന് കൊല്ലം ജില്ലയില്‍ സി.പി.ഐ.യുടെ ഏതെങ്കിലും ഉറച്ച സീറ്റ് കൊടുത്തേക്കും. കുട്ടനാട്ടില്‍ മുന്‍ എം.എല്‍.എ. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് എന്‍.സി.പി. സ്ഥാനാര്‍ഥിയാകും.
യു.ഡി.എഫിനുവേണ്ടി ഹരിപ്പാട്ട് രമേശ് ചെന്നിത്തലയും അരൂരില്‍ ഷാനിമോള്‍ ഉസ്മാനും വീണ്ടും മത്സരിക്കുമെന്നുമാത്രമാണ് ഉറപ്പുള്ളത്. ചെങ്ങന്നൂരില്‍ ഏറ്റവും സാധ്യത കല്പിച്ചിരുന്ന മുന്‍ എം.എല്‍.എ. പി.സി. വിഷ്ണുനാഥ് കൊല്ലം ജില്ലയിലേക്കു പോകുമെന്ന് കേള്‍ക്കുന്നു. എങ്കില്‍ മുതിര്‍ന്ന നേതാക്കളായ ബി. ബാബു പ്രസാദ്, എം. മുരളി, എബി കുര്യാക്കോസ് എന്നിവര്‍ക്കാണ് സാധ്യത. ചേര്‍ത്തലയില്‍ കഴിഞ്ഞതവണത്തെ സ്ഥാനാര്‍ഥിയായിരുന്ന എസ്. ശരത്തിന് സാധ്യതയേറെയാണ്.
മാവേലിക്കരയില്‍ മുന്‍ എം.എല്‍.എ. കെ.കെ. ഷാജുവിനാണ് കൂടുതല്‍ സാധ്യത. കായംകുളത്ത് ഡി.സി.സി. പ്രസിഡന്റ് എം. ലിജുവിന്റെ പേരാണ് ഉയരുന്നത്. സി.പി.എം. എം.പി.യാവുകയും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത ഡോ. കെ.എസ്. മനോജ് ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുണ്ട്. വിദേശത്തായിരുന്ന മനോജ് രണ്ടുമാസം മുമ്പാണ് തിരിച്ചെത്തിയത്. കെ.പി.സി.സി. സെക്രട്ടറി എം.ജെ. ജോബിനും സാധ്യതയുണ്ട്. അമ്പലപ്പുഴയില്‍ മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂറിന്റെ പേരാണ് കേള്‍ക്കുന്നത്. കുട്ടനാട്ടില്‍ ജോസഫ് പക്ഷത്തെ ജേക്കബ്ബ് എബ്രഹാം മത്സരിക്കും.
എന്‍.ഡി.എയ്ക്കുവേണ്ടി ചെങ്ങന്നൂരില്‍ 'ഓര്‍ഗനൈസര്‍' മുന്‍ എഡിറ്റര്‍ ആര്‍. ബാലശങ്കര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിനെയും ഈ സീറ്റില്‍ പരിഗണിച്ചേക്കാം. ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ ബി.ജെ.പി.ക്ക് ശക്തമായ വേരോട്ടമുണ്ട്. ചേര്‍ത്തല, അരൂര്‍, കായംകുളം, കുട്ടനാട് മണ്ഡലങ്ങളിലാണ് കഴിഞ്ഞതവണ ബി.ഡി.ജെ.എസ്. മത്സരിച്ചത്. കുട്ടനാട്ടില്‍ 33,044 വോട്ടുനേടിയ സുഭാഷ് വാസു ഇപ്പോള്‍ പാര്‍ട്ടിയിലില്ല. തുഷാര്‍ വെള്ളാപ്പള്ളി ഇവിടെ മത്സരിച്ചേക്കും. എന്നാല്‍ ചേര്‍ത്തല ഏറ്റെടുക്കണമെന്നും അല്ലെങ്കില്‍ തുഷാര്‍ മത്സരിക്കണമെന്നും ബി.ജെ.പി.ക്ക് ആഗ്രഹമുണ്ട്.
Content Highlights: Kerala Legislative Assembly election, 2021, Alappuzha