തോമസ് ചാണ്ടി വിടപറഞ്ഞതോടെ ഒരു വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണ് കുട്ടനാട് മണ്ഡലം. കഴിഞ്ഞ  ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന ധാരണയില്‍ സ്ഥാനാര്‍ഥിച്ചര്‍ച്ചകള്‍ വരെ നടന്നതുമാണ്. അപ്പോഴാണ് കോവിഡ് എത്തിയതും തിരഞ്ഞെടുപ്പ് നീണ്ടുപോയതും. ഒടുവില്‍ ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിച്ചു. തോമസ് ചാണ്ടി കളമൊഴിഞ്ഞു പോയ കുട്ടനാട്ടില്‍ ഇത്തവണ ആരാകും മത്സരംഗത്തുണ്ടാകുക, ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. 

എല്‍.ഡി.എഫില്‍ എന്‍.സി.പിയ്ക്കാണ് കുട്ടനാട് സീറ്റ്. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് ഏറെക്കുറേ ലഭിക്കുമെന്ന് ഉറപ്പാണ്. ഉപതിരഞ്ഞെുപ്പ് ഘട്ടത്തില്‍ സീറ്റ് ഏറ്റെടുക്കന്നതിനേക്കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടായെങ്കിലും മാറിയ സാഹച്യത്തില്‍ അതിന് സാധ്യതയില്ല. എന്‍ഡിഎയില്‍ പക്ഷേ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റ് ബിജെപി ഏറ്റെടുക്കാനുള്ള സാധ്യയാണുള്ളത്. 

തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് ഇത്തവണ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. പിളര്‍ന്നെങ്കിലും എന്‍സിപിയില്‍ ഇടതിനൊപ്പമാണ് തോമസിന്റെ നില്‍പ്. കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. ജേക്കബ് എബ്രഹാമിനെ തന്നെയാകും യു.ഡി.എഫ് കളത്തിലിറക്കുക. പക്ഷേ എന്‍ഡിഎയില്‍ കുട്ടനാട് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത കൂടുതലാണ്‌. കെ.എസ്. രാധാകഷ്ണന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ബിഡിജെഎസ്സില്‍ നിന്ന് പിരിഞ്ഞ സുഭാഷ് വാസു മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ മനസ്സുതുറന്നിട്ടില്ല. 

രാഷ്ട്രീയമായി ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും വളക്കൂറുള്ള മണ്ണാണ് കുട്ടനാട്ടിലേത്.  അഞ്ച് തവണ കെ.സി. ജോസഫ് വിജയിച്ചപ്പോള്‍ കഴിഞ്ഞ മൂന്ന് തവണയും തോമസ് ചാണ്ടിയാണ് നിയമസഭയിലെത്തിയത്. അത് പക്ഷേ, വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ കൊണ്ടുകൂടിയാണ്. കഴിഞ്ഞ തവണ തോമസ് ചാണ്ടി ഹാട്രിക് വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഏറെ പ്രതീക്ഷവച്ചു പുലര്‍ത്തിയിരുന്ന മണ്ഡലത്തില്‍, യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അഡ്വ. ജേക്കബ് എബ്രഹാമിന് പിന്നില്‍ മൂന്നാമതെത്താനെ സുഭാഷ് വാസുവിന് സാധിച്ചുള്ളൂ. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ച 4395 വോട്ടുകള്‍ 33,044 ആക്കി വര്‍ധിപ്പിക്കാന്‍ സുഭാഷ് വാസുവിന് സാധിച്ചിരുന്നു.  

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതുപക്ഷത്തേക്കുള്ള വരവ് എല്‍.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. പരമ്പരാഗത വോട്ടുകളും കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകളും ലഭിക്കുന്നതോടെ മണ്ഡലം പിടിക്കാമെന്നാണ് എല്‍.ഡി.എഫ്. ക്യാമ്പ് കരുതുന്നത്. എതിരാളിയായി തോമസ് ചാണ്ടിയില്ല എന്നത് അനുകൂല ഘടകമായി യുഡിഎഫ് ക്യാമ്പും കാണുന്നു. 30,000 വോട്ടുപിടിച്ച സുഭാഷ് വാസുവിന്റെ അസാന്നിധ്യവും അവര്‍ അനുകൂല ഘടകമായി കാണുന്നു. 

തദ്ദേശ തിരഞ്ഞെടുപ്പു ഫലവും എല്‍.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നതാണ്.  ചമ്പക്കുളം, എടത്വ, കൈനകരി, കാവാലം, മുട്ടാര്‍, നെടുമുടി, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട്, വീയപുരം എന്നീ 13 പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുട്ടനാട് നിയോജക മണ്ഡലം. എടത്വ, നെടുമുടി, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. മറ്റ് 10 പഞ്ചായത്തുകളിലും ഇടതുഭരണമാണ്.

Content Highlights: Kerala assembly election 2021, Kuttanad assembly constituency