ടതിനോട് ആഭിമുഖ്യമുള്ള ജില്ലയാണ് അലപ്പുഴ. എല്ലാക്കാലത്തും ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണ്. അതുതന്നെയാണ് മൂന്ന് മന്ത്രിമാരെ പുറത്തുനിര്‍ത്തി തിരിഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്നതും ഘടകവും. എന്നാല്‍ ഇക്കുറി യുഡിഎഫും ആത്മവിശ്വാസത്തിലാണ്. പരിചയസമ്പന്നരേയും ഒപ്പം യുവനിരയേയും രംഗത്തിറക്കി ജില്ല പിടിക്കാമെന്ന് അവരും കണക്കുകൂട്ടുന്നു. പരമാവധി വോട്ട് പിടിക്കാന്‍ എന്‍ഡിഎയും ആഞ്ഞുശ്രമിക്കുന്നതോടെ ആലപ്പുഴയില്‍ പോരാട്ടം കനക്കുമെന്നുറപ്പാണ്. തീരമേഖലയിലടക്കം മേടച്ചൂടും വിവാദങ്ങളും പുകയുമ്പോള്‍ വോട്ടര്‍മാരുടെ മനസ് ആര്‍ക്കൊപ്പമെന്ന് കണ്ടറിയാം. 

2016ലെ ഇടത് തരംഗത്തില്‍ ജില്ലയിലെ ഒന്‍പതില്‍ എട്ടു മണ്ഡലങ്ങളിലും വിജയിച്ച എല്‍.ഡി.എഫ് ചെങ്ങന്നൂര്‍ മണ്ഡലം യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് നിലനിര്‍ത്താന്‍ സാധിച്ചു എന്നതുമാത്രമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ നേട്ടം. ചെങ്ങന്നൂര്‍, അരൂര്‍ ഉപതിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ എല്‍.ഡി.എഫ്- 6, യു.ഡി.എഫ് - 2 എന്നിങ്ങനെയായി ജില്ലയിലെ നില. കുട്ടനാട് എം.എല്‍.എ.യായിരുന്ന തോമസ് ചാണ്ടി അന്തരിച്ചെങ്കിലും നിയമസഭയുടെ കാലാവധി തീരാറായതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല.

സിറ്റിങ് എംഎല്‍എമാരില്‍ ഷാനി മോള്‍ ഉസ്മാന്‍, രമേശ് ചെന്നിത്തല, യു. പ്രതിഭ, സജി ചെറിയാന്‍ എന്നിവര്‍ മാത്രമാണ് മത്സര രംഗത്തുള്ളത്. 2016ല്‍ എല്‍.ഡി.എഫ് വിജയിച്ചു കയറിയ മണ്ഡലങ്ങളിലെല്ലാം ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇക്കുറി കാര്യങ്ങള്‍ എല്‍ഡിഎഫിന് എളുപ്പമായേക്കില്ല. മന്ത്രിമാര്‍ മാറിനില്‍ക്കുന്നതോടെ ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല മണ്ഡലങ്ങളില്‍ യു.ഡി.എഫിന് പ്രതീക്ഷ വര്‍ധിച്ചു. ഇരുമുന്നണികളിലും വനിതകള്‍ മത്സരിക്കുന്ന കായംകുളം, അരൂര്‍ മണ്ഡലങ്ങളിലും ഒപ്പം കുട്ടനാട്ടിലും ശക്തമായ മത്സരമാണ് ഇക്കുറി നടക്കുന്നത്. ഹരിപ്പാടിന് പുറമെ അമ്പലപ്പുഴയിലും ചേര്‍ത്തലയിലും കുട്ടനാട്ടിലും അരൂരിലുമാണ് യുഡിഎഫ് ഏറെ പ്രതീക്ഷ വെക്കുന്നത്. ഇഴവ വിഭാഗത്തിനടക്കം നിര്‍ണായ സ്ഥാധീനമുള്ള ജില്ലയില്‍ ബിഡിജെഎസ് ബന്ധത്തിലൂടെ വോട്ടുയര്‍ത്താനാകുമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു.  

അരൂര്‍

രണ്ട് സ്ത്രീകള്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയുണ്ട് അരൂര്‍ മണ്ഡലത്തിന്. ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ ഗായിക ദലീമയെയാണ് സി.പി.എം. രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലം പിടിച്ചെടുത്ത ഷാനി മോള്‍ ഉസ്മാന്‍ പക്ഷേ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നിലനിര്‍ത്താന്‍ യു.ഡി.എഫും മണ്ഡലം തിരികെ പിടിക്കാന്‍ എല്‍.ഡി.എഫും ശ്രമിക്കുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്. ഇരുവര്‍ക്കുമെതിരേ മത്സരിക്കാന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ടി. അനിയപ്പനും രംഗത്തുണ്ട്.

മണ്ഡല പരിധിയിലെ പത്ത് പഞ്ചായത്തുകളില്‍ ഏഴ് പഞ്ചായത്തുകളും ഇടതിനൊപ്പമാണ്. രണ്ട് പഞ്ചായത്തുളില്‍ യുഡിഫും ഒരിടത്ത് ബിജെപിയും അധികാരത്തിലെത്തി. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരിഫ് വിജയിച്ച മണ്ഡലത്തില്‍ പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആ ലീഡ് അവര്‍ക്ക് ആവര്‍ത്തിക്കാനായില്ല. ഉപതിരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തു. തദ്ദേശത്തില്‍ പക്ഷേ അവര്‍ക്ക് അടിതെറ്റി. 

ചേര്‍ത്തല

മന്ത്രി പി. തിലോത്തമനെ മാറ്റി നിര്‍ത്തി മത്സരത്തിനിറങ്ങുന്ന എല്‍.ഡി.എഫില്‍ നിന്ന് ചേര്‍ത്തല പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. അതിനായി യുവ നേതാവ് എസ്. ശരത്തിനെയാണ് അവര്‍ ദൗത്യമേല്‍പ്പിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ജില്ലയില്‍ ഇടതുകാറ്റ് ആഞ്ഞുവീശിയപ്പോഴും മണ്ഡലത്തില്‍ കടുത്തമത്സരം കാഴ്ചവെച്ച ശരത്ത് 7,196 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്.

എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന ചേര്‍ത്തല മണ്ഡലത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദാണ് സ്ഥാനാര്‍ഥി. ഇടതുപക്ഷത്തുനിന്ന് മറുകണ്ടം ചാടിയ മുന്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം പി.എസ്. ജ്യോതിസിനെയാണ് എന്‍.ഡി.എ. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഇറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ ഈഴവവോട്ടുകളിലാണ് എന്‍.ഡി.എ.യുടെ കണ്ണ്. എല്‍.ഡി.എഫ്., യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വെള്ളാപ്പള്ളി നടേശനടക്കമുള്ള അസംതൃപ്തി വോട്ടാക്കിമാറ്റാം എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎ. 

തദ്ദേശ തിരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനു നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. ചേര്‍ത്തല നഗരസഭയും അഞ്ച് പഞ്ചായത്തും എല്‍.ഡി.എഫ് നേടി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും എല്‍.ഡി.എഫിനു വ്യക്തമായ മുന്‍തൂക്കമുണ്ട്. ലോക്‌സഭാതിരഞ്ഞെടുപ്പിലും 16,000 വോട്ടിന് മുകളില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷുണ്ടായിരുന്നു. അതാവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. 

ആലപ്പുഴ

രണ്ട് തവണ ജയിച്ച മന്ത്രി തോമസ് ഐസക്കിനെ മാറ്റിനിര്‍ത്തായാണ് ആലപ്പുഴയില്‍ ഇത്തവണ സിപിഎം പോരാട്ടത്തിനിറങ്ങുന്നത്. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജനാണ് സ്ഥാനാര്‍ഥി. ധീവര സമുദായാംഗമായ ചിത്തരഞ്ജനു മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള ആലപ്പുഴ മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയുമെന്നാണു പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. 

ആലപ്പുഴ പിടിക്കാന്‍ ഏറ്റവും ഉചിതനായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് കോണ്‍ഗ്രസ് മുന്‍ എം.പി. ഡോ. കെ.എസ്. മനോജിലേക്ക് എത്തുന്നത്. ലത്തീന്‍ വിഭാഗക്കാരനായ മനോജിന് തീരദേശമേഖലയിലടക്കം സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ പ്രതീക്ഷ. ആര്‍.എസ്.എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനായിരുന്ന സന്ദീപ് വാചസ്പതിയെയാണ് എന്‍.ഡി.എ. ഇക്കുറി രംഗത്തിറക്കിയിട്ടുള്ളത്.

തദ്ദേശതിരഞ്ഞെടുപ്പിലെ വന്‍വിജയം നിയമസഭയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിന്. പക്ഷേ, ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ആലപ്പുഴ ഇടതിനൊപ്പം നിന്നിരുന്നില്ല. 69 വോട്ട് യു.ഡി.എഫിന് കൂടുതല്‍ കിട്ടി. ഈ നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. രണ്ടുമുന്നണിയുടെയും വോട്ടുവിഹിതം കുറച്ച് എന്‍.ഡി.എ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു. അത് തുടരാനാകുമെന്ന പ്രതീക്ഷയാണവര്‍ക്ക്.

അമ്പലപ്പുഴ

സമരവീര്യചരിത്രമുറങ്ങുന്ന വിപ്ലവമണ്ണാണ് അമ്പലപ്പുഴ. ഹാട്രിക് വിജയംനേടിയ മന്ത്രി ജി. സുധാകരനെ മാറ്റിനിര്‍ത്തി എച്ച്. സലാമിനെ രംഗത്തിറക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും സി.പി.എം. ചിന്തിക്കുന്നില്ല. എന്നാല്‍, മന്ത്രി മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. എം. ലിജുവിനെ രംഗത്തിറക്കിയ കോണ്‍ഗ്രസും പ്രതീക്ഷയിലാണ്. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫിനെയാണ് ബി.ജി.പി രംഗത്തിറക്കിയിരിക്കുന്നത്. 

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം എല്‍.ഡി.എഫിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അഞ്ച് പഞ്ചായത്തുകള്‍, നഗരസഭയിലെ 27 വാര്‍ഡുകളില്‍ 19 എണ്ണം എന്നിവ വിജയിച്ചതിന്റെ ആത്മവിശ്വാസമാണ് അടിത്തറ. എന്നാല്‍, പ്രധാനം രാഷ്ട്രീയപോരാട്ടം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവര്‍ത്തിക്കുമെന്നും യു.ഡി.എഫ്. കരുതുന്നു. എ.എം. ആരിഫിന് ഭൂരിപക്ഷം കിട്ടാതെപോയ മണ്ഡലമാണിത്. നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് ഇതിലെല്ലാമുണ്ടായ വോട്ടുവളര്‍ച്ചയാണ് എന്‍.ഡി.എ.യ്ക്ക് ആവേശം പകരുന്നത്. 

മന്ത്രി ജി. സുധാകരന് കഴിഞ്ഞതവണ 22,621 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40,448 വോട്ടുനേടിയ യു.ഡി.എഫ്. തദ്ദേശമായപ്പോഴേക്കും വോട്ടുകുറഞ്ഞ് 38,393 ആയി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 53,159 വോട്ടുനേടിയതാണ് അവരുടെ ആത്മവിശ്വാസമുയര്‍ത്തുന്നത്. ഓരോ തിരഞ്ഞെടുപ്പിലും എന്‍.ഡി.എ.യുടെ വോട്ട് ക്രമാനുഗതമായി ഉയരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പായപ്പോഴേക്കും അവര്‍ അനിഷേധ്യശക്തിയായി മാറിയിട്ടുണ്ട്.

കുട്ടനാട് 

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഏറെയുള്ള കുട്ടനാടിന് ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. പക്ഷേ, പൂര്‍ണമായും ഇടതിനൊപ്പംനിന്ന ചരിത്രവുമില്ല മണ്ഡലത്തിന്. അന്തരിച്ച മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിനെയാണ് എല്‍.ഡി.എഫ്. പോരാട്ടത്തിനിറക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിലെ ജേക്കബ് എബ്രഹാമിനെയാണ് തോമസ് കെ. തോമസിനോട് ഏറ്റുമുട്ടാന്‍ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. 

ഇടതുപാളയത്തില്‍നിന്ന് അടര്‍ത്തിയെടുത്ത സി.പി.ഐ. നേതാവ് തമ്പി മേട്ടുതറയെയാണ് എന്‍.ഡി.എ. കളത്തിലിറക്കിയിരിക്കുന്നത്. പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ഇടതു ചേരിയില്‍നിന്നടക്കം വോട്ടു സമാഹരിക്കാന്‍ സാധിക്കുമെന്നാണ് എന്‍.ഡി.എ ക്യാമ്പിന്റെ വിലയിരുത്തല്‍. എസ്.എന്‍.ഡി.പി. വോട്ടുകളിലും എന്‍.ഡി.എ പ്രതീക്ഷവയ്ക്കുന്നു. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു മണ്ഡലത്തില്‍ മുന്‍തൂക്കം. പക്ഷേ തദ്ദേശത്തില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നിലെത്തി. മണ്ഡലത്തിലെ 13 പഞ്ചായത്തുകളില്‍ 10-ലും എല്‍.ഡി.എഫ്. ഭരണമാണ്. യു.ഡി.എഫ്. മൂന്നു പഞ്ചായത്തുകള്‍ ഭരിക്കുന്നു. ആകെയുള്ള രണ്ടു ജില്ലാ പഞ്ചായത്തു ഡിവിഷനുകളും എല്‍.ഡി.എഫ്. നേടി.

ഹരിപ്പാട്

ഇരുമുന്നണികളെയും തല്ലിയും തലോടിയും നീങ്ങിയ ചരിത്രമാണ് ഹരിപ്പാടിന്. പക്ഷേ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി യു.ഡി.എഫിനൊപ്പമാണ് ഹരിപ്പാട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയം ഹരിപ്പാടിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ വലിയ അട്ടിമറിക്കു വഴിവയ്ക്കുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും ശക്തി കൂടിവരുന്ന ബി.ജെ.പി. അദ്ഭുതങ്ങള്‍ കാട്ടുമെന്ന് എന്‍.ഡി.എ. നേതൃത്വവും കണക്കുകൂട്ടുന്നു. 

2016 നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജില്ലയില്‍ ഏറ്റവുമധികം വോട്ടുചോര്‍ച്ചയുണ്ടായ മണ്ഡലമാണ് ഹരിപ്പാട്. എന്‍.ഡി.എ.യ്ക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് അധികമായി കിട്ടിയതും ഇവിടെയാണ്. മണ്ഡലത്തിലെ 10 ഗ്രാമപ്പഞ്ചായത്തുകളില്‍ എട്ടിടത്തും ഭരിച്ചിരുന്ന യു.ഡി.എഫിന് ഇത്തവണ മൂന്നിടത്തു മാത്രമാണ് ഭരണം ലഭിച്ചത്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന മണ്ഡലത്തിലെ വിജയം യു.ഡി.എഫിന്റെ അഭിമാനപ്രശ്‌നമാണ്. ആര്‍.സജിലാലിലൂടെ അട്ടിമറിയാണ് എല്‍.ഡിഎഫ് ലക്ഷ്യമിടുന്നത്. കെ.സോമനെയാണ് പോരാട്ടത്തിനായി ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഹരിപ്പാട് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ എന്‍.ഡി.എ.യ്ക്ക് അനുകൂലമായ തരംഗമാണെന്നാണ് ബിജെപി വിലയിരുത്തല്‍. 

കായംകുളം 

ജില്ലയിലെ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കായംകുളം. സിറ്റിങ്ങ് എം.എല്‍.എ. യു. പ്രതിഭയെ തന്നെ എല്‍.ഡി.എഫ്. വീണ്ടും മത്സരത്തിനിറക്കിയപ്പോള്‍ മണ്ഡലത്തില്‍ സുപരിചതായ ഇളംതലമുറക്കാരി അരിതബാബുവാണ് യു.ഡി.എഫിന്റെ തുറുപ്പുചീട്ട്.  ബി.ഡി.ജെ.എസ്. ജില്ല വൈസ് പ്രസിഡന്റായ പി.പ്രദീപ് ലാലിനെയാണ് മണ്ഡലം പിടിക്കാനായി എന്‍.ഡി.എ. രംഗത്തിറക്കിയിരിക്കുന്നത്. 

വികസനത്തിന് വോട്ട് വീഴും എന്ന് തന്നെയാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. ലോക്‌സഭ തിരഞ്ഞെടുപ്പിലും പിന്നോക്കം പോവാതിരുന്നതും തദ്ദേശത്തില്‍ ലീഡ് നേടിയതും എല്‍.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എന്നാല്‍ മണ്ഡലത്തില്‍ സിപിഎമ്മില്‍ പ്രതിഭയ്ക്ക് എതിരേ നിലനില്‍ക്കുന്ന അസംതൃപ്തി ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. അരിതയുടെ സാധാരണക്കാരി പെണ്‍കുട്ടി എന്ന ഇമേജ് ഗുണമാകുമെന്ന് യു.ഡി.എഫ് ക്യാമ്പും കരുതുന്നു. ആഞ്ഞു ശ്രമിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വോട്ടു ഉയരുന്നത് എന്‍.ഡി.എ.യുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. മണ്ഡലത്തിലെ ഈഴവ വോട്ടുകളിലും എന്‍.ഡി.എ കണ്ണുവെയ്ക്കുന്നു. 

മാവേലിക്കര

സിറ്റിങ് സീറ്റില്‍ വിജയം ആവര്‍ത്തിക്കാന്‍ സി.പി.എമ്മിന്റെ യുവ നേതാവ് എം.എസ്. അരുണ്‍കുമാറിനെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കെ.കെ. ഷാജുവാണ് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്നത്. ഇടതു പാളയത്തില്‍നിന്ന് ബി.ജെ.പി.ക്കൊപ്പം പോന്ന കെ. സഞ്ചുവാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 969 വോട്ടിന്റെ മേല്‍ക്കൈ കൊടുത്തെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 14,213 വോട്ടിന്റെ ആധിപത്യം നല്‍കി. മണ്ഡല പരിധിയിലുള്ള എല്ലാ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതുമുന്നണിയാണ് ജയിച്ചത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രാതിനിധ്യമുള്ള ബി.ജെ.പി. രണ്ട് പഞ്ചായത്തുകളില്‍ മുഖ്യ പ്രതിപക്ഷമാണ്. 

നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4,140 വോട്ടിന്റെ കുറവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായി. യു.ഡി.എഫിന് 12,189-ഉം എന്‍.ഡി.എ.യ്ക്ക് 9,113-ഉം വോട്ടിന്റെ വര്‍ധനയും. ഇക്കുറിയും പോരാട്ടം തീപാറുകയാണ്. മൂന്നു പടപ്പാളയങ്ങളിലും ആവേശവും ആത്മവിശ്വാസവും വാനോളമുണ്ട്. 

ചെങ്ങന്നൂര്‍

സംസ്ഥാനത്ത് ബി.ജെ.പി. ശ്രദ്ധേയമായ മത്സരം കാഴ്ചവെയ്ക്കുകയും കഴിഞ്ഞതവണ വോട്ടുവിഹിതം ഇരട്ടിയോളമാക്കി വര്‍ധിപ്പിച്ചതുമായ മണ്ഡലമാണ് ചെങ്ങന്നൂര്‍. ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്ന്. ജില്ലയില്‍ സിറ്റിങ് എം.എല്‍.എ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലൊന്നുമാണ് ചെങ്ങന്നൂര്‍. സിറ്റിങ് എംഎല്‍എ സജി ചെറിയാനാണ് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

സജി ചെറിയാന്‍ തന്നെ എല്‍.ഡി.എഫിനുവേണ്ടി ഇറങ്ങുമ്പോള്‍ മികച്ച ഭൂരിപക്ഷത്തിലുള്ള ജയമാണ് അവരുടെ ലക്ഷ്യം. എം. മുരളിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് യു.ഡി.എഫ്. ഉറച്ചു വിശ്വസിക്കുന്നു. നാട്ടുകാരനായ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. ആര്‍. ബാലശങ്കറിന്റെ വെളിപ്പെടുത്തലിലെ തുടര്‍ന്ന് ശേദ്ധാ കേന്ദ്രമായ മണ്ഡലത്തില്‍ മെച്ചപ്പെട്ട പ്രകടനമാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നിലെത്തിയ മണ്ഡലം പക്ഷേ തദ്ദേശത്തില്‍ എല്‍.ഡി.എഫിന് ഒപ്പം നിന്നു. ചെങ്ങന്നൂര്‍ നഗരസഭയും ഒരു പഞ്ചായത്തും യു.ഡി.എഫ് നേടിയപ്പോള്‍ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമാണ്.ഒരു പഞ്ചായത്തില്‍ ബി.ജെ.പി.യാണ് ഭരണം.

സമ്പൂര്‍ണ വിജയം എല്‍ഡിഎഫ് കണക്കുകൂട്ടുന്നില്ലെങ്കിലും വലിയ പരിക്കുകള്‍ അവര്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഹരിപ്പാട്, അരൂര്‍, അമ്പലപ്പുഴ, കായംകുളം, ആലപ്പുഴ, കുട്ടനാട് എന്നിവിടങ്ങളിലെല്ലാം തീപാറും മത്സരമാണ് നടക്കുന്നത്‌

Content Highlights: Content Highlights: Kassembly election 2021 Alappuzha district analysis