വെള്ളിയാഴ്ചയാണ് അരൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ദലീമയെ കാണാന്‍ വേണ്ടി ഞങ്ങള്‍ പോയത്. സ്ഥാനാര്‍ഥി പര്യടനത്തെക്കുറിച്ച് അറിയാന്‍ വിളിച്ചപ്പോള്‍ ദുഃഖവെള്ളി ആയതുകൊണ്ട് തന്നെ വീട്ടില്‍ പ്രാര്‍ഥനയോടെ കഴിയുകയാണെന്നും വോട്ട് പിടിക്കാന്‍ ഇറങ്ങില്ലെന്നും പറഞ്ഞു. ഒപ്പം ഞങ്ങള്‍ക്ക് വേണ്ടി ഒരു പത്ത് മിനിറ്റ് തരാമെന്നും സമ്മതിച്ചു.

അരൂരിലെ വീട്ടില്‍ എത്തിയപ്പോഴേക്കും ദലീമ ഒരു മരണവീട്ടിലേക്ക് പോയിരിക്കുകയാണ്. വീട് നിറയെ ദലീമക്ക് കിട്ടിയ പുരസ്‌കാരങ്ങളാണ്. വീട്ടിലേക്ക് കയറുമ്പോള്‍ വലത് ഭാഗത്തായി യേശുക്രിസ്തുവിന്റെ വലിയൊരു ചിത്രമുണ്ട്. അതിന്റെ ഒരു ഭാഗത്തായി ഉണങ്ങി തുടങ്ങിയ കുരുത്തോലയുമുണ്ട്. സ്ഥാനാര്‍ഥി കാറില്‍ വീട്ടിലേക്ക് വന്നിറങ്ങി. പുറത്ത് റോഡിലൂടെ പോകുന്നവരോട് കുശലം ചോദിച്ചാണ് വീട്ടിലേക്ക് കയറിയത്.

'സാധാരണയായി ഇന്ന് പുറത്ത് പോകാറില്ല. ഇന്ന് പ്രാര്‍ഥനയോടെ വീട്ടില്‍തന്നെ കഴിയേണ്ട ദിവസമാണ്. അപ്പോഴാണ് ഒരു മരണം. പോകാതിരിക്കാനാകില്ലല്ലോ.'- സ്ഥാനാര്‍ഥി പറഞ്ഞു. ഫോണ്‍ ടേബിളില്‍ വെച്ച് അഭിമുഖത്തിനായി ഇരുന്നു. 

"ഉണര്‍വും ഊര്‍ജത്തോടും കൂടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണ്. ആള്‍ക്കാരുടെ സ്നേഹമുണ്ട്. ഒപ്പം ഒരു പാട്ടും. എവിടെ പോയാലും ആള്‍ക്കാര്‍ പാട്ട് പാടിക്കും. അങ്ങനെ പാടുമ്പോഴാണ് എത്രത്തോളം ക്ഷീണിച്ചിട്ടുണ്ടെന്ന് മനസിലാകുന്നത്. ശബ്ദം ഇടറും. ഇപ്പോള്‍ ശബ്ദത്തിന് തീരെ റെസ്റ്റ്‌ ഇല്ലല്ലോ. പിന്നെ പാടുമ്പോള്‍ ജനങ്ങളില്‍നിന്ന് കിട്ടുന്ന ഒരു ഊര്‍ജമുണ്ട്. അതാണ് ഏറ്റവും വലിയ സന്തോഷം." സംസാരത്തിലുടനീളമുണ്ട് ദലീമയുടെ മുഖത്തെ ചിരി.

ഒരു ദിവസത്തെ പ്രചാരണം നഷ്ടമാകില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇന്ന് എന്റെ കര്‍ത്താവിന്റെ ദിവസമാണെന്നായിരുന്നു ദലീമയുടെ മറുപടി. വലിയ ഭക്തയാണ്. അതുകൊണ്ട് തന്നെ ഇന്ന് വോട്ട് പിടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ന് മുഴുവന്‍ പ്രാര്‍ഥിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രതികരണം.
 
പള്ളിയിലെ ക്വയര്‍ സംഘത്തിലെ ഗായികയായിരുന്നു കുട്ടിക്കാലത്ത് ദലീമ. ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെയാണ് ദലീമ പിന്നണിഗാന രംഗത്ത് പ്രവേശിക്കുന്നത്. അങ്ങനെ ഏഴായിരത്തിലധികം ഗാനങ്ങള്‍ ദലീമ ഇതിനോടകം ആലപിച്ചിട്ടുണ്ട്.  

പാട്ട് വിശേഷങ്ങള്‍ പറയവേ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ വിശേഷങ്ങളിലേക്ക് എത്തി. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമല്ലേയുള്ളൂ. നിയമസഭയിലേക്ക് മത്സരിക്കുന്നത് ടെന്‍ഷന്‍ ഉണ്ടോയെന്ന് ചോദ്യത്തിന് ഞാന്‍ ഈ നാട്ടുകാരിയല്ലേ, യാതൊരു ടെന്‍ഷനുമില്ല. ദലീമ പറഞ്ഞു.

"കലയുമായി ബന്ധപ്പെട്ട് ജീവിക്കാനുള്ള പണവും പ്രശ്സ്തിയുമെല്ലാം എനിക്ക് ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനമോഹങ്ങളുമായല്ല ഞാന്‍ ഇവിടേക്ക് വന്നത്. ഇടതുപക്ഷമാണ് എന്റെ രാഷ്ട്രീയം. അവിടെ എല്ലാവരും പാവപ്പെട്ടവരാണ്. എന്റെ കൂടെയുളള്ള സഖാക്കളും പാവപ്പെട്ടവരാണ്.

"ആദ്യത്തെ പ്രാവശ്യം ഒരു കലാകാരി എന്ന പരിഗണനകൊണ്ടാകും ജനങ്ങള്‍ വോട്ട് തന്നത്. രണ്ടാമത് ഞാന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനം ഒരിക്കലും എനിക്ക് വോട്ട് തരില്ല. കാരണം എന്നെ ഒന്നിനും കൊള്ളില്ലെന്ന് അവര്‍ വിചാരിക്കും. രണ്ട് തവണ ജില്ലാ പഞ്ചായത്തില്‍ നിന്നും ഞാന്‍ വിജയിച്ചു. ആ ആത്മവിശ്വാസമാണ് ഇത്തവണയും ഉള്ളത്. ജില്ലാ പഞ്ചായത്തില്‍ ഒരുപാട് പരിമിതികള്‍ ഉണ്ട്. ആ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് 15 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

"മണ്ഡലത്തിലെ പ്രധാന പ്രശ്നം വെള്ളക്കെട്ടാണ്. പള്ളിത്തോട് ചില ഭാഗത്ത് വെള്ളക്കെട്ടുണ്ട്. അവിടേക്ക് വോട്ട് ചോദിച്ച് ചെല്ലുമ്പോള്‍ കണ്ടാല്‍ ആദ്യം അവര്‍ വെള്ളക്കെട്ടിന്റെ കാര്യം അവര്‍ പറയും. ഇവരുടെ പരാതി ഞങ്ങളോട് പറയുകയാണ്. അതൊരു ജനപ്രതിനിധി എന്ന നിലയില്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. പിന്നീട് അവരോട് കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ക്ക് മനസിലാകാറുണ്ട്. പിന്നെ എവിടെപോയാലും പാട്ട് പാടിക്കും. ഇനിയും വരുമ്പോള്‍ പാടി തരണമെന്നാണ് പറയുന്നത്. ആ സ്നേഹവും ഊര്‍ജവുമാണ് ഉറപ്പ് നല്‍കുന്നത്.

അമ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് സ്ത്രീകള്‍ അരൂരില്‍ ഏറ്റുമുട്ടുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ നിറഞ്ഞ പുഞ്ചിരിയായിരുന്നു മുഖത്ത്. "ഞങ്ങള്‍ രണ്ട് പേരും വലിയ സ്നേഹമാണ്. വ്യക്തിപരമായി ഞങ്ങള്‍ വളരെ അടുപ്പത്തിലാണ്. പക്ഷേ ഇത് ഞങ്ങളുടെ പ്രസ്ഥാനങ്ങള്‍ തമ്മിലല്ലേ മത്സരം. മത്സരത്തിനപ്പുറം ഞങ്ങള്‍ മനുഷ്യരാണ്. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന മനുഷ്യര്‍." ദലീമ പറഞ്ഞു.
 
ഗൗരിയമ്മ ജയിച്ച മണ്ഡലമല്ലേ, അന്ന് വാശിയേറിയ പോരാട്ടം നടന്ന മണ്ഡലം. ഇത്തവണയും അത്തരത്തില്‍ ശക്തമാകുമോ അരൂരില്‍ എന്ന് ചോദിച്ചപ്പോള്‍ തന്നെ മറുപടിയെത്തി. "ഗൗരിയമ്മയെ പോയി കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഒരു സാധാരണ സ്ത്രീയല്ല ഗൗരിയമ്മ. അവരുടെ ജീവിതം തന്നെ പൊതുപ്രവര്‍ത്തനത്തിന് വേണ്ടി ഒഴിഞ്ഞുവെച്ചവരാണ്. സ്വയം ത്യാഗിയായി വിജയിച്ചുവന്നവരാണ്. പ്രസ്ഥാനത്തിന് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. ഒരു ജനപ്രതിനിധി എങ്ങനെയാകണമെന്ന് കാണിച്ചുതന്ന സ്ത്രീയാണ് ഗൗരിയമ്മ. അവരുമായി തട്ടിച്ച് നോക്കാന്‍ മറ്റൊരു നേതാവ് കേരളത്തിലില്ല."- ദലീമ പറഞ്ഞു.

"മണ്ഡലത്തില്‍ നല്ല ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. എത്ര വോട്ട് എന്നൊക്കെ ജനം പറയും. എല്‍.ഡി.എഫ്.  സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ട്."

"പല സ്ഥലത്തും കുടിവെള്ള ക്ഷാമം ഉണ്ട്. അതോടൊപ്പം തന്നെ വെള്ളക്കെട്ട്. ഈ രണ്ട് വിഷയങ്ങളുമാണ് ഞാന്‍ പ്രധാനമായും കണക്കിലെടുത്തിരിക്കുന്നത്. പിന്നെ ഇവിടുത്തെ പീലിങ് ഷെഡ് തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ ഇവരുടെ എല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ആഗ്രഹം."    

വീട്ടിലെ എല്ലാവരും കോണ്‍ഗ്രസ് അനുഭാവികളല്ലേ, പിന്നെ എങ്ങനെയാണ് ദലീമ ഇടത്പക്ഷത്തേക്ക് എത്തിയത് എന്ന് ചോദിച്ചപ്പോഴും ചിരിയോടെയായിരുന്നു മറുപടി. "അച്ഛനും അമ്മയും വീട്ടുകാരുമെല്ലാം കോണ്‍ഗ്രസ് ആയിരുന്നു. ക്രിസ്ത്യാനി എന്ന് പറഞ്ഞാല്‍ മിക്കവരും കോണ്‍ഗ്രസാണ്. കൈപ്പത്തിക്ക് വോട്ട് ചെയ്യുന്നവരുമാണ്. എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാവരും കമ്മ്യൂണിസ്റ്റ്കാരാണ്. കമ്മ്യൂണിസ്റ്റിലാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരുള്ളത്. അതാണ് എന്നെ പാര്‍ട്ടിയിലേക്ക് നയിച്ചത്. കലാകാരിയായി ഇരിക്കെ ഞാന്‍ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. പഞ്ചായത്തോ, ജില്ലാ പഞ്ചായത്തിലോ ഒന്നും പോകുകയോ അതിനെക്കുറിച്ച് ചിന്തിക്കേണ്ടിയോ വന്നിട്ടില്ല. ഇതല്ല ലോകമെന്ന് ഞാന്‍ മനസിലാക്കിയത് ഞാന്‍ ഇടത്പക്ഷത്തിനൊപ്പം ചേര്‍ന്നതിന് ശേഷമാണ്. ഒരു അനാഥാലയം പണിയണമെന്നായിരുന്നു ആഗ്രഹം. കഴിയുന്ന വിധത്തില്‍ ആര്‍ക്കെങ്കിലും താങ്ങും തണലുമാകണം എന്നായിരുന്നു. കലയില്‍ സജീവമായിരുന്ന സമയത്ത് എഴുതിയ ഒരു കവിതയുണ്ട്.

സുപ്രഭാതങ്ങള്‍ വന്നണഞ്ഞീടവേ
ഉള്‍പ്രമോദത്താല്‍ ഞാന്‍ തിരഞ്ഞീടുന്നു
കണ്‍കണ്ടകാലത്തിന്‍ നന്മകളെല്ലാമേ
ചോരയൊലിക്കുന്ന വാര്‍ത്തയില്‍ മുങ്ങുന്നു
എത്രയോ വാര്‍ത്തകള്‍ പത്രക്കടലാസില്‍
കണ്ടു നടുങ്ങി എന്‍ മാനസം വിങ്ങുന്നു
ഇനിയൊരു രാജ്യത്ത് പട്ടിണിക്കോലങ്ങള്‍
ഭക്ഷണമില്ലാതെ മണ്ണു ഭുജിക്കുന്നു... 

പാവപ്പെട്ടവര്‍ക്കും മണ്ഡലത്തിലെ സാധാരണ ജനങ്ങള്‍ക്കും വേണ്ടി എല്ലാ സഹായങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. അതാണ് എന്നും എന്റെ മനസില്‍."

"വാളയാര്‍ പ്രശ്നങ്ങളിലേക്ക് ഞാന്‍ ഇറങ്ങി ചെന്നിട്ടില്ല. മുഖ്യമന്ത്രിക്കെതിരേ അവര്‍ പോകണമെങ്കില്‍ അതിന് പിന്നില്‍ മറ്റ് രാഷ്ട്ര തന്ത്രങ്ങളുണ്ടാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുഖ്യമന്ത്രി ഇവര്‍ക്ക് മാത്രം നീതി നിഷേധിക്കുമെന്ന് കരുതുന്നില്ല. രാഷ്ട്രീയം സംസാരിക്കാനില്ല. ഞാന്‍ ഒരു കലാകാരിയാണ്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കണം. അത്രമാത്രം." ദലീമ പറഞ്ഞു നിര്‍ത്തി.

Content Highlights: Interview with Daleema, the LDF candidates from Aroor