ആലപ്പുഴ: കഴിഞ്ഞതവണ ബി.ജെ.പി. മത്സരിച്ച ഹരിപ്പാട് സീറ്റ് ആവശ്യപ്പെടാന്‍ എന്‍.ഡി.എ.യുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. സമ്മര്‍ദം ശക്തമാക്കി. ഈഴവ സമുദായാംഗങ്ങള്‍ ഏറെയുള്ള ഹരിപ്പാട്ട് മറ്റുവിഭാഗങ്ങളുടെ പിന്തുണകൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം. ബി.ഡി.ജെ.എസ്. സംസ്ഥാന പഠനശിബിരത്തിന്റെ ഭാഗമായി ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞതവണ 18,585 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ഹരിപ്പാട്. ബി.ജെ.പി.ക്ക് 12,985 വോട്ടാണ് ലഭിച്ചത്. ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയായാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.

കഴിഞ്ഞതവണ സംസ്ഥാനത്ത് 37 സീറ്റിലാണ് ബി.ഡി.ജെ.എസ്. മത്സരിച്ചത്. അത്രയും സീറ്റില്‍ തന്നെയായിരിക്കും ഇക്കുറിയും മത്സരിക്കുക. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണു താത്പര്യമെന്നും മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. എന്നാല്‍, തുഷാര്‍ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം.

Content Highlights: BDJS may demand Haripad assembly seats