ആലപ്പുഴ: പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന എ.എം ആരിഫ് എംപിയുടെ പരിഹാസത്തിന് മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു. ജനപ്രതിനിധിയായ ആരിഫിന്റെ നാവില്‍നിന്ന് ഇത്തരം വാക്കുകള്‍ കേള്‍ക്കേണ്ടി വന്നത് സങ്കടമുണ്ടാക്കിയെന്ന് അരിത പ്രതികരിച്ചു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് പറഞ്ഞിട്ട് അധ്വാനിക്കുന്ന മൊത്തം തൊഴിലാളികളെയും അവഹേളിക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും അരിത ആരോപിച്ചു.

ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നായിരുന്നു ആരിഫിന്റെ വിവാദ പരാമര്‍ശം. സ്ഥാനാര്‍ഥിയുടെ പ്രാരാബ്ദമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്ദം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭയുടെ പ്രചരണാര്‍ഥം ശനിയാഴ്ച കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു വിവാദ പരാമര്‍ശം. 

അരിതയ്‌ക്കെതിരായ എംപിയുടെ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരിഹാസം മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരെ ആയുധമാക്കി മാറ്റിയിരിക്കുകയാണ് യുഡിഎഫ്. അരിതയെ അധിക്ഷേപിച്ച ആരിഫ് പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇതിന് കായംകുളത്തെ ജനത തക്കമറുപടി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

content highlights: Aritha Babu reply on MP Arifs controversial statement