ആലപ്പുഴ: വോട്ടെടുപ്പ് കഴിഞ്ഞതോടെ ആലപ്പഴയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നു. മന്ത്രി ജി. സുധാകരനെ ലക്ഷ്യംവെച്ച് ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളാണ് ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയിലെ പാര്‍ട്ടിയില്‍ ഉള്‍പ്പോര് കടുക്കാന്‍ കാരണം. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ എ.എം. ആരിഫ് എംപി നടത്തിയ പാരാമര്‍ശം ഫലംവന്നശേഷം പരിശോധിക്കാനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 

സ്ഥാനാര്‍ഥി നിര്‍ണയത്തോടെ രൂപപ്പെട്ട ഭിന്നതകളാണ് ജില്ലയില്‍ സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി പ്രശ്‌നമായി വളരുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ചില നേതാക്കള്‍ ബോധപൂര്‍വം ഇടപെട്ടന്ന ആക്ഷേപമാണ് വിഭാഗീയത രൂക്ഷമാക്കാന്‍ പെട്ടെന്നുള്ള കാരണം. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി.സുധാകരന്റെ പോസ്റ്റര്‍ കീറി ആരിഫിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതായി കാണിക്കുന്ന വീഡിയോ വോട്ടെടുപ്പിന് തൊട്ടുമുമ്പ് വിവാദമാക്കിയത്‌ ബോധപൂര്‍വമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. 

എന്നാല്‍ ജി. സുധാകരനെ ലക്ഷ്യം വെച്ചാണ് ഈ ആരോപണം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് മറുവിഭാഗവും ആരോപിക്കുന്നു. പാര്‍ട്ടി നിര്‍ദേശം പാലിച്ച് അമ്പലപ്പുഴയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടും ഇത്തരം ആക്ഷേപങ്ങള്‍ വരുന്നതില്‍ സുധാകരന്‍ ക്ഷുഭിതനാണെന്നാണ് വിവരം. ഇതിലുള്ള അതൃപ്തി അദ്ദേഹം പരസ്യമാക്കിയേക്കും.

ഇതിനിടെ കായംകുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അരിത ബാബുവിനെതിരേ മോശം പരാമര്‍ശം നടത്തിയ എ.എം. ആരിഫ് എംപിയുടെ നടപടി ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായി. പരാമര്‍ശം ബോധപൂര്‍വമാണെന്ന ആക്ഷേപവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇക്കാര്യം പ്രത്യേകമായി പരിശോധിക്കാനാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം.

Content Highlights: AM Arif MP, aritha babu