ആലപ്പുഴ : തിരഞ്ഞെടുപ്പിനു മുൻപ്‌ പാർട്ടിമാറി മത്സരിച്ചവർക്കു നേട്ടമുണ്ടാക്കാനായില്ല. കെ. സഞ്ചു (മാവേലിക്കര), പി.എസ്. ജ്യോതിസ് (ചേർത്തല), തമ്പി മേട്ടുതറ (കുട്ടനാട്) എന്നിവരാണ് പാർട്ടിവിട്ട് എൻ.ഡി.എ.യിലേക്കു ചേക്കേറി മത്സരിച്ചത്. സഞ്ചുവും ജ്യോതിസും സി.പി.എം.വിട്ടാണ് പോയതെങ്കിൽ തമ്പി സി.പി.ഐ.യിൽനിന്നു രാജിവെക്കുകയായിരുന്നു.

തമ്പിയും ജ്യോതിസും ബി.ഡി.ജെ.എസ്.സ്ഥാനാർഥികളായി രംഗത്തിറങ്ങിയപ്പോൾ സഞ്ചു ബി.ജെ.പി.സ്ഥാനാർഥിയായിരുന്നു. സഞ്ചുവാണ് കൂട്ടത്തിൽ മികച്ച പ്രകടനം നടത്തിയത്. കഴിഞ്ഞതവണത്തെക്കാൾ 26 വോട്ട് കൂടുതൽ ലഭിച്ചു.

കുട്ടനാട്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 33,044 വോട്ടുനേടിയ കുട്ടനാടിനെ എ ക്ലാസ് മണ്ഡലമാക്കിയ എൻ.ഡി.എ.ക്കു ഇത്തവണ കാലിടറി. അന്നു സുഭാഷ് വാസുവാണ് ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായി മത്സരിച്ചത്. ഇത്തവണ ആകെ 14,946 വോട്ടുകളാണ് എൻ.ഡി.എ.സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്കു കിട്ടിയത് അഞ്ചുവർഷം പിന്നിടുമ്പോൾ 19,098 വോട്ടുകളാണ് കുറഞ്ഞത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽനിന്നായി 20,000-നടുത്ത്‌ വോട്ടുകൾ ലഭിച്ചിരുന്നു. നിയോജകമണ്ഡലാടിസ്ഥാനത്തിൽ വീയപുരം പഞ്ചായത്ത് കൂടി അധികമായി വന്നിട്ടും പ്രതീക്ഷിച്ച വോട്ടു നേടാനായില്ല. എൻ.ഡി.എ. 35,000 വോട്ടുകളാണ് പ്രതീക്ഷിച്ചത്.

നഷ്ടമായ വോട്ടുകളിൽ പകുതി വീതം എൽ.ഡി.എഫിനും യു.ഡി.എഫിനും കിട്ടിയതായാണ് സൂചന. ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ നേരിട്ടുള്ള നീക്കത്തിലൂടെയാണ്‌ തമ്പി എൻ.ഡി.എ.യിലെത്തിയത്.

ചേർത്തല

പ്രചാരണത്തിൽ രണ്ടു മുന്നണികൾക്കൊപ്പമെത്താനായെങ്കിലും വോട്ടുകുത്തനെയിടിഞ്ഞതിന്റെ ആഘാതത്തിൽ ചേർത്തലയിൽ ബി.ജെ.പി.യും എൻ.ഡി.എ.യും. എൽ.ഡി.എഫും യു.ഡി.എഫും കഴിഞ്ഞ തവണത്തേക്കാൾ വോട്ടു വർധിപ്പിച്ചപ്പോൾ എൻ.ഡി.എ. വോട്ടിൽ 5,052 വോട്ടിന്റെ കുറവാണുണ്ടായത്.

സ്ഥാനാർഥി നിർണയത്തിൽ സി.പി.എമ്മിലെ ജനകീയ മുഖത്തെ അടർത്തിയെടുത്തു സംസ്ഥാനതലത്തിൽ തന്നെ തന്ത്രപരമായ നീക്കം നടത്തിയിട്ടും നേടാനായത് 14,562 വോട്ടുമാത്രം. രണ്ടുവർഷം മുൻപു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മാസങ്ങൾക്കു മുൻപു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലാകെ 23,000-ത്തോളം വോട്ട് മുന്നണി നേടിയിരുന്നു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. മുന്നണിയിൽ ബി.ഡി.ജെ.എസ്. 19,614 വോട്ടു നേടിയിരുന്നു. സംസ്ഥാനത്താകെ ഉണ്ടായ ഇടതുതരംഗത്തിന്റെ ഭാഗമായാണ് വോട്ടുകുറഞ്ഞതെന്നും ഏതൊക്കെ മേഖലയിലാണുകുറവുണ്ടായതെന്നു പരിശോധിച്ചു നടപടികൾ സ്വീകരിക്കുമെന്നും ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ പറഞ്ഞു. വോട്ടുകുറഞ്ഞതിനെക്കുറിച്ചു മുന്നണി പരിശോധിക്കുമെന്ന് സ്ഥാനാർഥി പി.എസ്. ജ്യോതിസ് പ്രതികരിച്ചു.

മാവേലിക്കര

ഡി.വൈ.എഫ്.ഐ. നേതാവിനെ പാർട്ടിയിൽനിന്ന് രാജിവെപ്പിച്ച് സ്ഥാനാർഥിയാക്കിയ ബി.ജെ.പി. തന്ത്രം മാവേലിക്കരയിൽ പാളുകയായിരുന്നു. കെ. സഞ്ചുവിനെ സ്ഥാനാർഥിയാക്കുന്നതിലൂടെ സി.പി.എം. വോട്ടുകളിൽ വിള്ളൽ വീഴ്ത്താമെന്നായിരുന്നു ബി.ജെ.പി.

കണക്കുകൂട്ടൽ. കഴിഞ്ഞ തവണ നേടിയ 30,000 വോട്ടുകൾക്കൊപ്പം സഞ്ചു സി.പി.എമ്മിൽനിന്ന് പിടിക്കുന്ന പതിനായിരം വോട്ടും സഞ്ചുവിന്റെ സമുദായത്തിൽനിന്ന് ലഭിക്കുന്ന പതിനായിരം വോട്ടുകളും കൂടി ചേരുമ്പോൾ വിജയം ഉറപ്പെന്നായിരുന്നു ബി.ജെ.പി. നിഗമനം.

സഞ്ചുവിന്റെ ജന്മനാടായ ചുനക്കരയിൽ നിന്നുപോലും പ്രതീക്ഷിച്ച വോട്ടുകൾ ബി.ജെ.പി.ക്കു നേടാനായില്ല. ചുനക്കര പഞ്ചായത്തിൽ ചുനക്കര വടക്ക് മേഖലയിലെ ഒരു ബൂത്തിൽ മാത്രമാണ് ബി.ജെ.പി. സ്ഥാനാർഥി ഒന്നാമതെത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടു മുന്നണികൾക്കുമൊപ്പമെത്തിയ മാവേലിക്കര നഗരസഭ, മുഖ്യപ്രതിപക്ഷമായ തഴക്കര, നൂറനാട്, താമരക്കുളം എന്നിവിടങ്ങളിലെല്ലാം മൂന്നാം സ്ഥാനത്തെത്താനേ ബി.ജെ.പി.ക്കു കഴിഞ്ഞുള്ളു.

2016-ലെ തിരഞ്ഞെടുപ്പിൽ സജീവമായി ഒപ്പമുണ്ടായിരുന്ന ബി.ഡി.ജെ.എസ്. ഇത്തവണ വിട്ടുനിന്നതും ബി.ജെ.പി. സ്ഥാനാർഥിക്ക്‌ വോട്ടുകുറയാൻ കാരണമായി.