രു സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനിടെ നാട്ടുകാരില്‍നിന്ന് എന്തൊക്കെ സമ്മാനമായി കിട്ടും.? അതിനുള്ള ഉത്തരമായിരുന്നു കായംകുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അരിത ബാബു.

ഇരുവശവും പുല്ലുകള്‍ നീണ്ടുവളര്‍ന്നുനില്‍ക്കുന്ന ചെമ്മണ്‍വഴി പിന്നിട്ട് അരിത ബാബുവിന്റെ പ്രചാരണ വാഹനം നീങ്ങുകയാണ്. വഴിയരികില്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ കൈവീശി കാണിച്ചതോടെ വാഹനത്തിന്റെ വേഗം കുറഞ്ഞു. കൈയ്യില്‍ കരുതിയ പഴുത്ത ആഞ്ഞിലി ചക്കകള്‍ അയാള്‍ സ്ഥാനാര്‍ത്ഥിക്കു കൈമാറി. അവര്‍ അതുവാങ്ങി വണ്ടിയില്‍വെച്ചു. 

പ്രചാരണവാഹനത്തില്‍ ആഞ്ഞിലി ചക്കയുടെ എണ്ണം കൂടുന്നത് കണ്ടാണ് അരിതയോട് ചോദിച്ചത്: എന്തിനാ ഇങ്ങനെ ആഞ്ഞിലി ചക്ക വാങ്ങിക്കൂട്ടുന്നത്?'
ഒട്ടും മടിക്കാതെ ഉത്തരമെത്തി: തിന്നാന്‍. ആഞ്ഞിലിച്ചക്ക മാത്രമല്ല, പേരക്കയുണ്ട്, ചാമ്പക്കയുണ്ട്.
ഒപ്പം നടക്കുമ്പോള്‍ അവര്‍ പറഞ്ഞു: വേഗം, സമയമില്ല

സാധാരണക്കാരിയാണ് അരിത. ക്ഷീരകര്‍ഷകയെന്ന് വിളിച്ചാല്‍ അത് അഭിമാനമായി കരുതുന്ന പെണ്‍കുട്ടി. കൃഷ്ണപുരം ഡിവിഷനില്‍നിന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കുമ്പോള്‍ അരിതയ്ക്ക് പ്രായം 21. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായിരുന്നു അരിത അന്ന്. രണ്ടാം വട്ടവും സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി പറഞ്ഞതിനാല്‍ മാറി നില്‍ക്കേണ്ടി വന്നു അരിതയ്ക്ക്. എന്നാല്‍, തൊട്ടുപിന്നാലെ കായംകുളത്ത് നിയമസഭാ സ്ഥാനാര്‍ഥിത്വം നല്‍കി അരിതയെ പാര്‍ട്ടി ഞെട്ടിച്ചു. നിയമസഭയിലേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിത.

aritha babu
അരിത ബാബു പ്രചാരണത്തില്‍

ചെട്ടിക്കുളങ്ങര ഗ്രാമത്തിലൂടെ അരിത ബാബുവിനൊപ്പം സഞ്ചരിക്കുമ്പോള്‍, ഔപചാരികതകളില്ലാതെ നാട്ടുകാരിയായി അവരിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് അരിത. 'സ്ഥാനാര്‍ഥിയല്ലേ' എന്ന് ചോദിച്ചെത്തുന്ന നാട്ടുകാര്‍ തന്നെയാണ് ഇതിനു സാക്ഷ്യം.  'ആ കുട്ടി ജയിക്കെട്ടെ. സാധാരണ വീട്ടിലെ കുട്ടിയാണവള്‍. നന്നായി കഷ്ടപ്പെട്ടിട്ടാണ് ജീവിക്കുന്നത്. രാവിലെ പാല് കൊടുക്കാന്‍ പോകുന്ന കാലം മുതല്‍ അതിനെ അറിയാം. അത് ജയിച്ചില്ലെങ്കില്‍ പിന്നെ പിന്നെ ആര് ജയിക്കാന്‍'. - സ്ഥാനാര്‍ഥി വിജയിക്കുമോ എന്ന ചോദ്യത്തിന് നാട്ടുകാരിയായ ഒരു സ്ത്രീയുടെ മറുപടി.  

രാഷ്ട്രീയക്കാരി മാത്രമല്ല, ക്ഷീരകര്‍ഷകയും 

രാഷ്ട്രീയക്കാരി മാത്രമല്ല, താനൊരു ക്ഷീരകര്‍ഷകയുമാണെന്ന് പറയാന്‍ മടിയൊട്ടുമില്ല അരിത ബാബുവിന്. ഇതിനുപുറമെ, നാട്ടിന്‍പുറത്തെ ട്യൂഷന്‍ സെന്ററിലെ അധ്യാപിക കൂടിയാണ് അരിത. രാവിലെ നാലരയ്ക്ക് അച്ഛനൊപ്പം ഉറക്കമുണരും. അച്ഛനൊപ്പം പശുക്കളെ കുളിപ്പിക്കാന്‍ കൂടും. പിന്നെ പാലുമായി സൊസൈറ്റിയിലേക്ക്. സൊസൈറ്റിക്ക് പുറമേ ഇരുപതോളം വീടുകളിലും പാല് നല്‍കിയിരുന്നു. അവിടെനിന്ന് ടീച്ചറായി ടൂഷന്‍ സെന്ററിലേക്ക്. സാധാരണ ദിവസങ്ങളില്‍ 7.30 മുതല്‍ 10 വരെ ക്ലാസുണ്ടാകും. വൈകുന്നേരങ്ങളിലും ക്ലാസുണ്ടായിരുന്നു. ശനിയാഴ്ച മുഴുവന്‍ സമയവും ക്ലാസുണ്ട്. ഇതിന് പുറമേ വൈകുന്നേരങ്ങളില്‍ വീടുകളില്‍ പോയി കുട്ടികള്‍ക്ക് ക്ലാസ് എടുത്തിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഹോം ട്യൂഷന്‍ നിര്‍ത്തി. എല്ലായിടത്തും ഓടിയെത്താന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്ന് പറയുന്നു അരിത. 

aritha babu
ഹോട്ടലില്‍ പ്രാതലിനിടെ

പശുവില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് ജീവിതം ഇതുവരെ മുന്നോട്ട് പോയിട്ടുള്ളതെന്ന് തുറന്നു പറയും അരിത. 'വലിയ ഫാമുണ്ട്, വലിയ വീടുണ്ട് എന്നെല്ലാം പലരും പറയുകയുണ്ടായി. കഷ്ടപ്പെട്ട് മിച്ചം പിടിച്ചുണ്ടാക്കിയതാണ് വീട്. ഫാം ഒന്നുമില്ല, അഞ്ച് പശുക്കളുണ്ട്. വരുമാനമാര്‍ഗം പശു തന്നെയാണ്. പിന്നെ ട്യൂഷന്‍ സെന്ററില്‍ പാര്‍ട്ട് ടൈം അയി കുട്ടികളെ പഠിപ്പിക്കുണ്ട്. അങ്ങനെയാണ് ജീവിതം മുന്നോട്ട് പോകുന്നത്.' - പ്രചാരണത്തിന് തുടക്കം കുറിക്കും മുമ്പേ ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിലെ ചായക്കടയില്‍ ഇരുന്ന് സ്ഥാനാര്‍ഥി പറഞ്ഞു. 

മുന്നിലെത്തിയ പൊറോട്ടയും മുട്ട റോസ്റ്റും കഴിക്കുന്നതിനിടയില്‍ കടയില്‍ എത്തുന്നവരോട് കുശലാന്വേഷണവും സഹായിക്കണമെന്ന് അഭ്യര്‍ഥനയും. ഭക്ഷണം കഴിച്ചോയെന്ന് അന്വേഷണം. കായംകുളത്തുകാരിയാണെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ് ഓരോരുത്തരോടും വോട്ടഭ്യര്‍ഥന. അത് തന്നെയാണ് സ്വീകരണയോഗങ്ങളിലും അരിത ആവര്‍ത്തിക്കുന്നത്. ഇടയ്ക്ക് ഫോണില്‍ വിളിക്കുന്നവരോടുള്ള സഹായ അഭ്യര്‍ഥന.

കറവക്കാരിയെന്ന് വിളിച്ച് ആക്ഷേപം; അഭിമാനമെന്ന് അരിത 

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ കറവക്കാരി എന്ന് വിളിച്ചായിരുന്നു സമൂഹമാധ്യമങ്ങളില്‍ അരിതക്ക് എതിരായ അധിക്ഷേപം. എന്നാല്‍ സൈബര്‍ സുഹൃത്തുക്കളുടെ കറവക്കാരി വിളിയില്‍ കുറച്ചില്‍ തോന്നുന്നില്ലെന്ന് അരിത. 'കഷ്ടപ്പെട്ട് ജീവിക്കുന്ന ഏതൊരാള്‍ക്കും അഭിമാനമുള്ള കാര്യമല്ലേ അത്? ഇതെല്ലാം പോസിറ്റീവായി കണ്ടുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. നാളെ കായംകുളത്തിന്റെ ജനപ്രതിനിധിയായാലും കുഞ്ഞുനാള്‍ മുതല്‍ കണ്ടു വളര്‍ന്ന പശുക്കളെ വിറ്റുകളയാന്‍ പറ്റുമോ. അപ്പോഴും അച്ഛനെ സഹായിച്ച് മുന്നോട്ട് പോകണം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും ഇതുപോലെ ആയിരുന്നു. രാവിലെ അച്ഛന്റെ കൂടെ പശുവിനെ കുളിപ്പിക്കാന്‍ കൂടും. തീറ്റ എടുക്കാന്‍ പോകും. പാല് കൊടുക്കാന്‍ പോകും. അതിന് ശേഷം ട്യൂഷന്‍ സെന്ററിലേക്ക്. 10 മണിക്ക് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുപ്രവര്‍ത്തനത്തിലും സജീവമാകുക എന്നതായിരുന്നു രീതി. ഇനിയും അത് തന്നെ തുടരും'. 

aritha babu
വോട്ടഭ്യര്‍ത്ഥിക്കുന്ന അരിത

വ്യക്തിപരമായ ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോഴും 'കൂളാണ്' അരിത. പരിഹസിക്കുന്നവര്‍ക്ക് മുന്നില്‍ ജീവിതവും നിലപാടും വ്യക്തമാക്കാന്‍ മടിയില്ല അവര്‍ക്ക്. സാധാരണക്കാരി എന്ന് ആവര്‍ത്തിക്കുമ്പോഴും ഒരിക്കലും പട്ടിണി കിടന്നുവെന്ന് ഒരു വേദിയിലും പറഞ്ഞിട്ടില്ലെന്ന് പറയുന്നു അവര്‍. 'സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ചാനലുകള്‍ നേരിട്ടുവന്നാണ് ജിവിതത്തിന്റെ ചുറ്റുപാടുകള്‍ പകര്‍ത്തിയത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ക്ഷീരകര്‍ഷകന്റെ മകളാണ് ഞാന്‍. അച്ഛന് അസുഖം വന്നപ്പോള്‍, വീട്ടില്‍ കൊച്ചുനാള്‍ മുതല്‍ കണ്ടുവളര്‍ന്ന പശുക്കളെ വിറ്റുകളയാനുള്ള മാനസിക ബുദ്ധുമുട്ടുകൊണ്ടാണ് ഈ രംഗത്തേക്ക് ഇറങ്ങിയത്. അച്ഛന്‍ സര്‍ജറിക്ക് വേണ്ടി പോക്കോളൂ, ജോലി ഞാന്‍ ഏറ്റെടുത്തോളം പശുക്കളെ കൊടുക്കണ്ട എന്ന് ഞാനാണ് പറഞ്ഞത്'. 

ചെട്ടിക്കുളങ്ങര അമ്മയെ തൊഴുത് തുടക്കം 

രാവിലെ ചെട്ടിക്കുളങ്ങര ക്ഷേത്ര ജംഗ്ഷനിലെ ആദ്യ സ്വീകരണസ്ഥലത്തേക്ക് സ്ഥാനാര്‍ഥി എത്തുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തിന് തുടക്കം കുറിച്ചിരുന്നു. 'ഇവിടെ വരെ വന്നിട്ട് അമ്മയെ കാണാതിരിക്കാന്‍ പറ്റുമോ' എന്ന ചോദ്യത്തോടെ അരിത ആദ്യം പോയത് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഓരോ കടയിലും കയറിയുള്ള കുശലാന്വേഷവും വോട്ടഭ്യര്‍ഥനയും. 'സഹായിക്കണം.' ഓരോരുത്തരോടും അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഒരാള്‍ അരിതയെ തടഞ്ഞുനിര്‍ത്തി. 'സ്ഥാനാര്‍ഥിയല്ലേ' എന്നായി ചോദ്യം. അതേ സ്ഥാനാര്‍ഥിയാണ് അച്ഛോ, സഹായിക്കണം. പാല് കൊടുക്കാന്‍ പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നായി അയാള്‍.

aritha babu
അരിത ബാബു പ്രചാരണത്തില്‍

ചെട്ടിക്കുളങ്ങര അമ്മയെ തൊഴുതിറങ്ങുമ്പോള്‍ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഗൃഹസന്ദര്‍ശനമാണ് അടുത്തത്. മരണവീടാണ്. അസുഖം മൂലം മരിച്ച ഒരു സൈനികന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി അവര്‍ തിരികെ ക്ഷേത്ര ജംഗ്ഷനില്‍ തിരികെയെത്തി. സ്വീകരണ യോഗത്തില്‍ മറുപടി പ്രസംഗത്തിന് നില്‍മ്പോള്‍ വെയില്‍ കടുത്തിരുന്നു. പ്രവര്‍ത്തകരിലൊരാള്‍ ഒരു ത്രിവര്‍ണ തൊപ്പി വെച്ചുകൊടുത്തു. അതുചൂടി ഒരു ചെറുപ്രസംഗം.

കഴിഞ്ഞ 15 വര്‍ഷമായി കായംകുളത്ത് വികസന മുരടിപ്പാണെന്നാണ് അരിതയുടെ പക്ഷം. 'കായംകുളത്തുകാരിയായാണ് വോട്ട് ചോദിക്കുന്നത്. കായംകുളത്തിന്റെ ജനപ്രതിനിധിയാകാന്‍ അവസരം തരണം.' ചെട്ടിക്കുളങ്ങരക്കാരുടെ ദീര്‍ഘകാല സ്വപ്നമായ ടൗണ്‍ഷിപ്പ്, കായംകുളം താലൂക്ക്... വിജയിച്ചു കയറിയാല്‍ വികസനക്കുതിപ്പെന്ന് വാഗാദാനം ചെയ്യുന്നു അരിത. 'ഇത് വാക്കല്ല, ഉറപ്പാണ്.' അവര്‍ ജനങ്ങളോട് പറയുന്നു.

aritha babu
ചെട്ടിക്കുളങ്ങര ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന സ്ഥാനാര്‍ത്ഥി

ക്ഷേത്ര ജംഗ്ഷനില്‍നിന്ന് തുറന്ന ജീപ്പില്‍ മണ്ഡല പര്യടനം. ജീപ്പിലേക്ക് കയറും മുമ്പ് ജംഗ്ഷനില്‍ കടകളിലോരോന്നിലും കയറി വോട്ടഭ്യര്‍ഥന. ഓട്ടോറിക്ഷ തൊഴിലാളികള്‍ അടക്കമുള്ളവരോട് സഹായാഭ്യര്‍ഥന. ചുറുചുറക്കോടെ ഓടിനടന്ന് വോട്ട് ചോദിക്കുന്ന സ്ഥാനാര്‍ഥിയെ കണ്ടുനിന്നവര്‍ക്കും പ്രിയം.

'ഞങ്ങടെ സ്ഥാനാര്‍ഥിയൊന്നുമല്ല, പക്ഷേ ആ കൊച്ചിനെ നന്നായി അറിയാം.' നിങ്ങളുടെ സ്ഥാനാര്‍ഥി എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് അടുത്തുനിന്ന ഒരാളുടെ മറുപടി. 'ഒരു സാധാരണവീട്ടിലെ കുട്ടിയാണ്. കര്‍ഷകയാണ്. ജില്ലാ പഞ്ചായത്ത് മെമ്പറായ കാലം മുതല്‍ അറിയാം. പക്ഷേ ഞങ്ങടെ വോട്ട് പ്രതിഭയ്ക്കാണ്'. - അയാള്‍ നയം വ്യക്തമാക്കി.

aritha babu
പ്രചാരണത്തിനിടയിലെ പ്രസംഗം

മണ്ഡലം ഏതാണ് മാവേലിക്കരയോ, കായംകുളമോ

പനച്ചിമൂട് ജംഗ്ഷനിലെത്തിയപ്പോള്‍ സ്ഥാനാര്‍ഥിക്കും സംശയം ഇത് തന്റെ മണ്ഡലത്തിന്റെ പരിധി തന്നെയാണോ. കടകളില്‍ കയറി വോട്ട് അഭ്യര്‍ഥിക്കുന്നതിനിടയിലാണ് കൂടെയുള്ള പ്രവര്‍ത്തകരോട് ചോദിച്ചത് 'ഇത് മാവേലിക്കര മണ്ഡലത്തിന്റെ പരധിയില്‍ വരുന്ന സ്ഥലമല്ലേ?'. 'റോഡിന് അപ്പുറം മാവേലിക്കര മണ്ഡലമാണ് ഇപ്പുറം കായംകുളം തന്നെ'- ഉടന്‍ പ്രവര്‍ത്തകരുടെ മറുപടിയെത്തി. 

സംശയമകന്ന സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥനയുമായി വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക്. യു.ഡി.എഫിന്റെ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞായിരുന്നു അവിടുത്തെ പ്രസംഗം. ന്യായ് പദ്ധതിയെക്കുറിച്ച് ഓര്‍മിപ്പിച്ച അരിത, ബില്‍രഹിത ആശുപത്രിയെന്ന മുന്നണിയുടെ വാഗ്ദാനവും ആവര്‍ത്തിച്ചു. 

എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അരിതയുടെ കൈയ്യില്‍ കൃത്യമായ മറുപടിയുണ്ട്. ശക്തമായ മത്സരമുണ്ടങ്കിലല്ലേ ജയിച്ചുകയറാനുള്ള ആവേശമുണ്ടാകുക എന്നാണ് അരിതയുടെ പക്ഷം. 'മത്സരം ടൈറ്റാണ്. പ്രചാരണങ്ങളുമായി മുന്നോട്ട് പോകുകയാണ്. പരമാവധി ആളുകളിലേക്ക് നേരിട്ടെത്താന്‍ ശ്രമിക്കുകയാണ്. നേരിട്ട് കാണുന്നു, സ്വീകരണ പര്യടനങ്ങളിലൂടെ എല്ലാവരിലേക്കും എത്തിച്ചേരാന്‍ ശ്രമിക്കുന്നു. എതിര്‍ സ്ഥാനാര്‍ഥിയെക്കുറിച്ച് ഒന്നും വ്യക്തിപരമായി പറയാനില്ല. കായംകുളത്തിന്റെ വികസനവും മണ്ഡലത്തിന്റേതായ കാര്യങ്ങളും രാഷ്ടീയപരമായി ഉന്നയിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.' 

കായംകുളത്തിന്റെ 'എല്‍സമ്മ' 

ജില്ലാ പഞ്ചായത്ത് വിജയത്തിന് പിന്നില്‍ ക്ഷീരകര്‍ഷക എന്ന ലേബല്‍ ഗുണം ചെയ്തു എന്ന് ഉറച്ചു വിശ്വസിക്കുന്നു അരിത. ജില്ലാ പഞ്ചായത്ത് അംഗമായിരുന്നതിനാല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട അനുഭവമുണ്ട്. ക്ഷീരകര്‍ഷകയായതിനാല്‍ തന്നെയാണ് ജില്ലാ പഞ്ചായത്തില്‍ വിജയിക്കാന്‍ സാധിച്ചതെന്നാണ് കരുതുന്നത്. രാവിലെ മുതല്‍ പാല് കൊടുക്കാന്‍ വീടുകളിലേക്ക് പോകും. ഈ വീടുകളിലും പോകുന്ന വഴികളിലുമെല്ലാം എല്ലാവരേയും വിളിച്ച്, സംസാരിച്ചാണ് പോകുന്നത്. അപ്പോള്‍ നാട്ടിലെ 'എല്‍സമ്മ'യാക്കി നാട്ടുകാര്‍ മാറ്റി. ജില്ലാ പഞ്ചയത്ത് തിരഞ്ഞെടുപ്പിലും അത് ഗുണകരമായി. - പഴയകാര്യം ഓര്‍ത്തെടുക്കുമ്പോള്‍ അരിതയുടെ മുഖത്ത് ചിരി വിടര്‍ന്നു.

aritha babu
അരിത ബാബു പ്രചാരണത്തില്‍

ചെല്ലുന്നിടത്തെല്ലാം വലിയ സ്വീകാര്യതയാണെന്ന് പറയുന്നു അരിത. 'പ്രതീക്ഷിച്ചതിലും നന്നായി ആളുകളുടെ പിന്തുണയുണ്ട്. എല്ലാവരുടേയും ഭാഗത്തുനിന്ന് നല്ല സമീപനമാണ്. നാട്ടുകാരി പെണ്‍കുട്ടി എന്ന പരിഗണന എല്ലാവര്‍ക്കുമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി യുവാക്കള്‍ക്ക് പരിഗണന നല്‍കിയത് ആളുകള്‍ സ്വീകരിച്ചു എന്നാണ് തോന്നുന്നത്. ചെറുപ്രായത്തില്‍ നാട്ടിലെ പെണ്‍കുട്ടിക്ക് പാര്‍ട്ടി നല്‍കിയ അംഗീകാരം ആളുകള്‍ പോസിറ്റീവായി തന്നെ സ്വീകരിച്ചു.'  നാട്ടുകാരുടെ പിന്തുണയെക്കുറിച്ച് അതിര സന്തോഷം പങ്കുവെച്ചു. 

കായംകുളത്തുനിന്നുള്ള സ്ഥാനാര്‍ഥിയായതിനാല്‍ മണ്ഡലത്തിന്റെ പള്‍സ് മനസിലാക്കി മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് അരിയുടെ വിശ്വസം. 'കഴിഞ്ഞ 15 വര്‍ഷമായി കായംകുളത്ത് വികസന പ്രവര്‍ത്തനങ്ങള്‍ പിന്നോട്ട് പോയ അവസ്ഥയാണ്. ആ ആവസ്ഥയ്ക്ക് ഒരു മാറ്റം ഇവിടുത്തെ ജനങ്ങള്‍ ഉറപ്പായും ആഗ്രഹിക്കുന്നുണ്ട്. കായംകുളത്ത് 100 ശതമാനം വിജയപ്രതീക്ഷയൊടെയാണ് മുന്നോട്ട് പോകുന്നത്.' അവര്‍ പ്രതീക്ഷകള്‍ പങ്കുവെച്ചു.

ആവേശമാണ് അരിത

കായംകുളത്തേക്ക് കായംകുളത്തുകാരിയായ സ്ഥാനാര്‍ഥിയായി അതിര എത്തുമ്പോള്‍ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. പ്രചരണത്തിലും അത് ദൃശ്യമാണ്. കാത്തിനില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സെല്‍ഫി എടുത്തു നീങ്ങിയ സ്ഥാനാര്‍ഥിയെ കണ്ടപ്പോള്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വികാരാധീനനായി. മുന്നിലേക്ക് വരാന്‍ മടിച്ചുനിന്ന അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ച് കൂടെക്കൂട്ടി അരിത. ചൂട് ശമിപ്പിക്കാന്‍ ഇടയക്ക് പ്രവര്‍ത്തകരുടെ വക കരിക്കിന്‍ വെള്ളവും. അതോടെ സ്ഥാനാര്‍ഥി വീണ്ടും ടോപ് ഗിയറില്‍ പ്രചാരണത്തിന്. 

aritha babu
പ്രവര്‍ത്തകര്‍ക്കൊപ്പം അരിത

നിശ്ചയിച്ചതിലും വൈകി ആരംഭിച്ച രാവിലത്തെ പ്രചാരണം അവസാനിക്കുമ്പോള്‍ സമയം ഉച്ചക്ക് മൂന്ന് മണി. ഭക്ഷണം  ഉപേക്ഷിച്ച് അവര്‍ക്കൊപ്പം പ്രചാരണത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇടയ്ക്ക് കിട്ടിയ ഒരു കുപ്പി വെളത്തിന്റെ പുറത്താണ് വോട്ട് അഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥിക്കൊപ്പമുള്ള ഓട്ടം. പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളും.

മണ്ഡലത്തിന്റെ മുക്കിലും മൂലയിലും അവര്‍ അരിതയ്ക്കൊപ്പം ഓടിയെത്തുന്നു. അത് തന്നെയാണ് അരിതയുടെ ആവേശം. മേല്‍നോട്ടം വഹിച്ചുകൊണ്ട് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സവിത രഘുവും ഓടി നടക്കുന്നു. 

aritha babu
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു സെല്‍ഫി

സാധാരണക്കാരോടൊപ്പം പ്രവര്‍ത്തിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോള്‍, സഹോദരനും അമ്മയും വീട്ടിലെ ജോലികളില്‍ അച്ഛനെ സഹായിക്കുന്നതിനാല്‍ ഒന്ന് ഫ്രീയായി. എന്നാലും ക്ഷീരകര്‍ഷക എന്ന പേര് വിടാന്‍ ഉദ്ദേശമില്ല- നിയമസഭയില്‍ എത്തിയാലും ജീവിതമാര്‍ഗത്തിന് വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്ന് ആവര്‍ത്തിക്കുന്നു അരിത. 

 

Content Highlights: A day with Aritha Babu, the Young women candidates from Kayamkulam