കോഴിക്കോട്:  പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രാവിലെ യോഗം ചേരും. സിപിഎം മന്ത്രിമാരുടെ വകുപ്പായിരിക്കും ആദ്യം തീരുമാനിക്കുക. തുടര്‍ന്ന് ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട വകുപ്പുകള്‍ നിശ്ചയിക്കും.

പുതുതായി എത്തിയ കേരള കോണ്‍ഗ്രസ് എമ്മിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഐഎന്‍എലിനും വകുപ്പ് കണ്ടെത്തണം. രാമചന്ദ്രന്‍ കടന്നപ്പള്ളി ആദ്യ ടേമില്‍ ഇല്ലാത്തതുകൊണ്ട് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന തുറമുഖം പൊതുപൂളില്‍ വരും.

പ്രധാന വകുപ്പുകളായ റവന്യുവും കൃഷിയും സിവില്‍ സപ്ലൈസും തുടര്‍ന്നും സിപിഐ കൈവശം വച്ചേക്കും. വനം വകുപ്പ് വിട്ടുനല്‍കാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പകരം രജിസ്‌ട്രേഷനാണ് താത്പര്യപ്പെടുന്നത്. അതിലും ഇന്ന് തീരുമാനമാകും. കെ.കെ ശൈലജയെ ഒഴിവാക്കിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ആര്‍ക്കായിരിക്കും സിപിഎം നല്‍കുക എന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

മുന്നണിയിലെ മൂന്നാമത്തെ കക്ഷി എന്ന നിലയില്‍ ജലസേചനം, വൈദ്യുതി, പൊതുമരാമത്ത് ഇതില്‍ ഏതെങ്കിലും ഒരുവകുപ്പ് റോഷി അഗസ്റ്റിന് നല്‍കിയേക്കും എന്‍സിപിയുടേയും ജെഡിഎസ്സിന്റെയും വകുപ്പുകളില്‍ മാറ്റമുണ്ടാകാം.

ആന്റണി രാജുവിന് ഫിഷറീസ് വകുപ്പ് നല്‍കിയേക്കും. പ്രധാന വകുപ്പുകളായ ധനകാര്യം, തദ്ദേശ സ്വയംഭരണം, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ സിപിഎം തന്നെ തുടര്‍ന്നും വഹിക്കും. ധനകാര്യം കെ.എന്‍ ബാലഗോപാലിന് ലഭിക്കാനാണ് എല്ലാ സാധ്യതയും.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദന്‍ കെ രാധാകൃഷ്ണന്‍ ഒപ്പം സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് ഇവര്‍ക്ക് മൂന്നു പേര്‍ക്കും പ്രധാന വകുപ്പുകളാകും ലഭിക്കുക. തദ്ദേശ സ്വയംഭരണം, വ്യവസായം, നിയമം, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളില്‍ ഏതിലേക്കെങ്കിലുമാകും ഇവര്‍ നിയോഗിക്കപ്പെടുക. മുന്‍പരിചയമുള്ളതിനാല്‍ പാര്‍ലമെന്ററി കാര്യം കൂടി കെ രാധാകൃഷ്ണന് നല്‍കാനിടയുണ്ട്. സജി ചെറിയാനും പ്രധാനപ്പെട്ട വകുപ്പുകളില്‍ ഒന്ന് ലഭിക്കും. 

ആര്‍ ബിന്ദുവിന് വിദ്യാഭ്യാസവും വീണ ജോര്‍ജിന് ആരോഗ്യവും ലഭിക്കാന്‍ സാധ്യതയുണ്ട്. വി.എന്‍ വാസവന് എക്‌സൈസും വി.ശിവന്‍കുട്ടിക്ക് ദേവസ്വത്തിന് പുറമെ സഹകരണം തൊഴില്‍ ഇതില്‍ ഏതെങ്കിലും ഒരു വകുപ്പ് കൂടി കിട്ടിയേക്കാം. ടൂറിസം, സ്‌പോര്‍ട്‌സ് യുവജനകാര്യം മുഹമ്മദ് റിയാസിന് കിട്ടാനാണ് സാധ്യത.

സിപിഐയില്‍ കെ രാജന് റവന്യുവും പി പ്രസാദിന് കൃഷിയും ജി ആര്‍ അനില് സിവില്‍ സപ്ലൈസും ചിഞ്ചുറാണിക്ക് മൃഗസംരക്ഷണം, ഭവനനിര്‍മ്മാണം എന്നീ വകുപ്പുകള്‍ കിട്ടാനാണ് സാധ്യത