തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്നും അഗ്നി പരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ച ആളാണ് അദ്ദേഹമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. മാതൃഭൂമി ന്യൂസിന്റെ ലീഡേഴ്‌സ് വോയ്‌സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാറില്ല. എന്നാല്‍ രാഷ്ട്രീയ ബഹുജന സമരങ്ങളിലൂടെ ചിലര്‍ നാടിന്റെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി ഉയര്‍ന്നുവരും. ഒരു തീരുമാനവും കൂടാതെ ജനം നെഞ്ചിലേറ്റുന്നവർ പ്രചാരണ ബോര്‍ഡുകളിലും ഫ്ളക്‌സുകളിലുമൊക്കെ വരും. പാര്‍ട്ടിയുടെ സെക്രട്ടറിയായി അഗ്നിപരീക്ഷണങ്ങളിലെല്ലാം പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായി വിജയന്‍. അദ്ദേഹം സര്‍ക്കാരിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തു. അപ്പോള്‍ ജനങ്ങള്‍ നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണ്', ബേബി പറഞ്ഞു.

പിണറായി വിജയനടക്കം ഓരോ അംഗങ്ങള്‍ക്കും അവരുടെ അനുഭവസമ്പത്തും സീനിയോറിറ്റിയും അനുസരിച്ച് പാര്‍ട്ടി ഫോറങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിന് കൊടുക്കേണ്ട മൂല്യവും പാര്‍ട്ടികൊടുക്കും. മുണ്ടുടുത്ത മോദിയെന്ന ആഭാസകരമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നവര്‍ ആരാണ്?

കോണ്‍ഗ്രസ് നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് 23 പേര്‍ ചേര്‍ന്ന് കത്തെഴുതേണ്ടി വന്നു. കുടുംബത്തില്‍ പെട്ടവര്‍ മാറിയും തിരിഞ്ഞും ഭാരവാഹിയായി തുടരുന്നത് കോണ്‍ഗ്രസിന്റെ ഭാവിക്ക് നല്ലതല്ലെന്ന് പറഞ്ഞാണ് 23 പേര്‍ കത്തെഴുതിയത്. ആ കത്ത് ചവറ്റുക്കുട്ടയില്‍ വലിച്ചിട്ടവരാണ് ഏകാധിപതിയായ മോദിയേയും ജനാധിപത്യത്തിന് വേണ്ടി പൊരുതുന്ന പിണറായിയേയും താരതമ്യം ചെയ്യുന്നത്. ഇതിനെ ആശയപരമായ പാപ്പരത്തം എന്നേ പറയാനുള്ളൂവെന്നും ബേബി പറഞ്ഞു.