കോഴിക്കോട്: തുടര്‍ഭരണത്തോടെ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ സി.പി.എമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷമെന്ന ചരിത്രനേട്ടം നഷ്ടമായത് വെറും നാലുസീറ്റിന്റെ കുറവുകൊണ്ട്. എങ്കിലും കേരളത്തിന്റെ സമീപകാലചരിത്രത്തില്‍ ആര്‍ക്കും ലഭിച്ചില്ലാത്ത ഈ നേട്ടത്തിന് തൊട്ടടുത്തെത്താനായെന്നതില്‍ പാര്‍ട്ടിക്ക് അഭിമാനിക്കാം. ഒറ്റയ്ക്ക് ഭൂരിപക്ഷത്തിന് 71 സീറ്റ് വേണമെന്നിരിക്കെ സി.പി.എമ്മിന് 67 സീറ്റ് ലഭിച്ചു.

2001-ല്‍ 99 സീറ്റുമായി യു.ഡി.എഫ്. അധികാരത്തിലേറിയപ്പോള്‍ കോണ്‍ഗ്രസിന് 62 സീറ്റ് ലഭിച്ചിരുന്നു. 2006-ല്‍ 98 സീറ്റുമായി വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ സി.പി.എമ്മിന് കിട്ടിയത് 61 സീറ്റാണ്. ഈ നേട്ടങ്ങളെ മറികടക്കാന്‍ ഇപ്പോള്‍ സി.പി.എമ്മിനു കഴിഞ്ഞു.

19.57-ല്‍ ബാലറ്റിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി അന്നത്തെ സി.പി.ഐ. മാറിയപ്പോള്‍ 126 സീറ്റില്‍ 60 എണ്ണം ലഭിച്ചിരുന്നു. എന്നാല്‍, 1960-ല്‍ കോണ്‍ഗ്രസ് 63 സീറ്റുനേടി ഒറ്റയ്ക്ക് ഭൂരിപക്ഷമെന്ന നേട്ടത്തിന്റെ പടിവാതില്‍ക്കലെത്തി.

1967-ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണിക്ക് മൊത്തം 133 സീറ്റ് ലഭിച്ചപ്പോള്‍ സി.പി.എമ്മിനുമാത്രം 52 സീറ്റ് കിട്ടി. കോണ്‍ഗ്രസിന് ലഭിച്ചത് വെറും ഒമ്പതുസീറ്റ്. അന്ന് പ്രതിപക്ഷനേതാവായ കെ. കരുണാകരന്‍ പിന്നീട് കേരളത്തിലെ ശക്തനായ ഭരണാധികാരിയായതും ചരിത്രം. വന്‍ഭൂരിപക്ഷമുണ്ടെങ്കിലും ഭിന്നതകള്‍മൂലം ഇ.എം.എസിന് രണ്ടുവര്‍ഷം പോലും ഭരിക്കാനായില്ല.

അന്തച്ഛിദ്രങ്ങളും വഴക്കും നിറയെ ഉണ്ടായെങ്കിലും ഇരുമുന്നണികളും മാറിമാറി ഭരിച്ച് സുസ്ഥിരഭരണമെന്ന അവസ്ഥയുണ്ടായത് 1982-നുശേഷമാണ്. യഥാര്‍ഥത്തില്‍ കേരള നിയമസഭാചരിത്രത്തിന്റെ രണ്ടാംഘട്ടമാണിത്. ഒന്നാംഘട്ടത്തില്‍ പ്രബലമായി നിലനിന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പലതും ഇല്ലാതായി. ഉള്ളവയാകട്ടെ ശോഷിച്ചു. അധികാരലക്ഷ്യത്തോടെ സാമുദായിക ചേരിതിരിവിന്റെ ശക്തിപ്രാപിക്കല്‍കൂടി രണ്ടാംഘട്ടത്തില്‍ ശക്തമായി. കേരള കോണ്‍ഗ്രസുകള്‍ വളരുന്തോറും പിളര്‍ന്നു. 2016-ല്‍ നേമത്ത് സീറ്റുനേടാനാകുംവിധം ബി.ജെ.പി.യും ശക്തമായി. സീറ്റുകളുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നില്ലെങ്കിലും ഓരോ തിരഞ്ഞെടുപ്പുകഴിയുന്തോറും ബി.ജെ.പി.യുടെ വോട്ടുവിഹിതം വര്‍ധിച്ചു.