തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന ഒരു സര്‍ക്കാരിന്‌ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ അവകാശമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍. മുഖ്യമന്ത്രി കള്ളവോട്ടിനെ ന്യായീകരിച്ചിരിക്കുകയാണ്. സിപിഎം സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത് ഭൂമി ഉണ്ടായത് മുതല്‍ ഇരട്ടവോട്ടുകളുണ്ടന്നാണ്. ഭൂമി ഉണ്ടായത് മുതലല്ല സിപിഎം ഉണ്ടായത് മുതലാണ് ഇരട്ടവോട്ടും ഉണ്ടായത്. സിപിഎമ്മും കള്ളവോട്ടും ഇരട്ടകുട്ടികളാണെന്നും ഹസ്സന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ്. എന്നാല്‍ വികസനത്തിന്റെ മറവില്‍ നടന്ന അഴിതിയെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം. അഴിമതി നടത്തി കോടികള്‍ സമ്പാദിച്ച് കേരളത്തിന്റെ പൊതുമുതല്‍ കൊള്ളയടിച്ച ഒരു മുഖ്യമന്ത്രി വോട്ട് അട്ടിമറക്കാന്‍കൂടി ശ്രമിക്കുകയാണ്. പി.ആര്‍.ഏജന്‍സികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ഓരോ സംസ്ഥാനത്തും കേന്ദ്ര ഏജന്‍സികള്‍ക്ക് ഓരോ സ്വഭാവമാണ്. ഇവിടേക്ക് കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി വിളിച്ച് വരുത്തുകയായിരുന്നു. അഴിമതിയുടെ കപ്പലിലെ കപ്പിത്താനാണ് മുഖ്യമന്ത്രിയെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.