കോഴിക്കോട്:  2021-ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി സി.പി.ഐ. മത്സരിച്ച 25 സീറ്റുകളില്‍ 17 ഇടത്താണ് സി.പി.ഐ. സ്ഥാനാര്‍ഥികള്‍ വിജയിക്കുകയോ മുന്നിട്ടുനില്‍ക്കുകയോ ചെയ്യുന്നത്. ലീഡ് ചെയ്യുന്ന മിക്ക സീറ്റുകളിലും വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട താമസമേയുള്ളൂ. 

2016-ല്‍ 27 സീറ്റുകളില്‍ മത്സരിച്ച സിപിഐ 19 സീറ്റുകളില്‍ വിജയിച്ചിരുന്നു. ഇത്തവണ കേരള കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശനം കാരണം ഏതാനും സീറ്റുകള്‍ സിപിഐ വിട്ടുനല്‍കുകയായിരുന്നു. 

ചിറയിന്‍കീഴ്, നെടുമങ്ങാട്, പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍, അടൂര്‍, ചേര്‍ത്തല, വൈക്കം, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക, കയ്പമംഗലം, കൊടുങ്ങല്ലൂര്‍, പട്ടാമ്പി, നാദാപുരം, കാഞ്ഞങ്ങാട്, പീരുമേട്, എന്നിവിടങ്ങളിലാണ് സി.പി.ഐയുടെ മുന്നേറ്റം. അതേസമയം, സിറ്റിങ് സീറ്റായ കരുനാഗപ്പള്ളി ഇത്തവണ സി.പി.ഐയെ കൈവിട്ടു. ഹരിപ്പാട്, പറവൂര്‍, മണ്ണാര്‍ക്കാട്, ഏറനാട്, മഞ്ചേരി, തിരൂരങ്ങാടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ സി.പി.ഐ. സ്ഥാനാര്‍ഥികള്‍ പിന്നിലാണ്. ഇതില്‍ മൂവാറ്റുപുഴയിലും തിരൂരങ്ങാടിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം, കരുനാഗപ്പള്ളിയില്‍ സിറ്റിങ് എം.എല്‍.എ. ആര്‍. രാമചന്ദ്രന്‍ യു.ഡി.എഫിലെ സി.ആര്‍. മഹേഷില്‍നിന്നും ദയനീയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 

തുടര്‍ഭരണമെന്ന ചരിത്രനേട്ടം സ്വന്തമാക്കി എല്‍.ഡി.എഫ്. വീണ്ടും അധികാരത്തിലേറുമ്പോള്‍ സിപിഐയ്ക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇത് അഭിമാനനിമിഷമാണ്. പിണറായി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷി എന്നനിലയില്‍ സി.പി.ഐയുടെ പിന്തുണയും വലുതായിരുന്നു. കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തിയപ്പോള്‍ സീറ്റ് വിഭജനത്തെച്ചൊല്ലി വലിയ തര്‍ക്കത്തിന് മുതിരാതെ സി.പി.ഐ. മുന്നണി മര്യാദ പാലിച്ചു. ലഭിച്ച സീറ്റുകളില്‍ മുന്നണിയ്‌ക്കൊപ്പം ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇനി അടുത്ത മന്ത്രിസഭയിലും സി.പി.എം. കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രാതിനിധ്യം ലഭിക്കുക സി.പി.ഐയ്ക്കാണ്.