കോഴിക്കോട്: സീറ്റ് വിഭജനം ചര്‍ച്ചചെയ്യാന്‍ ഇന്ന് സി.പി.എം.-സി.പി.ഐ. നേതാക്കളുടെ കൂടിക്കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനവും പങ്കെടുക്കുന്ന ചര്‍ച്ച വൈകിട്ട് എ.കെ.ജി. സെന്ററിലാകും നടക്കുക. എല്‍.ജെ.ഡിയും കേരള കോണ്‍ഗ്രസും ഇടതു മുന്നണിയിലേക്ക് വന്ന സ്ഥിതിക്ക് ഈ പാര്‍ട്ടികള്‍ക്കു നല്‍കേണ്ട സീറ്റുകള്‍, അതിന് പകരമായി വീതിക്കേണ്ട സീറ്റുകള്‍, വച്ചുമാറേണ്ടവ എന്നീകാര്യങ്ങളിലാകും ഇന്ന് പ്രാഥമിക ചര്‍ച്ചയുണ്ടാവുക.
ആദ്യം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും കേരള കോണ്‍ഗ്രസിന് കാഞ്ഞിരപ്പള്ളി സീറ്റ് നല്‍കാന്‍ സി.പി.ഐ. സന്നദ്ധമാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പകരം പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ ആകും ലഭിക്കുക. ചങ്ങനാശ്ശേരി കൊടുത്താല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇത്തവണ സീറ്റ് ഉണ്ടാവില്ല.
സീറ്റ് വച്ചുമാറുന്ന ചര്‍ച്ചകള്‍ മുഖ്യമായും നടക്കുന്നത് ഹരിപ്പാട്, പറവൂര്‍ സീറ്റികളെ ചൊല്ലിയാണ്. ഇടത് കോട്ടയായിരുന്ന പറവൂര്‍ വി.ഡി. സതീശന്‍ പിടിച്ചെടുത്ത ശേഷം ഇതുവരെ അവിടെ ജയിക്കാന്‍ ഇടതിനായിട്ടില്ല. പന്ന്യന്‍ രവീന്ദ്രന്‍ വരെ മത്സരിച്ചെങ്കിലും തോറ്റു. ഈ പശ്ചാത്തലത്തില്‍ സീറ്റ് ഏറ്റെടുത്ത് ഒരു കൈ നോക്കാനുള്ള ആലോചന സി.പി.എമ്മിനുണ്ട്. പകരം ഏത് സീറ്റ് എന്നതിനെ ആശ്രയിച്ചാകും വച്ചുമാറ്റത്തിന്റെ ഭാവി. പിറവം ആണ് പരിഗണനയില്‍. പക്ഷേ, പെരുമ്പാവൂര്‍ അല്ലെങ്കില്‍ പിറവം. രണ്ടിലൊന്ന് ജോസ് കെ. മാണി പക്ഷത്തിന് കൊടുക്കേണ്ടിവരും. പെരുമ്പാവൂര്‍ ജോസ് ഉറപ്പിച്ചാല്‍ മിക്കവാറും പറവൂരിന് പകരം പിറവത്ത് സി.പി.ഐ. മത്സരിച്ചേക്കാം.
രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഇത്തവണ ഉശിരന്‍ പോരാട്ടത്തിനാണ് സി.പി.എം. കോപ്പുകൂട്ടുന്നത്. കടുത്ത പോരാട്ടം നടത്തിയിട്ടും ചെന്നിത്തലയെ തോല്‍പിക്കാന്‍ കഴിയാത്തതിനാല്‍ ആ സീറ്റ് ഏറ്റെടുത്ത് ഇത്തവണ ഒരു കൈനോക്കാനുള്ള ആലോചന ജില്ലാ ഘടകത്തിലുണ്ട്. പകരമായി സി.പി.ഐക്ക് നല്‍കാന്‍ ആലോചിക്കുന്നത് അരൂര്‍ സീറ്റാണ്. ഉള്‍പ്പാര്‍ട്ടി പ്രശ്‌നം സി.പി.എമ്മിന് വെല്ലുവിളിയായതാണ് ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടയാക്കിയതെന്ന ചിന്തയുടെ കൂടി ആടിസ്ഥാനത്തിലാണ് വച്ചുമാറ്റ ആലോചന നടക്കുന്നത്.
എല്‍.ജെ.ഡിക്കും കേരള കോണ്‍ഗ്രസിനും സീറ്റുകള്‍ കണ്ടെത്തണം. ഇതിനായി എല്ലാ പാര്‍ട്ടികളും വിട്ടുവീഴ്ച ചെയ്യണമെന്നാണ് സി.പി.എം. മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം. ഇന്നത്തെ ചര്‍ച്ചയില്‍ വച്ചുമാറ്റത്തിനപ്പുറം വിട്ടുവീഴ്ച എന്ന ആവശ്യത്തില്‍ സി.പി.ഐ. നിലപാട് നിര്‍ണായകമാകും.
ഏറനാട്, മഞ്ചേരി, തിരൂരങ്ങാടി സീറ്റുകള്‍ ഒഴികെയുള്ള തോറ്റ സീറ്റുകള്‍ വിട്ടുനല്‍കണമെങ്കില്‍ പകരം സീറ്റ് കിട്ടിയേ തീരു എന്ന നിലപാട് സി.പി.ഐ. മുന്നോട്ടുവച്ചേക്കും. ഇരിക്കൂര്‍ ജോസ് വിഭാഗത്തിന് നല്‍കിയാല്‍ പകരം കണ്ണൂരില്‍ ഒരു സീറ്റ് സി.പി.ഐ. ചോദിക്കും. അത് പേരാവൂര്‍ ആകാനാണ് സാധ്യത. കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച സി.പി.ഐ. 19 ഇടത്തും ജയിച്ചു.
Content Highlights: CPI - CPM seat sharing talks today