കോഴിക്കോട്:  കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ 'ഐശ്വര്യ കേരളയാത്ര'യുടെ പരസ്യത്തില്‍ വന്ന അബദ്ധം ഗൗരവകരമായ വീഴ്ചയാണെന്ന് പത്രത്തിന്റെ എം.ഡി.യുടെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

കാസര്‍കോട് പ്രാദേശികമായി തയ്യാറാക്കിയ പരസ്യമായിരുന്നു അത്. പ്രിന്റിങ്ങിന് മുമ്പ് അവസാനനിമിഷങ്ങളില്‍ എത്തിയ പരസ്യമാണെന്നാണ് പത്രത്തിന്റെ ഡെസ്‌ക്കില്‍നിന്നുള്ള വിശദീകരണം. എന്തായാലും വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരസ്യം തയ്യാറാക്കിയവരെ വിളിച്ചുവരുത്തിയിട്ടുണ്ട്. സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടായോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും ജെയ്‌സണ്‍ ജോസഫ് വ്യക്തമാക്കി. 

അതേസമയം, വിവാദ പരസ്യത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് 'വീക്ഷണ'വും അറിയിച്ചു. ഐശ്വര്യകേരള യാത്രയുടെ തിളക്കം കെടുത്താന്‍ ആസൂത്രിത നീക്കമുണ്ടായെന്നും സി.പി.എമ്മുമായി ചേര്‍ന്ന് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച്, പത്രത്തില്‍ അട്ടിമറിശ്രമം നടത്തിയവര്‍ക്കെതിരേ മാനേജ്‌മെന്റ് നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വിശദീകരിച്ചു. 

Read Also: ഐശ്വര്യ കേരളയാത്രയ്ക്ക് 'ആദരാഞ്ജലികള്‍'; യാത്ര തുടങ്ങും മുമ്പ് അബദ്ധം പിണഞ്ഞ് യുഡിഎഫിന്റെ പരസ്യം....

പേജിന്റെ അവസാനപ്രൂഫ് വായന കഴിഞ്ഞ് അംഗീകാരം നല്‍കിയതിന് ശേഷമാണ് അട്ടിമറി നടന്നതെന്നും ഒരു സ്വകാര്യ സ്ഥാപനമാണ് പരസ്യം ചെയ്തതെന്നും സപ്ലിമെന്റിലെ പേജുകള്‍ അവിടെനിന്ന് പ്രസ്സിലേക്ക് നേരിട്ട് അയച്ചതാണെന്നും കുറിപ്പിലുണ്ട്. വീക്ഷണത്തിനെതിരേ സി.പി.എമ്മിന് വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കുന്ന വ്യക്തികളുടെ സ്വാധീനത്തിലാണ് സ്വകാര്യ സ്ഥാപനം ഇത് ചെയ്തതെന്നും സി.പി.എമ്മിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും വീക്ഷണം ആരോപിച്ചു. 

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച 'ഐശ്വര്യകേരള യാത്ര'യുടെ പരസ്യത്തിലാണ് അബദ്ധം സംഭവിച്ചത്. പരസ്യത്തില്‍ യാത്രയ്ക്ക് ആശംസകള്‍ എന്ന വാക്കിന് പകരം ആദരാഞ്ജലികള്‍ എന്നാണ് അച്ചടിച്ച് വന്നത്. ആദരാഞ്ജലികളോടെ എന്നതിന് ആദരവോടെയുള്ള കൂപ്പുകൈ എന്നാണ് വാച്യാര്‍ഥമെങ്കിലും സാധാരണ ഗതിയില്‍ മരണവുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലാണ് ഈ പ്രയോഗം നടത്താറുള്ളത്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ഇത് ട്രോളുകളായി പ്രചരിക്കുകയാണ്.

Content Highlights: controversary on veekshanam daily advertisement about aishwarya kerala yatra